- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ സമ്മേളനത്തിന് മന്ത്രിസഭയുടെ ശുപാർശയില്ല; സമ്മേളന തീയതി നിശ്ചയിച്ചാൽ ലോകായുക്തയിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന ആശങ്ക ശക്തം; രാജ്ഭവനിൽ സമ്മർദ്ദം ചെലുത്തി ഓർഡിനൻസ് കൊണ്ടു വരാനുറച്ച് സർക്കാർ; ഭരണഘടനാ ലംഘനമോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന ശുപാർശയും അതിന്റെ ഭാഗം; ഗവർണ്ണർ ആ ഫയലിൽ ഒപ്പിടുമോ?
തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി നടത്തുന്നതിൽ സർക്കാർ വിശദീകരണം നൽകിയതിന് പിന്നാലെ ഇനി ഗവർണറുടെ നീക്കം നിർണ്ണായകമാകും. പുതയ നിയമഭേഗതി ഓർഡിനൻസിൽ ഗവർണർ ഇന്ന തന്റെ നിലപാട് സ്വീകരിച്ചേക്കും. ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കുകയാണെങ്കിൽ പ്രതിപക്ഷം നിയമനടപടികളിലേക്ക് പോകുമെന്നാണ് സൂചന. ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചാൽ സർക്കാരിന് അത് വൻ തിരിച്ചടിയായി മാറും. അതിനിടെ നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാതെ മന്ത്രിസഭാ യോഗം തീരുമാനം വൈകിപ്പിക്കുകയാണ്.
നിയമസഭാ സമ്മേളനത്തിന്റെ തീയതിയിൽ ഗവർണ്ണർക്ക് ശുപാർശ നൽകിയാൽ പിന്നെ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്ന സംശയം സർക്കാരിനുണ്ട്. ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടാൽ അതിന് ഭരണഘടനാ പ്രശ്‌നമൊന്നുമില്ലെന്ന് വാദിക്കാൻ സർക്കാരിനാകും. അതുകൊണ്ട് തന്നെ ഓർഡിനൻസ് അതേ പോലെ നിയമസഭയിൽ അവതരിപ്പിക്കാനും സർക്കാരിനാകും. ഈ സാഹചര്യത്തിൽ ബജറ്റ് സമ്മേളനത്തിനുള്ള തീയതി നീട്ടികൊണ്ടു പോകുന്നത്. എങ്ങനേയും ഓർഡിനൻസായി സമ്മർദ്ദം ചെലുത്താനാണ് നീക്കം.
ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് പ്രകാരം പൊതുപ്രവർത്തകർ അഴിമതി നടത്തിയാൽ പദവയിൽ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്ന മറുപടിയാണ് സർക്കാർ ഗവർണർക്ക് നൽകിയിരിക്കുന്നത്.അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്. ലോക്പാൽ നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകായുക്ത എന്നത് സംസ്ഥാന വിഷയമാണ്.അതുകൊണ്ട് തന്നെ നിയമഭേദഗതി സംസ്ഥാന സർക്കാരിന് വരുത്താൻ കഴിയും . നിയമത്തിൽ മാറ്റം കൊണ്ടുവരുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നും സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്.
വിഷയത്തിൽ വിവാദങ്ങൾ ശക്തമായതിന് പിന്നാലെയാണ് ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ ഇടപെടൽ ഉണ്ടായത്. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതികളിൽ വിശദീകരണം വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. യുഡിഎഫ് ആണ് ഗവർണർക്ക് പരാതി നൽകിയത്. ലോകായുക്തയ്ക്ക് ഇപ്പോൾ ഉള്ള അധികാരം എടുത്ത് മാറ്റി നിയമ നിർമ്മാണം കൊണ്ടുവരാനാണ് സർക്കാർ നീക്കം. ലോകയുക്ത പുരപ്പെടുവിക്കുന്ന വിധി സർക്കാരിന് തള്ളികളയാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇതിലൂടെ ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും സർക്കാർ ഇളവ് ചെയ്യും.
സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ഇപ്പോൾ ലോകായുക്ത ആകുന്നത്.ഈ പദവി ഇളവ് ചെയ്യുന്നതിനാൽ പുതിയ ഭേദഗതിയിലൂടെ ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാൻ സാധിക്കും . ഹെക്കോടതിയിൽ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി ഗവർണർ അംഗീകരിച്ചാൽ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസിൽ ഗവർണർ ഒപ്പ് വച്ചാൽ ലാകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമുള്ള ഒന്നായി മാറും.
2020 ഡിസംബറിൽ ആണ് ലോകായുക്താ ഭേദഗതി ചർച്ചകൾ ആരംഭിച്ചത് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് നിയമഭേദഗതി നടത്തണമെന്ന നിർദ്ദേശം ആഭ്യന്തര വകുപ്പിന് കൈമ്രിയത്. ആഭ്യന്തര വകുപ്പാണ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറിയതും . മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായി പരാതികൾ ലോകയുക്തയ്ക്ക് മുന്നിൽ നിലനിൽക്കേയാണ് നിയമ ഭേദഗതിക്കായുള്ള സർക്കാർ നീക്കം.
മുഖ്യമന്ത്രിക്ക് എതിരെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക വകമാറ്റിയെന്നുള്ള പരാതിയാണ് ലോകായുക്തയിൽ നിലവിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പൊലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നതൊക്കെയാണ് മുഖ്യമന്ത്രിക്ക് എതിരായുള്ള കേസുകൾ.
കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ്മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെയും ലോകായുക്തയിൽ കേസ് വന്നത്. മുൻപ് ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു.വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ.
തുടർന്നാണ് ജലീൽ മന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ ലോകായുക്തയുടെ വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. ഇത്തരത്തിൽ പ്രവര്ത്തിച്ചിരുന്ന ലോകായുക്തക്കെതിരെയാണ് ഇപ്പോൾ സർക്കാർ നീക്കം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