കോഴിക്കോട്: ലോറി ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിലുള്ള വാക്കുതർക്കം തടയാൻ എത്തിയയാളെ ലോറി കയറ്റി കൊന്നു. സംഭവശേഷം നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ലോറി ഡ്രൈവറെയും ക്ലീനറെയും മർദ്ദിച്ച് അവശരാക്കി.

കുടരഞ്ഞിക്കടുത്ത മരഞ്ചാട്ടി അങ്ങാടിയിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മരഞ്ചാട്ടി കുമരഞ്ചേരി ഹസൻ (42) ആണ് കൊല്ലപ്പെട്ടത്. ലോറി ജീവനക്കാരായ മലപ്പുറം മോലാറ്റൂർ സ്വദേശി ഷെഫീഖ്, കക്കാടംപൊയിൽ ഖമറുദ്ദീൻ എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

കൂടരഞ്ഞി ഭാഗത്തുനിന്ന് ലോഡുമായെത്തിയ ലോറി മരഞ്ചാട്ടി അങ്ങാടിക്ക് സമീപം റോഡിന് നടുവിൽ നിർത്തിയിട്ട് ഡ്രൈവർ ആരോടോ സംസാരിച്ചുവെന്നും ഇതോടെ ഗതാഗത കുരുക്കുണ്ടായെന്നും നാട്ടുകാർ പറയുന്നു. ഇത് ചിലർ ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായത്. തർക്കം തുടരുന്നതിനിടെ ഹസനും മറ്റു ചിലരും മധ്യസ്ഥതയ്‌ക്കെത്തി.

ഇതിനിടെ ലോറി മുന്നോട്ട് എടുക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പക്ഷേ, കൂട്ടാക്കാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതോടെയാണ് അപകം ഉണ്ടായത്. റോഡരികിൽ പാർക്കുചെയ്ത ബൈക്കും ലോറി ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് നിർത്താതെ പാഞ്ഞ ലോറി നാട്ടുകാർ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ആയിഷയാണ് മരിച്ച ഹസന്റെ ഭാര്യ. മക്കൾ: ഹസ്‌ന, അനസ്.