ലണ്ടൻ: ബ്രസീലിലെ സാവോ പോളോയും റിയോ ഡി ജനൈറോയും സാൽവദോറുമൊക്കെയൊണ് ലോകത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനങ്ങളായി അറിയപ്പെടുന്നത്. അമേരിക്കയിലെ ന്യുയോർക്കും കുറ്റകൃത്യങ്ങളിൽ മുൻപന്തിയിലായിരുന്നു. എന്നാൽ, പരിഷ്‌കൃതമെന്ന് ലോകം കരുതുന്ന ലണ്ടൻ ലോകത്തേറ്റവും കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 13 ശതമാനത്തോളം ഉയർന്നുവെന്നും വിലയിരുത്തപ്പെടുന്നു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് കുറ്റകൃത്യങ്ങൾ വർധിക്കാനിടയാക്കിയത്. മെട്രൊപൊലിറ്റൻ പൊലീസ് പട്രോളിങ് നിർത്തിയതും ലണ്ടനെ കുപ്രസിദ്ധമാക്കാൻ കാരണമായി. കഴിഞ്ഞവർഷം മാത്രം ലണ്ടനിൽ 70,000-ലേറെ മോഷണവും പിടിച്ചുപറിയുമുണ്ടായെന്നാണ് കണക്ക്. ഇതിൽ 43,000 കുറ്റകൃത്യങ്ങൾ ഭവനഭേദനം ഉൾപ്പെടുന്നതാണ്. മൊബൈൽ ഫോണിനുവേണ്ടിയുള്ള കവർച്ചയും വൻതോതിൽ വർധിച്ചിട്ടുണണ്ട്.

ന്യൂയോർക്ക് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളെക്കാൾ മൂന്നിരട്ടിയാണ് ലണ്ടനിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരാൾ ആക്രമിക്കപ്പെടാനോ കൊള്ളയടിക്കപ്പെടാനോ ഉള്ള സാധ്യത ന്യുയോർക്കിനെക്കാൾ ആറിരട്ടി കൂടുതലാണെന്നും കണക്കുകൾ പറയുന്നു. പൊലീസിനുമേൽ വന്ന നിയന്ത്രണങ്ങളും ചെലവുചുരുക്കൽ നടപടികളുമാണ് കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസിനെ പലപ്പോഴും നിസ്സഹായരാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ചെറിയ രീതിയിലുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സ്‌കോട്ട്‌ലൻഡ് യാർഡിന് സാധിക്കാറില്ല.. ചെലവുചുരുക്കൽ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടാണിത്. ഇത് ചെറിയ കുറ്റവാളികളെ വലിയ കുറ്റവാളികളാക്കി വളർത്താനുമിടയാക്കി. എന്നാൽ, കുറ്റകൃത്യങ്ങളെ അപഗ്രഥിച്ച് അതിൽ തുടരന്വേഷണം ആവശ്യമാണോ എന്ന് സ്ഥിരീകരിക്കുന്ന നടപടി മികച്ചതാണെന്നാണ് സ്‌കോട്ട്‌ലൻഡ് യാർഡിന്റെ വിലയിരുത്തൽ. അന്വേഷണം ആവശ്യമുള്ള കേസുകളിൽ കൂടുതൽ സമയം ചെലവിടാൻ ഇതിലൂടെ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു.