ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് സന്തോഷം നൽകി മറ്റൊരു ലോട്ടറി വിജയം കൂടി. നാല് വർഷം മുൻപ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ജീവനക്കാരുടെ ലോട്ടറി സിണ്ടിക്കേറ്റിൽ അംഗങ്ങളായ രണ്ടു മലയാളികൾക്ക് യൂറോ മില്യൺ ലോട്ടറിയുടെ ഒരു മില്യൺ സമ്മാനത്തുകയുടെ ഭാഗമാകാൻ അവസരം കിട്ടിയ ശേഷം ഇപ്പോൾ മറ്റൊരാൾക്ക് ഓൺലൈൻ ഗെയിം വഴി  91 ലക്ഷം രൂപ
മൂല്യമുള്ള കാറും പണവും കൈയിൽ എത്തിയിരിക്കുന്നു. തൊടുപുഴ സ്വദേശിയായ ജേക്കബ് സ്റ്റീഫനാണ് ഭാഗ്യവഴിയിൽ നിനച്ചിരിക്കാതെ ലക്ഷാധിപതി ആയത്.

ബേസ്ഡ് ഓഫ് ദി ബേസ്ഡ് എന്ന ഓൺലൈൻ ഗെയിം കളിച്ചാണ് ഈ ആഴ്ചത്തെ വിജയിയായി മാറിയത്. കാറുകൾക്ക് വേണ്ടിയുള്ള ഗെയിം ആയതിനാൽ തന്റെ ഇഷ്ട കാറായ റേഞ്ച് റോവറിനു വേണ്ടിയാണ് ജേക്കബ് ഗെയിമിൽ പങ്കെടുത്തത്. ഏറെ നാൾ ഗെയിം കളിച്ച ജേക്കബിനെ തേടി ഒടുവിൽ വിജയം എത്തുമ്പോൾ അതാർക്കും ഒറ്റ കേൾവിയിൽ വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ഹൈബ്രിഡ് മോഡൽ സ്പോർട്സ് കാറും ഇന്ധനത്തിനായി 18 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. പ്രൈം ലക്ഷ്വറി കാറായ റേഞ്ച് റോവറിനു തന്നെ വിപണി വില 68 ലക്ഷം വരും. കൂടാതെ ഇന്ധന ചിലവും കയ്യിൽ എത്തുമ്പോൾ സമ്മാനത്തുക ഒരു ലക്ഷത്തിലേക്ക് ഉയരുകയാണ്.

 

ഏറെ നാൾ ആഗ്രഹിച്ചു വീട് സ്വന്തമാക്കിയ ജേക്കബ് അതിന്റെ മിനുക്കു പണികൾ പൂർത്തിയാക്കാനായി പണം അന്വേഷിക്കുന്ന അവസരത്തിലാണ് നിനച്ചിരിക്കാതെ ലോട്ടറി പണം കയ്യിൽ എത്തുന്നത്. സർപ്രൈസ് സമ്മാനം എന്ന മട്ടിലാണ് ഇവർ എപ്പോഴും വിജയിയെ പ്രഖ്യാപിക്കുന്നത്. ജേക്കബിനെ തേടി എത്തിയ സംഘം വീട്ടിൽ എത്തുമ്പോൾ ഭാര്യ കവിതയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ബിഓടിബി ടീം ജേക്കബിനെ ഫോണിൽ വിളിച്ചു വരുത്തിയാണ് സമ്മാന വിവരം അറിയിക്കുന്നത്.

സാധാരണ തിങ്കൾ മുതൽ ഞായർ വരെയാണ് ഈ ഗെയിം ഓൺലൈനിൽ ലഭ്യമാകുന്നത്. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിക്കു ഗെയിം അവസാനിച്ച ശേഷമാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ഈ സമയത്തു എപ്പോൾ വേണമെങ്കിലും ഗെയിം കളിക്കാൻ അവസരമുണ്ട്. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു പേരുടെ മുഖഭാവത്തിൽ നിന്നും അവർക്കിടയിൽ ഉള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ് ഗെയിം.

എന്നാൽ ഫുട്‌ബോൾ കളിക്കാരുടെ ഹെഡർ പോലെ, ഈ കളിക്കാർ പന്തിനെ ലക്ഷ്യം വച്ച് തല ചലിപ്പിക്കുമ്പോൾ ഓൺ ലൈൻ ഭാഗ്യന്വേഷികൾ പന്ത് എവിടെയെന്നു കണ്ടെത്തി അതിന്റെ കൃത്യം നടുവിൽ പോയിന്റ് ചെയ്യണം. ആ പോയിന്റിലൂടെ മുറിച്ചാൽ കൃത്യമായി പന്തിന്റെ നടുഭാഗം കണ്ടെത്താൻ കഴിയുന്ന കൃത്യതയാണ് ഗെയിം ആവശ്യപ്പെടുന്നത്. ബോളിന്റെ തഥ ആംഗിൾ കണ്ടെത്തിയാണ് പോയിന്റ് ചെയ്യേണ്ടത്. ഇത് ഭാഗ്യം കൂടെയുള്ളപ്പോൾ മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്.

