- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടുകാണി ചുരത്തിൽ സിമന്റ് ലോറിക്ക് തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു; കത്തിനശിച്ചത് ആന്ധ്രയിൽ നിന്നും കൊണ്ടോട്ടിയിലേക്ക് സിമന്റുമായി വന്ന ലോറി
നിലമ്പൂർ: സംസ്ഥാന അതിർത്ഥിയിൽ നാടുകാണി ചുരത്തിൽ സിമന്റുമായി വന്ന ലോറി കത്തിനശിച്ചു. ആന്ധ്രയിലെ നെല്ലാരിയിൽ നിന്നും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലേക്ക് സിമന്റുമായി വരികയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
ചുരത്തിൽ ഒന്നാം വളവിൽ വച്ചാണ് ലോറി അഗ്നിക്കിരയായത്. ഒന്നാം വളവിൽ വെച്ച് ലോറിയുടെ ടയർപൊട്ടിയത് മാറ്റിയിടാൻ റോഡിന്റെ വശത്തേക്ക് മാറ്റി നിർത്തുന്നതിനിടയിലാണ് ഡീസൽ ടാങ്കിന് സമീപത്തു നിന്നും തീ ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ഡ്രൈവർ ലോറി റോട്ടിലിട്ട് വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ സമയം ചുരത്തിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. പിന്നീട് നിലമ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സിമന്റ് ചാക്കുകൾ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ലോറിക്കും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്നത് പുലർച്ചെ ആയതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല.
കത്തി നശിച്ച ലോറി സംഭവ സ്ഥലത്ത് നിന്നും റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് നിന്നും 100 മീറ്റർ അകലെ അയൽ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് പഞ്ചസാരയുമായി വന്ന ലോറിയും സമാനമായി കത്തി നശിച്ചിരുന്നു.