തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദമായിരിക്കെ, മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജി ലോകായുക്ത ഇന്നു പരിഗണിക്കും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ടു മന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണു പരിഗണിക്കുന്നത്.

ഇതിൽ മന്ത്രി ബിന്ദുവിനെ ലോകായുക്ത വിവാദത്തിലാകില്ലെന്നാണ് സൂചന. വിസിയായി പ്രഫ.ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം ആവശ്യപ്പെട്ട് ഗവർണർക്കു മന്ത്രി കത്തുകൾ നൽകിയത് അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നാണു പരാതി. സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചിരുന്നു. ഇന്നു സർക്കാർ അഭിഭാഷകൻ ഇവ ഹാജരാക്കും. സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലറാണ് മന്ത്രി. അതുകൊണ്ട് തന്നെ കത്ത് എഴുത്തിൽ പ്രശ്‌നമില്ലെന്ന നിലപാടിലേക്ക് കാര്യങ്ങളെത്താൻ സാധ്യതയുണ്ട്.

ഈ വിഷയത്തിൽ ലോകായുക്ത ഗവർണ്ണറിൽ നിന്ന് വിശദീകരണം ചോദിക്കുമോ എന്നത് നിർണ്ണായകമാണ്. അങ്ങനെ ചോദിക്കുകയും ഗവർണ്ണറുടെ മറുപടി മന്ത്രിക്ക് എതിരാവുകയും ചെയ്താൽ സ്ഥിതി സങ്കീർണ്ണമാകും. ഇതിനുള്ള സാഹചര്യമുണ്ടെന്ന് ഇടതു പക്ഷം കരുതുന്നില്ല. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ ഹർജി എല്ലാവർക്കും തലവേദനയാണ്. ഇതിൽ സ്വജന പക്ഷപാതമെന്ന ആരോപണം നിലനിൽക്കും. ഈ സാഹചര്യത്തിലാണ് ലോകായുക്താ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം നടത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്നു സർക്കാർ വേണ്ടപ്പെട്ടവർക്കു നൽകിയെന്ന ഹർജി 4 ന് പരിഗണിക്കും. മുഖ്യമന്ത്രി, കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങൾ എന്നിവരാണ് എതിർകക്ഷികൾ. ഈ ഹർജിയിലെ വിധിക്ക് മുമ്പ് ഓർഡിനൻസ് പാസാക്കാനായിരുന്നു നീക്കം. എന്നാൽ ഈ ഓർഡിനൻസിൽ ഗവർണ്ണർ ഇനിയും ഒപ്പിട്ടില്ല. ഇതു സർക്കാരിന് തലവേദനായാണ്. മുമ്പ് മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ രാജിക്ക് വഴിവച്ചത് ലോകായുക്തയുടെ വിധിയായിരുന്നു.

ബന്ധു നിയമന കേസിൽ ജലീൽ മന്ത്രിയായിരിക്കെ സ്വജനപക്ഷപാതം കാട്ടിയെന്ന് ലോകായുക്ത കണ്ടെത്തി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഈ വിധി സർക്കാരിന് നൽകിയത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലൊന്നും അത് പ്രതിഫലിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ആ വിധി വന്നിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായിക്ക് തുടർഭരണം കിട്ടില്ലായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പോലും നിരീക്ഷണം. ഫലത്തിൽ ജലീലിന് അഞ്ചു വർഷവും മന്ത്രിയായി ഇരിക്കാനുമായി. അതുകൊണ്ട് തന്നെ ഓർഡിനൻസ് വിവാദ കാലത്തെ ലോകായുക്തയുടെ ഓരോ നീക്കവും നിർണ്ണായകമാണ്.

കേരള സർവകലാശാലയിൽനിന്നു ബിരുദവും വിയറ്റ്‌നാം സർവകലാശാലയിൽനിന്നു ഡോക്ടറേറ്റും നേടിയെന്ന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ അവകാശവാദം ചോദ്യം ചെയ്തുള്ള ഹർജി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. ലോകായുക്തയെ വെട്ടിലാക്കുന്ന ആരോപണവുമായി ജലീൽ രംഗത്തുണ്ട്. ജലീലിനെതിരായ കോടതി അലക്ഷ്യ നടപടിയും ലോകായുക്തയുടെ പരിഗണനയിലാണ്. ഈ കേസിലെ വിധിയും ഏറെ നിർണ്ണായകമാകും.