- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിലിനെ കുറിച്ച് തൽക്കാലം പാർട്ടി മിണ്ടില്ല; ജനകീയ ബന്ധം ശക്തമാക്കി പ്രതിഛായ മെച്ചപ്പെടുത്താൻ വേണ്ട കർമ്മ പദ്ധതി തയ്യാറാക്കും; തൃക്കാക്കരയിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളും; ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് സിപിഎം പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു തോൽവി സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതായിരുന്നു. കേരളത്തിന്റെ ജനവികാരം മനസ്സിലാക്കാതെ പെരുമാറിയതിനുള്ള തിരിച്ചടിയായിരുന്നു അത്. കെ റെയിൽ വിഷയത്തിലെ പിടിവാശിയും ആരെയും കൂസാതെയുള്ള പിണറായിയുടെ പ്രയാണവുമെല്ലാം അവിടെ തിരിച്ചടിയായി. ഇതോടെ സിപിഎമ്മിന് മുൻകാലങ്ങളിലേതു പോലെ തിരിച്ചറിവുണ്ടായത് കെ റെയിലിന്റെ കാര്യത്തിലാണ്. ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ബാധ്യത വരുന്ന പദ്ധതി മുന്നോട്ടു കൊണ്ടുപോകൽ എളുപ്പമാകില്ലെന്നാണ് സിപിഎം എത്തിചേർന്നിരിക്കുന്ന നിഗമനം.
2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് പണിയെടുക്കണമെങ്കിൽ ഇനി കെ റെയിൽ വേണമെന്ന പിടിവാശി നടക്കില്ലെന്ന അവസ്ഥയാണ്. അതു കൊണ്ട് തന്നെ പാർട്ടി കെ റെയിലിനെ തൽക്കാലം മടക്കി പെട്ടിയിൽ വെച്ചത് പകരം ജനകീയ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് നീക്കം നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം മിനുക്കലിനു ഒരുങ്ങാനാണ് പാർട്ടിയുടെ നിർദ്ദേശം.
ജനകീയ ബന്ധം ശക്തമാക്കാനും പ്രതിഛായ മെച്ചപ്പെടുത്താനും വേണ്ട കർമപദ്ധതിയാണ് പാർട്ടി തയാറാക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച നിർദേശങ്ങൾ നാളെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വയ്ക്കും. പാർട്ടിയെ ശക്തിപ്പെടുത്താൻ ഓരോ സംസ്ഥാന ഘടകവും ചെയ്യേണ്ട കാര്യങ്ങളുടെ പൊതു രൂപം പാർട്ടി കോൺഗ്രസ് നിർദേശിച്ചിരുന്നു. ഇതു ചർച്ച ചെയ്ത കേന്ദ്രകമ്മിറ്റി കേരളത്തിൽ ചെയ്യേണ്ട കാര്യങ്ങൾക്കു രൂപം കൊടുക്കാൻ സംസ്ഥാന ഘടകത്തിനു നിർദ്ദേശം നൽകി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രാഷ്ട്രീയസംഘടനാ ദൗത്യങ്ങളിലേക്കു കടക്കുന്നത്.
കേരളത്തെ ഞെരുക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളും അതിനെതിരെ നടത്തേണ്ട പ്രചാരണ പരിപാടികളും ഇതിന്റെ ഭാഗമായി ആലോചിക്കും. ദേശീയതലത്തിൽ കേരളത്തെ ബദൽ ആയി ഉയർത്തിക്കാട്ടാനുള്ള ശ്രമവും ഉണ്ടാകും. സർക്കാരിന്റെ പ്രവർത്തനത്തിലെ പോരായ്മകളും പാളിച്ചകളും മറികടക്കാനുള്ള നിർദേശങ്ങളും പാർട്ടി തയാറാക്കും.
ഇപ്പോൾ മന്ത്രിസഭയിൽ ഇല്ലാത്ത മുതിർന്ന നേതാക്കളെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ പദ്ധതി. ഐസക്ക് അടക്കമുള്ള മുതിർന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കളത്തിൽ സജീവമായി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നും കൂടുതൽ സീറ്റുകൾ നേടുക എന്നതാണ് സിപിഎം പദ്ധതി. മാത്രമല്ല, നേരത്തെ ചിന്തർ ശിബിറോടെ കോൺഗ്രസിലും ലോക്സഭാ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു.