- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഓർഡിനൻസിന് സ്റ്റേ ഇല്ല; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; രാഷ്ട്രപതിയുടെ അനുമതിയില്ലാത്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ഹർജിക്കാരൻ; സിപിഐയുടെ പ്രതിഷേധത്തിനിടെയും സ്റ്റേ ഇല്ലാത്തത് സർക്കാറിന് ആശ്വാസം
കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിന് സ്റ്റേയില്ല. സർക്കാർ നടപടിക്ക് എതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചെങ്കിലും സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘാടന വിരുദ്ധമാണ് എന്നാണ് ഹർജിയിൽ പൊതുപ്രവർത്തകനായ ആർ എസ് ശശികുമാർ ചൂണ്ടാക്കാട്ടിയത്. എന്നാൽ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തിയാണ് ഓർഡിനൻസിന് എതിരെ ഹർജി നൽകിയിരിക്കുന്നത്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയതോടെയാണ് ഓർഡിനൻസ് നിലവിൽ വന്നത്.
ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയിൽ നിന്ന് തന്നെ ഓർഡിനൻസിന് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണറുടെ തീരുമാനം. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശത്തെ തുടർന്നാണ് ഭേദഗതി. ഇതോടെ 'ദ കേരള ലോക് ആയുക്ത' (ഭേദഗതി) ഓർഡിനൻസ് 2021 നിലവിൽവന്നു. ഇതോടൊപ്പം ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ യോഗ്യത, സർവീസ് കാലാവധി എന്നിവയും ഭേദഗതിചെയ്തു.
1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ഉത്തരവിട്ടാൽ ആരോപിതരെ ഉടൻ അധികാര സ്ഥാനത്തുനിന്ന് നീക്കണം. ഇവിടെ അപ്പീലിന് പോലും അവകാശമില്ല. ഇത് സ്വാഭാവിക നീതി നിഷേധമാണ്. ഭേദഗതി പ്രകാരം വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാനും അംഗീകരിക്കാനും അധികാരമുണ്ട്. യോഗ്യത മാറ്റാൻ നിയമത്തിലെ മൂന്നാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്. നിലവിൽ സുപ്രീം കോടതി ജഡ്ജിയായിരുന്നയാളോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നയാളോ ആണ് ലോകായുക്ത ആയിരുന്നത്. ഭേദഗതി പ്രകാരം ഇനി ഹൈക്കോടതി ജഡ്ജിപദവി വഹിച്ചയാൾക്കും ലോകായുക്തയാകാം.
ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആയിരുന്നു ഉപലോകായുക്ത. ഭേദഗതി പ്രകാരം വിരമിച്ച ഹൈക്കോടതി ജഡ്ജിക്കേ ഉപലോകായുക്ത ആകാനാകൂ. സേവന കാലാവധി അഞ്ച് വർഷമോ 70 വയസ്സ് വരെയോ ആക്കി ഭേദഗതി ചെയ്തു. ഇതിൽ ഏതാണോ ആദ്യം അതാകും പ്രാബല്യത്തിൽ വരിക.
മന്ത്രിസഭ അംഗീകരിച്ച നിയമഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ കത്തിനെ തുടർന്ന് ഗവർണർ രണ്ടുതവണ സർക്കാരിനോട് വിശദീകരണം തേടി. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ഉൾപ്പെടെ വിശദ മറുപടിയാണ് രണ്ടുതവണയും സർക്കാർ നൽകിയത്. ഇത് ബോധ്യമായതോടെ ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടു.