ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ നോർത്ത് കെൻസിങ്ടണിലെ 27 നിലകളുള്ള ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്‌നിബാധയിൽ 100 പേരെങ്കിലും മരിച്ചിരിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. എന്നാൽ സ്ഥിതീകരിച്ചത് 12 മരണം മാത്രമാണ്. തീപിടിച്ച കെട്ടിടത്തിനകത്തുണ്ടായിരുന്ന 18 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. 50 പേർ വിവിധ ആുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിലുണ്ട്. അഗ്‌നിബാധയേറ്റ കെട്ടിടത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അപകടകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ലണ്ടൻ സമീപകാലത്ത് കണ്ട ഏറ്റവും വലിയ അഗ്‌നിബാധയെക്കുറിച്ച് സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാലാം നിലയിലെ റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തത്തിന് തുടക്കമായതെന്നാണ് സൂചന. തുടർന്ന് അവിടെ നിന്നും തീ മുകൾ നിലകളിലേക്ക് അതിവേഗം പടർന്ന് പിടിക്കുകയായിരുന്നു ഏറ്റവും മുകളിലുള്ള മൂന്ന് നിലകളിലുള്ളവരാരും രക്ഷപ്പെട്ടിട്ടില്ലെന്ന മുന്നറിയിപ്പ് ശക്തമാണ്. അഗ്‌നി അതി രൂക്ഷമായ കത്തിപ്പടർന്നതിനാൽ ഒരു വേള രക്ഷാപ്രവർത്തകർക്ക് ഇതിനടുത്തേക്ക് വരാൻ പോലും അസാധ്യമായ സന്ദർഭം സംജാതമായിരുന്നു. കെട്ടിടത്തിന്റെ മുകൾ നിലകളിൽ പെട്ട് പോയവർ ജനാലകളിലൂടെ രക്ഷയ്ക്കായി പ്രാണഭയത്തോടെ ആർത്ത് കരയുന്നത് കാണാമായിരുന്നുവെന്നാണ് റിപ്പോർട്ട്.

അഗ്‌നിയിലകപ്പെട്ട് മരണം സംഭവിക്കുമെന്ന് ഉറപ്പായ അനവധി പേർ രണ്ടും കൽപ്പിച്ച് താഴോട്ട് എടുത്ത് ചാടുകയും ചെയ്തിരുന്നു. ആരെങ്കിലും രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിൽ നിരവധി കുട്ടികളെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ താഴോട്ടെറിയപ്പെട്ട ഒരു കുട്ടി രക്ഷാപ്രവർത്തകന്റെ കൈകളിൽ വീണ് രക്ഷപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. 24 നിലകളുള്ള ടവറിൽ 127 ഫ്ലാറ്റുകളാണുള്ളത്. തീപിടിത്തമുണ്ടാകുമ്പോൾ നൂറ് കണക്കിന് പേർ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് സൂചന. റംസാൻ കാലമായതിനാൽ നിരവധി പേർ ഉറങ്ങാതിരുന്നത് മരണസംഖ്യ അധികരിക്കാതിരിക്കാൻ കാരണമായെന്ന് സൂചനയുണ്ട്. ഇവിടെ മുസ്ലീങ്ങൾ കൂടുതലായുള്ള പ്രദേശമാണ്.

അപകടത്തെ തുടർന്ന് പൊള്ളലേറ്റ 68 പേരെ ലണ്ടനിലുടനീളമുള്ള ആറ് ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ആംബുലൻസ് സർവീസ് പറയുന്നത്. നിരവധി പേരെ സംഭവത്തിനിടെ കാണാതായതും ആശങ്ക വർധിപ്പിക്കുന്നു. 12 വയസുള്ള ജെസീക്ക് അർബാനോ റാമിറെസ്, 66 കാരനായ ലോറി ഡ്രൈവർ ടോണി ഡിസൻ, സെക്യൂരിറ്റി ഗാർഡ് മോ ടുക്കു തുടങ്ങിയവരെക്കുറിച്ച് ഒരു വിവരവും ഇതു വരെ ലഭിച്ചിട്ടില്ല. ലണ്ടനിലെ പഴക്കമേറിയ കെട്ടിടങ്ങളുടെ കൂട്ടത്തിൽ പെടുന്നതാണ് ഗ്രെൻഫെൽ ടവർ. ഇത് 1974ൽ ആണ് നിർമ്മിച്ചിരിക്കുന്നത്.

