ലണ്ടൻ: കോമൺവെൽത്ത് രാജ്യങ്ങളിലെ ജനപ്രധിനിധികളെ നല്ല രാഷ്ട്രീയം പഠിപ്പിക്കാൻ കോടികളാണ് ബ്രിട്ടൻ ഓരോ വർഷവും മുടക്കുന്നത്. ഈ ഫണ്ട് പ്രയോജനപ്പെടുത്തി അനേകം രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇതിനകം ബ്രിട്ടനിൽ എത്തി കാഴ്ചകൾ കണ്ടു മടങ്ങിക്കഴിഞ്ഞു. എന്നാൽ ഇതിൽ എത്ര പേർ സന്ദർശനത്തിന്റെ യഥാർത്ഥ ഉദ്ദേശ ലക്ഷ്യത്തോടെ നീതി പുലർത്തി നാട്ടിൽ എത്തി പ്രവർത്തന രീതിയിൽ മാറ്റം വരുത്തി എന്ന ചോദ്യമെറിഞ്ഞാൽ അത് തീർച്ചയായും അസ്ഥാനത്തായി പോയേക്കും.

ഏതാനും മാസം മുൻപ് മന്ത്രി എ കെ ബാലൻ അടക്കം പത്തോളം എംഎൽഎമാർ ബ്രിട്ടീഷ് പാർലിമെന്റിൽ രാഷ്ട്രീയം പഠിക്കാൻ എത്തിയപ്പോൾ അവധി സമയം ആയിരുന്നതിനാൽ പുറത്തു നിന്നും കണ്ടു മടങ്ങേണ്ടി വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നു ഭാവിയിൽ ഇത്തരം സന്ദർശന പരിപാടികൾക്ക് കർശന ചട്ടക്കൂട് ആവശ്യം ആണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. സന്ദർശന പട്ടികയിൽ പെടാതെ പോയ ഒരു പ്രതിപക്ഷ എംഎൽഎ ഇത് സംബന്ധിച്ച് അടുത്ത നിയമ സമ്മേളനത്തിൽ ചോദ്യം ചോദിക്കാൻ തയ്യാറാകുന്നതും രാഷ്ട്രീയം നന്നാകട്ടെ എന്ന ലക്ഷ്യത്തോടെയല്ല, മറിച്ചു തങ്ങളുടെ കൂട്ടത്തിൽ നിന്നും വേണ്ട വിധം ആളുകൾ ഉൾപ്പെടാതെ പോയതുകൊണ്ട് മാത്രമാണ്.

കാര്യങ്ങൾ ഇത്തരത്തിൽ ജനശ്രദ്ധയിൽ എത്തവേയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി താൽപ്പര്യം എടുത്ത മന്ത്രിസഭാ യോഗം നടക്കാതെ പോയത് വാർത്തകളിൽ ഇടം പിടിക്കുന്നത്. അസാധാരണ യോഗം എന്ന നിലയിൽ ഒഴിവു കഴിവ് പറയാമായിരുന്നത് ഒന്നോ രണ്ടോ പേർക്ക് മാത്രമാണെങ്കിൽ 13 പേർ ഒറ്റയടിക്ക് മുങ്ങിയതോടെ കോറം തികയാതെ സമ്മേളനം നാളത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. അടിയന്തിര സ്വഭാവമുള്ള ഓർഡിനാസ് പാസ്സാകുന്നതിനു വേണ്ടിയാണു മന്ത്രിസഭാ യോഗം വിളിച്ചത്. സിപിഐയുടെ നാല് മന്ത്രിമാരും വയനാട് ജില്ലാ സമ്മേളനത്തിൽ ആകുകയും മറ്റു മന്ത്രിമാർ സ്വന്തം തട്ടകങ്ങളിൽ ആയതു കൊണ്ടുമാണ് മന്ത്രിസഭാ യോഗം പാളിയത് എന്ന് വിശദീകരണം എത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും അത്ര വലിയ കാര്യം ആക്കേണ്ട എന്ന മട്ടിൽ ഇന്നലെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വെളിപ്പെടുത്തിയതോടെ ഇത്തരം കാര്യങ്ങളിൽ സംസ്ഥാന നേതാക്കൾ എത്ര ഗൗരവം നൽകുന്നുണ്ട് എന്നത് കൂടിയാണ് വ്യക്തമാകുന്നത് .

