പലു: ഇന്തൊനേഷ്യയെ തകർത്ത് സുനാമിയിലും ഭൂചലനത്തിലും മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. സുലാവസി ദ്വീപിനെ തകർത്തെറിഞ്ഞ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർ കുഴപ്പങ്ങൾ മുതലെടുത്തുകൊള്ളയിലേക്ക് നീങ്ങിയിരിക്കുകയാണ്. തീരദേശ നഗരമായ പലുവിൽ കടകൾ കൊള്ളയടിക്കുന്നത് തടയാൻ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും, കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

കുട്ടികൾ അടക്കം രണ്ടുലക്ഷത്തോളം പേർക്കാണ് അടിയന്തരസഹായം വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഭക്ഷണവും കുടിവെള്ളവും കിട്ടാതായതോടെ, വിശപ്പും, ദാഹവും സഹിക്കവയ്യാതെ ആളുകൾ ദുരിതത്തിലാണ്. ആശുപത്രികൾ പരിക്ക് പറ്റിയവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കമ്പ്യൂട്ടറുകളും പണവും മോഷ്ടിച്ചതിന് 35 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ കടകൾ തുറന്നിരുന്നില്ല. ഇപ്പോൾ കടകളും എടിഎമ്മുകളും തുറന്നെന്നും, ഇനി കൊള്ള നടത്തിയാൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നുമാണ് അധികൃതകരുടെ നിലപാട്.

വെള്ളിയാഴ്ച ഭൂകമ്പമാപിനിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീരദേശ നഗരമായ പാലു പൂർണമായും തകർന്നു. ഭൂകമ്പത്തിനും സുനാമിക്കും ഇരകളായ രണ്ട് ലക്ഷത്തിലേറെപ്പേരുടെ പുനരധിവാസത്തിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി രാജ്യാന്തര സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഇൻഡോനീഷ്യ. നിലവിൽ ഇൻഡോനീഷ്യൻ പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

മരുന്നുകൾ സ്റ്റോക് തീരുന്നതും തകർന്നുവീണ വലിയ കെട്ടിടങ്ങളിൽനിന്നു കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനു സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവർത്തകരെ പ്രതിരോധത്തിലാക്കുന്നുണ്ട്. പലു നഗരത്തിനു സമീപത്തെ പൊബോയ കുന്നിൽ 100 മീറ്റർ നീളമുള്ള കുഴിയാണ് 1,300 ഇരകളെ സംസ്‌കരിക്കുന്നതിനു തയാറാക്കിയത്.

ഒരുലക്ഷത്തി 91,000 പേർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് കോഡിനേഷൻ ഓഫീസ് അറിയിച്ചത്. ഇതിൽ 46,000 പേർ കുട്ടികളാണ്. 14,000 മുതിർന്നവരുമുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് എത്താൻ കഴിയാത്ത സ്ഥലങ്ങളിലും ദുരിതത്തിലായ ആളുകൾ കഴിയുന്നതെന്നാണ് പ്രശ്‌നം സങ്കീർണമാക്കിയത്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ പെട്ട മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാനുള്ളതുകൊണ്ട് മരണസംഖ്യ ഇനിയുമേറുമെന്ന കാര്യം ഉറപ്പാണ്. ചൂടേറിയ കാലാവസ്ഥയായതിനാൽ, പകർച്ച വ്യാധി ഭീഷണിയും നിലനിൽക്കുന്നു.