ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ നിരോധിക്കണം എന്നൊക്കെ ചില രാഷ്ട്രീയ നേതാക്കൾ പറയാറുണ്ടെങ്കിലും, മിക്കവരും ഫലങ്ങൾ കണ്ണുനട്ട് ഇരിപ്പാണ്. കഴിഞ്ഞ ദിവസം വന്ന പത്തോളം എക്‌സിറ്റ് പോൾ ഫലങ്ങൾ യുപിയും ഉത്തരാഖണ്ഡും മണിപ്പൂരും ബിജെപി നേടുമ്പോൾ പഞ്ചാബിൽ എഎപിയും, ഗോവയിൽ തൂക്ക് സഭയും ആണ് പ്രവചിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോൾ ഫലവും വ്യത്യസ്തമല്ല.

ബിജെപി യുപിയിൽ തകർപ്പൻ ജയം തേടുമെന്നും, പഞ്ചാബിൽ കോൺഗ്രസ് തിരിച്ചടി നേരിടുമെന്നുമാണ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോൾ പ്രവചനം.

ബിജെപിയും സഖ്യകക്ഷികളും ചേർന്ന് യുപിയിൽ 43 ശതമാനം വോട്ടുവിഹിതം നേടും. മുഖ്യ എതിരാളിയായ അഖിലേഷ് യാദവിന്റെ എസ്‌പി 35 ശതമാനം വോട്ട് സ്വന്തമാക്കും. മായാവതിയുടെ ബിഎസ്‌പി 15 ശതമാനം സീറ്റ് നേടുമ്പോൾ, കോൺഗ്രസിന് മൂന്നുശതമാനവും, മറ്റുള്ളവർക്ക് നാല് ശതമാനവും വോട്ടുവിഹിതം കിട്ടും. സർവേയിൽ സീറ്റ് നില പ്രവചിച്ചിട്ടില്ല.

പഞ്ചാബിലും ഉത്തരാഖണ്ഡിലും കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്നാണ് സർവേയിൽ പറയുന്നു. ഗോവയിൽ തൂക്കുസഭയും. പഞ്ചാബിൽ, ആംആദ്മി 40 ശതമാനം വോട്ട് നേടുമ്പോൾ, കോൺഗ്രസിന് 26 ശതമാനം മാത്രം. അകാലിദൾ 20 ശതമാനം വോട്ടും, ബിജെപി ഏഴ് ശതമാനം വോട്ടും നേടും.

ഗോവയിൽ ബിജെപിക്ക് 32 ശതമാനം സീറ്റും കോൺഗ്രസിന് 29 ശതമാനവും, തൃണമൂലിന് 14 ശതമാനവും എഎപിക്ക് ഏഴുശതമാനവും.

ഉത്തരാഖണ്ഡിലാകട്ടെ, കോൺഗ്രസ് 38 ശതമാനം വോട്ട് നേടുമ്പോൾ ബിജെപി 43 ശതമാനം വോട്ട് സ്വന്തമാക്കും.

എൻഡിടിവിയുടെ എക്‌സിറ്റ് പോളുകളിലും യുപിയിൽ യോഗി ആദിത്യനാഥിന്റെ തുടർഭരണം തന്നെ പ്രവചിക്കുന്നു. 403 ൽ 242 സീറ്റ് ബിജെപി നേടുമ്പോൾ എസ്‌പി 142 സീറ്റിൽ ഒതുങ്ങും. 202 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ.

പഞ്ചാബിൽ, തിങ്കളാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലും എഎപിക്കാണ് ജയം പ്രവചിക്കുന്നത്. 117 സീറ്റിൽ, എഎപി 63 ലും കോൺഗ്രസ് 28 ലും ജയിക്കുമെന്നാണ് പ്രവചനം. 59 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. ഗോവയിൽ, മിക്ക സർവേകളിലും തൂക്കുസഭയാണ് പ്രവചിക്കുന്നത്.