ഫോർഡ് കിയ മുതൽ ലംബോർഗിനിയും ബെന്റ്‌ലിയും അടക്കമുള്ള കാറുകൾ സമ്മാനമായി ലഭിക്കുന്ന ഗെയിം ആണിത്. എന്നാൽ പന്തിന്റെ മൂലസ്ഥാനം കണ്ടെത്താൻ ഉള്ള ഓരോ ക്ലിക്കിനും പണം എറിയണം. കാറിന്റെ വിലയ്ക്കനുസരിച്ചാണ് ക്ലിക്കിനുള്ള പണം നൽകേണ്ടത്. ഏറ്റവും വിലകുറഞ്ഞ ഫോർഡ് കിയയുടെ പന്തിനു വേണ്ടി ഓരോ ക്ലിക്കിലും ഒരു പൗണ്ട് എന്ന നിലയിൽ മുടക്കേണ്ടി വരുമ്പോൾ വിലകൂടിയ ബെന്റിലിക് വേണ്ടി എട്ടു പൗണ്ടെങ്കിലും ഒരു ക്ലിക്കിനു മുടക്കണം. റേഞ്ച് റോവറിനു വേണ്ടി മൂന്നു പൗണ്ട് നാൽപതു പെൻസാണ് ജേക്കബ് ഓരോ ക്ലിക്കിലും നൽകിയത്. ഇത്തവണ സമ്മാനം ലഭിച്ച ഗെയിംൽ നാലോ അഞ്ചോ ക്ലിക്കുകൾ നടത്തിയെന്നാണ് ജേക്കബിന്റെ ഓർമ്മ.

കാറുകളോടുള്ള തന്റെ ഇഷ്ടമാണ് ഈ ഗെയിം കളിക്കാൻ കാരണമായത് എന്നും ജേക്കബ് പറയുന്നു. ഫേസ്‌ബുക്കിലോ മറ്റോ കണ്ട പരസ്യമാണ് തന്നെ ഇതിൽ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്തിടെ ഒരാൾക്ക് ബെന്റ്‌ലി കാർ സമ്മാനം ലഭിച്ചതാണ് തന്റെ ആവേശമായി മാറിയതെന്നും കാർ കമ്പക്കാരനായ ജേക്കബ് പറയുന്നു. എങ്കിലും ഇപ്പോൾ നല്ലൊരു കാർ കയ്യിൽ ഉള്ളതിനാൽ പുതിയ കാർ വീണ്ടും വേണോ അതോ ലോട്ടറി ഏജൻസിക്കാർ വാഗ്ദാനം ചെയ്യുന്ന 75 ശതമാനം പണമായി വാങ്ങാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കാർ വാങ്ങുന്നത് നഷ്ടമായിരിക്കും എന്ന ചിന്തയാണ് ഇപ്പോൾ ജേക്കബ് പങ്കിടുന്നത്.

ജേക്കബും പത്‌നി കവിതയും നഴ്‌സുമാരാണ്. റിയോണയും റെക്‌സുമാണ് മക്കൾ. ഈ മാസം പുതിയ വീട്ടിലേക്കു താമസം മാറ്റാൻ ഒരുങ്ങുന്ന ജേക്കബ് ഭാഗ്യം എത്തിയതിൽ പുതിയ വീടിന്റെ സ്വാധീനം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിൽ അൽപ്പം റിസ്‌ക് എടുക്കാൻ മടിയില്ലാത്ത കൂട്ടത്തിലാണ് ജേക്കബ്. ഈ സ്വഭാവം തന്നെയാകാം തന്നെ ലോട്ടറിയിൽ എത്തിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്നു. സാധാരണ മറ്റുള്ളവരെപ്പോലെ ജേക്കബും പരമ്പരാഗത ലോട്ടറി എടുക്കാറുണ്ടെങ്കിലും കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. രണ്ടു വട്ടം 25, 100 എന്നീ ചെറിയ തുകകൾ ലഭിച്ചത് അല്ലാതെ വലിയ തുക ഒരിക്കലും ലഭിച്ചിട്ടില്ല.