ആലപ്പുഴ : വിവിധ രാജ്യങ്ങളിലെ ജയിലിൽ കഴിയുന്ന തടവുകാരുടെ യാതനകൾ ഞെട്ടലോടെ കേൾക്കുകയാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് സ്ഥിതിചെയ്യന്ന ചെട്ടികാടെന്ന ഗ്രാമം. പാക്കിസ്ഥാനിലും മറ്റും തടവിൽ കഴിയുന്നവരെ മടക്കിക്കൊണ്ടുവരാനുള്ള നയതന്ത്രനീക്കങ്ങളെക്കുറിച്ചു പാർലമെന്റിൽ ഇപ്പോൾ നടന്നുവരുന്ന ചർച്ചകളെ പ്രതീക്ഷയോടെയും ആശ്വാസത്തോടെയും ചെവിയോർക്കുകയാണവർ.

ഇവിടെനിന്നും പത്തൊൻപതു വർഷം മുമ്പു മീൻപിടിക്കാൻ പോയ അഞ്ചു ഗൃഹനാഥന്മാരെയാണ് കടലിൽ കാണാതായത്. മാരാരിക്കുളം തെക്ക് ചെട്ടിക്കാട് കുന്നേൽ തോമസ് (കൊച്ചാണി-52), ചാരങ്കാട്ട് സെബാസ്റ്റ്യൻ (അമ്പി-40), പൊന്നംപുരയ്ക്കൽ ജെയിംസ് (50), കൊച്ചീക്കാരൻ വീട്ടിൽ ബഞ്ചമിൻ (32) ,അഞ്ചുതൈക്കൽ ജേക്കബ്ബ് (42) എന്നിവരെയാണ് 1996 സെപ്റ്റബർ ഒൻപതിന് പുറം കടലിൽ കാണാതായത്. വലിയ മീൻപിടിക്കാനാണ് അഞ്ചു കുടുംബങ്ങളിൽനിന്നുള്ള ഗ്യഹനാഥന്മാർ വിടു വിട്ടിറങ്ങിയത്. എന്നാൽ അത് മടങ്ങിവരാത്ത യാത്രയാവുമെന്ന് ആരും കരുതിയില്ല. കടലിൽ ദീർഘനാളത്തെ തഴക്കവും പാരമ്പര്യവുമുള്ള ഇവർക്ക് ഏതു കാറ്റും കോളും അതിജീവിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

മകന്റെ നൂലുകെട്ട് ചടങ്ങിനുശേഷം ഉച്ചയൂണും കഴിച്ചാണ് ബഞ്ചമിനും സംഘവും കടലിലേക്ക് പുറപ്പെട്ടത്. ഇതായിരുന്നു ഈ കുടുംബങ്ങളുടെ അവസാനത്തെ ഓർമ്മ. ഇപ്പോൾ ബഞ്ചമിന്റെ മകൻ ബിനീഷ് വളർന്നു വലുതായി പട്ടണത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥിയാണ്. ബിനീഷിന് അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞ കേട്ടറിവ് മാത്രമേയുള്ളു. എന്നാൽ ജയിലിൽ കഴിയുന്നവരുടെ യാതനകൾ കേട്ട് നെഞ്ചിടിപ്പോടെ കഴിയുകയാണ് ഈ പത്തൊമ്പതുകാരൻ. യാതൊരു കുറ്റവും ചെയ്യാത്ത തന്റെ അച്ഛൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ബിനീഷ്. നാട്ടുകാരനും കാണാതായ അമ്പിയുടെ ജേഷ്ഠസഹോദരനുമായ ചാരങ്കാട്ട് സി.ജെ പീറ്ററിന്റെ വഞ്ചിയിലാണ് അഞ്ചംഗ സംഘം മൽസ്യബന്ധനത്തിനായി പുറപ്പെട്ടത്. പതിവായി എത്താറുള്ള ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായതോടെയാണ് തെരച്ചിൽ ആരംഭിച്ചത്.

രാത്രിയിൽ ഭക്ഷണമൊരുക്കാനുള്ള സാധനങ്ങളും ടാങ്കിൽ നിറച്ചതുൾപ്പെടെ 80 ലിറ്റർ ഇന്ധനവുമായാണ് സംഘം യാത്രതിരിച്ചത്. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും കടലിൽ ദിവസങ്ങളോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും ഫിഷറീസ് മന്ത്രി ടി.കെ. രാമകൃഷ്ണനും മുൻകൈയെടുത്ത് ആകാശനിരീക്ഷണത്തിനായി നേവിയുടെ സഹായം തേടിയെങ്കിലും ശ്രമം വിഫലമായിരുന്നു. പിന്നീടാണ് ഇന്ധനം തീർന്ന വള്ളം കാറ്റിൽ ഒഴുകി അതിർത്തി കടന്ന വാർത്ത അറിഞ്ഞത്.

എന്നാൽ സർക്കാരോ അധികാരികളോ ഇവരുടെ പിന്നീടുള്ള സ്ഥിതി അറിയാൻ തയ്യാറായില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അന്ന് ആലപ്പുഴ എം പി ആയിരുന്ന വി എം സുധീരൻ മൽസ്യത്തൊഴിലാളികളെ കടലിൽ കാണാതായ വിവരം പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ശ്രീലങ്കയിൽനിന്നുള്ള തമിഴ് പുലി ആക്രമണം രൂക്ഷമായ അവസരത്തിലായിരുന്നു കൊച്ചാണിയെയും സംഘത്തെയും കാണാതായത്. കാണാതായ സംഘത്തിലെ കുന്നേൽ തോമസിന് അഞ്ചും, പൊന്നംപുരയ്ക്കൽ ജെയിംസിന് നാലും കുട്ടികളുണ്ടായിരുന്നു. പെൺമക്കളെ കെട്ടിച്ചയക്കാൻ പാടുപെട്ട ഈ കുടുംബങ്ങൾ പട്ടിണിയുടെയും ദുരിതത്തിന്റെയും ആഴക്കയങ്ങളിൽപെട്ടിട്ടും തിരിഞ്ഞനോക്കാൻ ആളില്ല.