മന്ത്രിസഭാ യോഗങ്ങൾ കോറം തികയാതെ മാറ്റിവയ്‌ക്കേണ്ടി വരുന്നത് ഇന്ത്യയിൽ തന്നെ അപൂർവം ആയിരിക്കെയാണ് നേതാക്കൾ കാര്യങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുന്നത്. ഈ മന്ത്രിസഭയുടെ സമയത്തു ഇത് രണ്ടാം വട്ടമാണ് ഇങ്ങനെ മന്ത്രിമാർ മനഃപൂർവം വിട്ടുനിൽക്കുന്നത്. നേരത്തെയും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. സത്യത്തിൽ അതൊരു രാഷ്ട്രീയ നീക്കം ആയി വ്യാഖ്യാനിക്കപ്പെടുക ആയിരുന്നു. ആ നീക്കമാണ് ചാണ്ടിയുടെ രാജിക്ക് വേഗത വർധിപ്പിച്ചതും. സിപിഐ നടപടി പിന്നീട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിമർശിക്കുകയൂം സിപിഐയും സിപിഎമും തമ്മിലുള്ള രാഷ്ട്രീയ അകലം കൂട്ടാൻ കാരണമാകുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഇത്തരം ചക്കളത്തി പോരാട്ടം നടത്തുമ്പോഴാണ് യുകെയിൽ നിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നത്.

ഒരു പക്ഷെ കേരള നേതാക്കൾ കേട്ടാൽ തലയറഞ്ഞു ചിരിക്കുമായിരിക്കും. ഒരാഴ്ച മുൻപാണ് ലോർഡ് ബെറ്റ്‌സ് താൻ പത്തു മിനിറ്റ് സഭയിൽ എത്തിയപ്പോൾ താൻ മറുപടി പറയേണ്ട ഒരു വിഷയത്തിൽ അംഗങ്ങൾ ഗൗരവമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. തന്റെ നടപടിയിൽ കുണ്ഠിതം തോന്നിയ അദ്ദേഹം അപ്പോൾ തന്നെ മന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതായി സഭയിൽ പ്രഖ്യാപിക്കുക ആയിരുന്നു. എന്നാൽ മന്ത്രി വൈകാരികമായി നടത്തിയ പ്രതികരണം എന്ന നിലയിൽ പ്രധാനമന്ത്രി തെരേസ മേ രാജി സ്വീകരിച്ചില്ല. പക്ഷെ ഈ സംഭവം വ്യാപകമായി സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. രാഷ്ട്രീയത്തിലെ നേരിനും നെറിക്കുമുള്ള ഉദാഹരണമായാണ് ലോർഡ് ബെറ്റ്‌സിനെ ഇപ്പോൾ യുകെ മലയാളികൾ വിശേഷിപ്പിക്കുന്നത്. ക്രിമിനൽ കുറ്റം പോലും ആരോപിക്കപ്പെടുന്ന് മന്ത്രിമാരും എംഎൽഎമാരും ഒക്കെ കളങ്കം ഇല്ലാതെ സഭയിൽ എത്തുന്ന കേരള രാഷ്ട്രീയത്തിൽ ഇത്തരം കാഴ്ചകൾ എന്നെങ്കിലും പ്രതീക്ഷിക്കാമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

ഇന്റർനാഷണൽ ഡെവലൊപ്‌മെന്റ് വകുപ്പിൽ രണ്ടു വർഷമായി മന്ത്രി സ്ഥാനത്തു ഇരിക്കുന്ന ലോർഡ് മൈക്കേൽ ബേറ്റ് സഹപ്രവർത്തകർ അരുതേ എന്ന് ബഹളം കൂട്ടവെയാണ് രാജി പ്രഖ്യാപിക്കുന്നത്. മാധ്യമങ്ങൾ പുറത്തു വിട്ട ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. മൈക്കേൽ ബെയ്റ്റിന്റെ നടപടി സർവരെയും അമ്പരപ്പിച്ചു എന്ന് സഭയിൽ ഉയർന്ന ബഹളം തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വർഷമായി സഭയിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ലേബർ പാർട്ടി അംഗം രൂത്ത് ലിസ്റ്ററുടെ ചോദ്യത്തിന് ആയിരുന്നു മൈക്കൽ ബേറ്റ് മറുപടി പറയേണ്ടിയിരുന്നത്. ബെയ്റ്റിന്റെ നടപടി കേരളത്തിലെ നിയമ സഭ അംഗങ്ങൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ടത് ആണെന്നാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്.