ലണ്ടൻ: ഏഷ്യാക്കാരൻ എന്ന് ഏറെക്കുറെ ഉറപ്പിച്ചു. പക്ഷെ ആരാണ് ആ ഭീകരൻ? ഇന്നലെ ലണ്ടൻ പാർലമെന്റ് ആക്രമണം വഴി 5 പേരുടെ കൊലപാതകത്തിന് ഉത്തരവാദിയായ ഭീകരന്റെ ഐഡന്റിറ്റി തപ്പി ബ്രിട്ടീഷ്, അമേരിക്കൻ, യൂറോപ്യൻ പൊലീസ് സേനകൾ മണിക്കൂറുകൾ ചെലവഴിച്ചിട്ടും അയാളുടെ പേരടക്കം പ്രാഥമിക വിവരങ്ങൾ പുറത്തു വിടാൻ കഴിഞ്ഞിട്ടില്ല. പൊലീസ് പ്രത്യാക്രണത്തിൽ കൊല്ലപ്പെട്ട ഭീകരന്റെ ഡിഎൻഎ സാമ്പിളുകൾ വഴി അയാളുടെ ഉറവിടം കണ്ടെത്താൻ ഉള്ള ശ്രമമാണ് രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്നത്.

ബ്രിട്ടീഷ് രഹസ്യന്വേഷണ ഏജൻസികളായ എ 15 എം 16 എന്നിവയും രാജ്യന്തര ഏജൻസികളും അക്രമം നടന്ന ഉടൻ കൈകോർത്തിട്ടും ഇയാൾ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രാഥമികമായി ബ്രിട്ടീഷ് പൗരൻ ആണോ അതോ അക്രമം നടത്താൻ മറ്റ് എവിടെ നിന്നെങ്കിലും എത്തിയതാണോ എങ്കിൽ എവിടെ നിന്ന്, അയാൾ നടത്തിയ മുന്നൊരുക്കങ്ങൾ, ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ, ആരുടെ ഒക്കെ സഹായങ്ങൾ ലഭ്യമായി തുടങ്ങി നിരവധി കണക്കിന് ചോദ്യങ്ങൾക്കാണ് പൊലീസ് വിഭാഗങ്ങൾ ഉത്തരം തേടുന്നത്.

ഇയാളുടെ ഉറവിടം കണ്ടെത്താൻ കാലതാമസം നേരിടുന്നതിനാൽ ഇന്നലെ രാത്രിയും ലണ്ടൻ നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പു വരുത്തി മറ്റൊരു ആക്രണ സാധ്യത ഇല്ലാതാക്കാൻ ഉള്ള ശ്രമമാണ് പൊലീസ് സ്വീകരിച്ചത്. മുഴുവൻ സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കാൻ പറ്റില്ലെന്ന് സ്‌കോട്ട്‌ലന്റ് യാർഡ് വക്താവ് സൂചന നൽകുകയും ചെയ്തിരുന്നു. ഇന്നലെ ആക്രമത്തിന് പിന്നാലെ വീണ്ടും ആക്രമണം ഉണ്ടായാൽ പാർലമെന്റിൻ നിന്നും പ്രധാനമന്ത്രി തെരേസ മേയെ ഹെലികോപ്റ്ററിൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുക ആയിരുന്നു പൊലീസ് പദ്ധതി. ഇതിനായി ഹാംഷെയറിലെ റോയൽ എയർ ഫോഴ്സിന്റെ ചിന്തക്ക് ഹെലികോപ്റ്റർ പറക്കാൻ ആജ്ഞ കാത്തു നിൽക്കുകയും ചെയ്തു. എന്നാൽ അതിന്റെ ആവശ്യം ഉണ്ടായില്ല. തുടർ ആക്രമണ സാധ്യത ഏറെക്കുറെ അവസാനിച്ച ശേഷം പ്രധാനമന്ത്രി കേന്ദ്ര മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

ഇന്നലെ ആക്രമണം ഉണ്ടായ ഉടനെ ഭീകര വിരുദ്ധ സേന വിഭാഗങ്ങൾ എല്ലാം യുദ്ധകാല സന്നാഹത്തോടെ യോജിച്ചുള്ള പ്രത്യാക്രമണത്തിന് തയ്യാറെടുപ്പ് നടത്തിയിരുന്നു. ഏതു നിമിഷവും നഗര പ്രദേശങ്ങൾ കയ്യടക്കാൻ തയ്യാറായി സേനാ വിഭാഗങ്ങൾ ഉത്തരവ് കാത്തിരിക്കുകയായിരുന്നു. എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഓരോ സേനാ വിഭാഗങ്ങളെയും അടിക്കടി ബന്ധപ്പെട്ടു കൊണ്ടിരുന്നു.

ഭീകരനെ കണ്ടെത്താൻ സഹായിക്കുന്ന മൊബൈൽ ഫോൺ, ഇമെയിൽ, ഇന്റർനെറ്റ് ആപ്ലിക്കേഷൻ എന്നിവയുടെ എല്ലാം തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് ഇപ്പോൾ രഹസ്യാന്വേഷണ ഏജൻസുകൾ. ഏത് ചെറിയ തെളിവു പോലും നിർണ്ണാകമായി മാറിയേക്കാം എന്നിടത്താണ് പൊലീസിന്റെ ജാഗ്രത ഏറുന്നത്.

സാധാരണ ഭീകര ആക്രമണത്തെ അപേക്ഷിച്ച് ഇപ്പോൾ ഉണ്ടായതു പോലുള്ള ഒരാൾ ഒറ്റയ്ക്ക് നടത്തുന്ന നീക്കങ്ങൾ പൊലീസിന് കുറെക്കൂടി വെല്ലുവളി നിറഞ്ഞതാണ്. പൊലീസ് ഭാഷയിൽ കുറുക്കന്മാരായ ഇത്തരക്കാൻ ആക്രമണത്തിന് മുൻപ് തിരിച്ചറിയാൻ സഹായകമാകും വിധം ഒരു തരം ബന്ധവും പുലർത്തില്ല എന്നതാണ് വസ്തുത. മൊബൈൽ ഫോൺ ഉപയോഗിക്കുക പതിവില്ല. സുഹൃത്തുക്കളെ പോലും ബന്ധപ്പെടില്ല. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ കുടുംബവും ആയുള്ള ബന്ധം ഉപക്ഷിക്കുക എന്നതും ഇത്തരം ഭീകര ആക്രമണത്തിലെ പ്രത്യേകതയാണ്.