- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ബെസ്റ്റ് പി.ആർ.ഡി! ജയിലിൽ കിടക്കുന്ന പ്രതിയെ അന്വേഷിച്ച് പത്ര പരസ്യം; മുഖ്യമന്ത്രിയുടെ തള്ളുകൾ പ്രചരിപ്പിക്കാനുള്ള തിരക്കിനിടയിൽ പൊതുജന അറിയിപ്പുകൾ മറക്കുന്നുവെന്ന് ആക്ഷേപം; കൊലക്കേസിലെ പ്രതിയെ പിടിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത് പ്രതിയെ റിമാന്റ് ചെയ്തതിന് ശേഷം
തിരുവനന്തപുരം: ഇരട്ട കൊലക്കേസ് പ്രതിയെ പിടിക്കാൻ പൊലീസ് പുറപ്പെടുവിച്ച ലൂക്കൗട്ട് നോട്ടീസ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തതിനും ശേഷം ദിവസങ്ങൾ കഴിഞ്ഞ്. ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ പൊലീസിറക്കിയ ലൂക്ക് ഔട്ട് നോട്ടീസ് പ്രതി ജയിലിലായതിന് ശേഷം മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ച സംസ്ഥാന പി.ആർ.ഡി വകുപ്പിന്റെ കാര്യക്ഷമതയെക്കുറിച്ച് വിമർശനം.
പത്തനംതിട്ട ആറന്മുളയിൽ ബധിരയും മൂകയുമായ ഭാര്യ ശ്യാമ, മകൾ മൂന്നുവയസ്സുകാരി ആദിശ്രീ എന്നിവരുടെ മരണത്തിൽ ഭർത്താവ് വിനീതിനെ ജൂൺ ഒന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ കോടതി റിമാന്റ് ചെയ്ത് ജയിലിലേക്ക് വിട്ടു. എന്നാൽ ജയിലിൽ കിടക്കുന്ന പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നെങ്കിൽ പത്തനംതിട്ട പൊലീസ് മേധാവികളെ അറിയിക്കണം എന്ന ലൂക്ക് ഔട്ട് നോട്ടീസ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ജൂൺ 5ആം തീയതി ആണ്.
പ്രതി ഒളിവിൽ പോയ ഉടനെ പുറത്തിറക്കിയ ലൂക്ക് ഔട്ട് നോട്ടീസ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പൊലീസ് പി.ആർ.ഡിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച് വന്നത് പ്രതിയെ പിടിച്ചിട്ടാണെന്ന് മാത്രം. പ്രതിയെ പിടിച്ചുവെന്നും ഈ ലൂക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പി.ആർ.ഡിയെ അറിയിച്ചിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാർ മറുനാടൻ മലയാളിയുടെ അന്വേഷണത്തോട് പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന്റെ അറിയിപ്പുകളും ക്ഷേമപ്രവർത്തനങ്ങളും ഒക്കെ പൊതു ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വകുപ്പാണ് സംസ്ഥാനത്തെ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസാണ്.
മെയ് ആറാം തീയതിയാണ് ശ്യാമയേയും മകളേയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കേ മെയ് 12-ന് ആദിശ്രീയും 13-ന് ശ്യാമയും മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നാലെ ശ്യാമയുടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം പിന്നിട്ടെങ്കിലും പലപ്പോഴും സ്ത്രീധനത്തിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വിനീത് തന്നെ സമീപിച്ചിരുന്നതായി ശ്യാമയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. വിനിതീന്റെ മാതാപിതാക്കൾക്ക് എതിരായും പരാതിയിൽ പരാമർശമുണ്ടായിരുന്നു.
എന്നാൽ പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവിൽ പോയി. കേരളം വിട്ട ഇവർ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഒളിവിൽ കഴിഞ്ഞു. ഇതിനിടെ വിനീത് നാട്ടിൽ എത്തിയതായി വിവരം ലഭിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ വിനീതിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് ചുമത്തി. ഇപ്പോഴും ഒളിവിലുള്ള വിനീതിന്റെ മാതാപിതാക്കൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.