- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ആംബർ ലിസ്റ്റിൽ ആയതോടെ യാത്രക്കാരുടെ ഇടിച്ചു കയറ്റം തുടരുന്നു; ഓഗസ്റ്റ് 22 മുതൽ എല്ലാ ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും ഞായറാഴ്ച്ചയും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ഡയറക്ട് ഫ്ളൈറ്റ്
ലണ്ടൻ: ഇന്ത്യയെ ബ്രിട്ടന്റെ ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ ബ്രിട്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതോടെ കൊച്ചിയിൽ നിന്നും നേരിട്ട് ബ്രിട്ടനിലേക്ക് മൂന്ന് പ്രതിവാര വിമാന സർവ്വീസുകൾ ഓഗസ്റ്റ് 22 മുതൽ ആരംഭിക്കും. എല്ലാ ബുധനാഴ്ച്ചയും, വെള്ളിയാഴ്ച്ചയും, ഞായറാഴ്ച്ചയുമായിരിക്കും ഈ സർവ്വീസുകൾ. കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ ഈ സെക്ടറിലേക്ക് ഇത്രയധികം ഫ്ളൈറ്റുകൾ ആരംഭിക്കുന്നത് ഇതാദ്യമായാണ്.
നേരത്തേ ഇന്ത്യയിൽ കോവിഡ് വ്യാപനം കനക്കുകയും, ഡെൽറ്റാ വകഭേദം കാട്ടുതീ പോലെ ആളിപ്പടരുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കും അതുപോലെ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്. നേരത്തെ ഒരു വ്യക്തിക്ക് 1750 പൗണ്ട് വരെ ചെലവുണ്ടായിരുന്ന ഹോട്ടൽ ക്വാറന്റൈന് ഇപ്പോൾ 2250 പൗണ്ടാണ് ഈടാക്കുന്നത്.
പത്തു ദിവസത്തെ ക്വാറന്റൈനു പുറമേ അതിനുള്ള ചെലവുകളും ഇടയ്ക്ക് നടത്തേണ്ട പരിശോധനകളുടെ ചെലവുകളുമൊക്കെ താങ്ങാവുന്നതിനും അപ്പുറമായതോടെ ഇന്ത്യയിലെത്തിയ മലയാളികൾ ഉൾപ്പടെ നിരവധി പേർക്ക് ബ്രിട്ടനിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതുപോലെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന ബ്രിട്ടീഷ് പൗരന്മാരോ റെസിഡന്റ് പെർമിറ്റ് ഉള്ളവരോ അല്ലാത്തവരെ രാജ്യത്ത് പ്രവേശിപ്പിക്കുകയില്ലെന്ന് നിലപാട് പല ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലും പുതിയതായി പ്രവേശനം ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കും യാത്രാ തടസ്സം ഉണ്ടാക്കിയിരുന്നു.
ലോക്ക്ഡൗൺ മൂലം ഇന്ത്യയിലെത്തിയ വിദ്യാർത്ഥികൾക്കും തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഹോട്ടൽ ക്വാറന്റൈനും പരിശോധനകൾക്കും വേണ്ടിവരുന്ന ഭീമമായ ചെലവായിരുന്നു പ്രശ്നം. എന്നാൽ, ഇന്ത്യയെ ആംബർ ലിസ്റ്റിലെക്ക് മാറ്റിയതോടെ ഇനി ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല, പകരം ഹോം ക്വാറന്റൈൻ മതിയാകും. മാത്രമല്ല, വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് അതും ആവശ്യമില്ല. എന്നാൽ, യാത്ര പുറപ്പെടുന്നതിനു മുൻപും ബ്രിട്ടനിൽ എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഈ ഇളവുകൾ വന്നതോടെയാണ് ഇവിടെ കുടുങ്ങിപ്പോയ നിരവധി ആളുകൾ ബ്രിട്ടനിലേക്ക് തിരികെ പോകാൻ തിരക്കു കൂട്ടുന്നത്. ഇപ്പോൾ കൊച്ചിയിൽ നിന്നും ബ്രിട്ടനിലേക്ക് നേരിട്ട് മൂന്ന് പ്രതിവാര സർവ്വീസുകൾ ആരംഭിക്കുന്നത് കേരള സർക്കാരും സിയാലും നടത്തിയ കഠിന പരിശ്രമങ്ങൾക്ക് ശേഷമാണ്. ഇത് യൂറോപ്യൻ സെക്ടറിലേക്ക് കൊച്ചിയിൽ നിന്നും പുതിയ ഫ്ളൈറ്റുകൾ ആരംഭിക്കുവാൻ കാരണമായേക്കും എന്നാണ് വിമാനത്താവളാധികൃതർ കരുതുന്നത്.
ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുന്നത് മൂന്ന് പ്രതിവാര വിമാന സർവ്വീസുകളാണ്. ഇതിൽ ഫ്ളൈറ്റ് നമ്പർ എ ഐ 0150/0149 ബുധനാഴ്ച്ചകളിലും വെള്ളിയാഴ്ച്ചകളിലും സർവീസ് നടത്തും. മറ്റൊന്ന് ഞായറാഴ്ച്ചയും.
മറുനാടന് ഡെസ്ക്