കാസർഗോഡ്: ഒടുവിൽ കോടീശ്വര പുത്രിയായ +2 വിദ്യാർത്ഥിനി നാടകീയമായി ഹൈക്കോടതിയിൽ ഹാജരായി. എന്നാൽ തട്ടിക്കൊണ്ടു പോയ പ്രതിയെ പിടികൂടാനായില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13 ന് നീലേശ്വരം കാട്ടിപ്പൊയിൽ ചൂരിക്കാട് ഹൗസിലെ സജീഷ് ചന്ദ്രനാണ് തൃശ്ശൂർ പേരാമംഗലത്തെ പതിനാറുകാരിയുമായി കടന്നു കളഞ്ഞത്. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി കൂടിയായ ഇയാൾ രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസ് അടിയന്തര സന്ദേശം നൽകിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പേരാമംഗലത്തെ കോടീശ്വരന്റെ മകളാണ് പെൺകുട്ടി. തൃശ്ശൂരിൽ കാർ ഷോറൂമിൽ ജോലി ചെയ്യവേയാണ് പെൺകുട്ടിയുടെ കുടുംബവുമായി സജീഷ് ചന്ദ്രൻ അടുപ്പത്തിലായത്. കുട്ടിയുടെ പിതാവ് റെയ്ഞ്ച് റോവർ കാർ വാങ്ങാൻ ഷോറൂമിലെത്തിയതോടെയാണ് തട്ടിപ്പ് ലാക്കാക്കി സജീഷ് ചന്ദ്രൻ അടുപ്പത്തിലായത്.

കാഴ്ചയിൽ സുമുഖനും പെരുമാറ്റത്തിൽ മാന്യനുമായ സജീഷ് ചന്ദ്രൻ അവസരം മുതലെടുക്കാൻ തന്നെയൊരുങ്ങി. കോടീശ്വരന്റെ വീടുമായി നിരന്തര ബന്ധം പുലർത്തി. കാറിന്റെ കാര്യങ്ങൾ പറഞ്ഞാണ് അടുപ്പം വളർത്തിയത്. ബന്ധം വളർന്നപ്പോൾ വീട്ടിൽ നിത്യസന്ദർശകനായി. ഈ അവസരം അയാൾ ശരിക്കും മുതലെടുത്തു. കൂടുതൽ ഇടപഴകാൻ അവസരം ലഭിച്ചതോടെ പെൺകുട്ടിയുമായി പ്രണയത്തിലായി. കാര്യമറിയാത്ത വീട്ടുകാർ പെൺകുട്ടിയെ കുതിര സവാരി പഠിപ്പിക്കാൻ നിയോഗിച്ചതും സജീഷ് ചന്ദ്രനെയായിരുന്നു.

അതോടെ പ്രണയം വളർന്നു. എന്നാൽ ഈ അവസരത്തിൽ മെഡിക്കൽ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീഷിനെ പൊലീസ് തിരയുന്നുണ്ടായിരുന്നു. കോടീശ്വരന്റെ വീടുമായുണ്ടായിരുന്ന ബന്ധം കാരണം ഇയാൾ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇത്രയും വലിയ തട്ടിപ്പുകാരനാണ് തങ്ങളുടെ വിശ്വസ്തനായ ആളെന്ന് തിരിച്ചറിയാത്ത രീതിയിലായിരുന്നു സജീഷിന്റെ പെരുമാറ്റം.

ഓഗസ്റ്റ് 13 ന് പെൺകുട്ടിയുമായി സജീഷ് ചന്ദ്രൻ കടന്നു കളയുകയും പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകുകയും ചെയ്തതോടെയാണ് ഇയാളും പെൺകുട്ടിയും കാസർഗോഡ് ഒളിവിൽ കഴിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടർന്ന് പേരാമംഗലത്തു നിന്നും പൊലീസ് കാസർഗോട്ടെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതി പെൺകുട്ടിയുമായി മുങ്ങുകയായിരുന്നു. തങ്ങൾ അന്വേഷിക്കുന്ന വ്യക്തി മെഡിക്കൽ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണെന്ന് കാസർഗോട്ടെത്തിയപ്പോഴാണ് പൊലീസ് അറിയുന്നത്. രണ്ടാഴ്‌ച്ചക്കാലം പെൺകുട്ടിയോടൊപ്പം കഴിഞ്ഞ സജീഷ് തന്ത്രപരമായി പെൺകുട്ടിയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയും പെൺകുട്ടി അവരോടൊപ്പം പോവുകയും ചെയ്തു. പൊലീസ് വൈദ്യപരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു.

സജീഷിനെ തേടി ക്രൈം ബ്രാഞ്ച് പൊലീസ് ഗോവയിലും ബംഗളൂരുവിലും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ആഡംബര ജീവിതത്തിനു വേണ്ടി തട്ടിപ്പ് നടത്തി വരുന്ന ഇയാൾ വിദേശത്തു കടക്കാൻ ശ്രമിക്കുന്നത് തടയാൻ വേണ്ടി വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ മാസ്റ്റർ എഡുക്കേഷൻ കൺസൽട്ടന്റ് എന്ന സ്ഥാപനം കേന്ദ്രീകരിച്ച് കർണ്ണാടകത്തിലെ മെഡിക്കൽ കോളേജിൽ സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാളുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കൂട്ടാളികളുമൊത്ത് മെഡിക്കൽ സീറ്റ് തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.