തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയിൽ പരാതി. കുണ്ടറ പീഡന പരാതി ഒത്തുതീർക്കാൻ ഇടപെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.

മുഖ്യമന്ത്രിക്ക് പുറമേ, ആരോപണ വിധേയനായ മന്ത്രി എ കെ ശശീന്ദ്രനെതിരെയും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയേയും ശശീന്ദ്രനേയും പുറത്താക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയും, മന്ത്രി ശശീന്ദ്രനും ചീഫ് സെക്രട്ടറിയും ഗുരുതര കൃത്യവിലോപം കാട്ടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം എന്നിവ നടത്തിയെന്ന് കാണിച്ച് വിവരാവകാശ പ്രവർത്തകൻ നവാസ് കഴിഞ്ഞദിവസം ലോകായുക്തയിൽ പരാതി നൽകിയിരുന്നു.

കുണ്ടറയിൽ എൻസിപി നേതാവ് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ, പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ശശീന്ദ്രൻ യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ഫോൺ സംഭാഷണം പുറത്തെത്തിയിരുന്നു.