കാലഹരണപ്പെട്ട കെട്ടിടത്തിന്റെ സുരക്ഷയെ പറ്റി സമീപകാലത്തായി മുന്നറിയിപ്പുകൾ ശക്തമായിരുന്നു. ഇത് ഉടൻ പൊളിച്ച് മാറ്റണമെന്ന് നാല് വർഷം മുമ്പ് തന്നെ നിർദ്ദേശമുണ്ടായിരുന്നു. 2016ൽ ഒരു കോടി മുടക്കി ടവറിന് അത്യാവശ്യമായ അറ്റകുറ്റപ്പണികൾ നിർവഹിച്ചിരുന്നുവെങ്കിലും ഫയർ അലാറം സിസ്റ്റമോ മറ്റ് ആധുനിക രക്ഷാ സംവിധാനങ്ങളോ ടവറിൽ നേരാം വണ്ണം പ്രവർത്തിച്ചിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി ടവറിൽ വച്ച് പിടിപ്പിച്ച തൊങ്ങലുകൾ താഴത്തെ നിലയിലെ അഗ്‌നി മുകളിലേക്ക് വേഗത്തിൽ കത്തിപ്പടരാൻ കാരണമായെന്നും റിപ്പോർട്ടുണ്ട്.

ഇത്രയും പേർ തിങ്ങിപ്പാർക്കുന്ന ഈ റെസിഡൻഷ്യൽ ബിൽഡിംഗിൽ അത്യാവശ്യത്തിനുള്ള സുരക്ഷാസംവിധാനങ്ങൾ പോലും ഉറപ്പാക്കാതിരുന്നതിൽ അപകടത്തിന് ശേഷം കടുത്ത വിമർശനമാണുയർന്നിരിക്കുന്നത്. ഈ കെട്ടിടം അപകടസാധ്യതയുള്ളതാണെന്ന് ഫയർ എക്സ്പർട്ടുകൾ നിരവധി തവണ മുന്നറിയിപ്പേകിയിട്ടും മന്ത്രിമാർ അത് അവഗണിക്കുകയായിരുന്നുവെന്ന് വെളിപ്പെട്ടതിനെ തുടർന്ന് കനത്ത പ്രതിഷേധമാണിപ്പോൾ ഉയർന്നിരിക്കുന്നത്. 1990കളിൽ നൂറ് കണക്കിന് റെസിഡൻഷ്യൽ ടവർ ബ്ലോക്കുകളെ ഉൾപ്പെടുത്തി ആർക്കിടെക്ടായ സാം വെബ് ഒരു സർവേ നടത്തുകയും നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് തയ്യാറാക്കി അധികൃതർക്ക് നൽകിയിരുന്നു.

എന്നാൽ ഇവ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കുന്ന യാതൊരു വിധത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നും സൂചനയുണ്ട്.സർവേയിൽ ഉൾപ്പെടുത്തിയ പകുതിയോളം കെട്ടിടങ്ങളിലും അടിസ്ഥാന അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ പോലുമില്ലെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടതിലാണ് ഇപ്പോൾ അപകടത്തിൽ പെട്ടിരിക്കുന്ന ഗ്ലെൻഫെൽ ടവറും ഉൾപ്പെടുന്നത്. ഇത്തരത്തിൽ അപകടത്തിൽ ഏത് നിമിഷവം പെടാവുന്ന നിരവധി ടവർ ബ്ലോക്കുകൾ രാജ്യത്തുണ്ടെന്നാണ് വെബ് മുന്നറിയിപ്പേകിയിരുന്നത്. കഴിഞ്ഞ വർഷം നടത്തിയ നവീകരണത്തിന്റെ ഭാഗമായി ഗ്രെൻഫെൽ ടവറിന് മുകളിൽ നിർമ്മിച്ച പുതിയ പ്ലാസ്റ്റിക് ആവരണമാണ് തീ മേലോട്ട് എളുപ്പത്തിൽ കത്തിപ്പടരുന്നതിന് വഴിയൊരുക്കിയതെന്ന് സൂചനയുണ്ട്.

200ൽ അധികം ഫയർ ഫൈറ്റർമാരാണ് ടവറിൽ രാപ്പകൽ രക്ഷാപ്രവർത്തനം നടത്തുന്നത്. അത്യധികം ദുഃഖമുണ്ടാക്കുന്ന ദുരന്തമാണിതെന്നും എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കാരണം കണ്ടെത്തുമെന്നും തെരേസ മെയ്‌ ഉറപ്പ് നൽകി. സർക്കാരിന്റെ ചെലവ് ചുരുക്കൽ നയമാണിത്തരം ദുരന്തങ്ങൾക്ക് കാരണമെന്നാണ് ലേബർ നേതാവ് ജെറമി കോർബിൻ ആരോപിക്കുന്നത്.ഗ്രെൻഫെൽ ദുരന്തത്തെക്കുറിച്ച് സർക്കാർ എത്രയും വേഗം റിപ്പോർട്ട് തയ്യാറാക്കി സത്യം ജനത്തോട് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി 0800 0961 233 എന്ന നമ്പർ പ്രവർത്തന ക്ഷമമാണെന്ന് അധികൃതർ അറിയിക്കുന്നു.