ലണ്ടൻ: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ വരവ് ഏതാണ്ട് അവസാനിച്ചതോടെ അതിന് പരിഹാരം തേടി പല വഴികളും പരിഗണിക്കുകയാണ് ഇപ്പോൾ. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് ലണ്ടൻ മേയർ ബോറിസ് ജോൺസന്റെ നിർദ്ദേശമാണ്. കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാരായ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റോടു കൂടി സ്റ്റുഡന്റ് വിസ നൽകുന്ന പദ്ധതിയാണ് ബോറിസ് ജോൺസൻ നിർദ്ദേശിക്കുന്നത്. ഇത് നടപ്പിലായാൽ ഏറ്റും കൂടുതൽ ഗുണം ലഭിക്കുക ഇന്ത്യാക്കാർക്കാരിയിരിക്കും. കാരണം ചൈന അടക്കമുള്ള രാഷ്ട്രങ്ങൾ കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ ലിസ്റ്റിൽ ഇല്ല എന്നത് തന്നെ.

ലണ്ടൻ മേയർ നിർദേശിക്കുന്ന ഈ വിസ യാഥാർത്ഥ്യമായാൽ ഇന്ത്യയടക്കമുള്ള കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ സാധിക്കും. യുകെയിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരക്ക് കുത്തനെ ഇടിയുന്നതിന് പരിഹാരമായാണ് ജോൺസൺ ഈ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. 2010 2011ൽ ഇന്ത്യയിൽ നിന്നും യുകെയിൽ പഠിക്കാൻ 39,090 വിദ്യാർത്ഥികൾ എത്തിയിരുന്നെങ്കിൽ 2013 2014 കാലത്ത് അത് പകുതിയോളമായി 19,750 ആയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പോസ്റ്റ്സ്റ്റഡി വർക്ക് വിസയുടെ കാര്യത്തിൽ അധികൃതർ കടുംപിടിത്തം ആരംഭിച്ചതാണ് യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ പ്രധാന കാരണമായി വർത്തിച്ചത്. പോസ്റ്റ് സ്റ്റഡി വിസയിലൂടെ വിദ്യാർത്ഥികൾക്ക് പഠനാനന്തരവും ഇവിടെ രണ്ടു വർഷത്തോളം താമസിക്കാനും ഇവിടെ ജോലി അന്വേഷിക്കാനും അവസരം ലഭിച്ചിരുന്നു. ആ വിസ ലഭിക്കാഞ്ഞതോടെ ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടനിലേക്ക് വരാൻ മടിക്കുകയും ചെയ്തു.

കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്കായി ഒരു പോസ്റ്റ് സ്റ്റഡി വിസ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബോറിസ് ജോൺസൺ യുകെയിലെ ഹയർ എഡ്യുക്കേഷൻ മിനിസ്റ്ററായ ജോ ജോൺസണ് അദ്ദേഹം എഴുതിയിട്ടുണ്ടെന്നാണ് ദി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിലവിലുള്ള സിസ്‌ററ പ്രകാരം വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്താനായി ഇവിടെ വെറും നാലുമാസം മാത്രം കഴിയാനെ അനുവാദമുള്ളൂ. ജോലി കണ്ടെത്തുന്നവർക്ക് ഇവിടെ കഴിയണമെങ്കിൽ ചുരുങ്ങിയത് 20,800 പൗണ്ട് ശമ്പളം ലഭിക്കുകയും വേണം. എന്നാൽ ഇതിന് മുമ്പ് അവർക്ക് തൊഴിൽ കണ്ടെത്താൻ രണ്ടു വർഷം ലഭിച്ചിരുന്നുവെന്നറിയുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് മനസിലാകുക.

ടോപ് ടയർ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ ഇക്കാര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ ഹോം ഓഫീസുമായി ചേർന്ന് കുടുതൽ നന്നായി പ്രവർത്തിക്കണമെന്നാണ് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ രാജൻ മത്തായി ആവശ്യപ്പെടുന്നത്. അർഹതയുള്ള വിദേശ വിദ്യാർത്ഥികളെ യുകെയിലെത്തിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ യൂണിവേഴ്‌സിറ്റികൾ ഈ പ്രക്രിയയുടെ ഭാഗമായി സജീവമായി ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇന്ന് പരസ്പര ബന്ധിതമായ ലോകത്ത് വിദ്യാർത്ഥികൾക്ക് ഏറ്റവും നല്ല ഉന്ന വിദ്യാഭ്യാസം എളുപ്പത്തിൽ കൈയെത്തിപ്പിടിക്കാൻ സാധിക്കുന്നുണ്ടെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മിഷണർ പറയുന്നു. ഇന്ത്യിയലേക്കും നിരവധി രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പഠിക്കാനെത്തുന്നുണ്ടെന്നും ഇതൊരു വൺ വേ പ്രക്രിയ അല്ലെന്നും രാജൻ മത്തായി പറയുന്നു.

യുകെയിലേക്കുള്ള നെറ്റ് ഇമിഗ്രേഷൻ റെക്കോർഡ് സംഖ്യയായ 330,000 ത്തിൽ എത്തിയിരിക്കുകയാണിപ്പോൾ. അതിനെ പരമാവധി കുറയ്ക്കാൻ അധികൃതർ പെടാപ്പാട് പെടുകയുമാണ്. വിദേശ വിദ്യാർത്ഥികളെ മൊത്തം നെറ്റ് ഇമിഗ്രേഷൻ കണക്കുകളിൽ നിന്നും പുറത്ത് നിർത്തണമെന്നാണ് ഹോം സെക്രട്ടറി തെരേസ മേയുടെ കാബിനറ്റിലെ സഹപ്രവർത്തകർ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ ഹോം സെക്രട്ടറിയും അവരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്.