ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. തൂക്ക് നിയമസഭയാകും ഡൽഹിയിൽ അധികാരത്തിൽ വരികയെന്നാണ് ബിജെപി വിലയിരുത്തൽ. എന്നാൽ ഈ തിരിച്ചടിക്ക് കാരണം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്നാണ് ബിജെപിയുടെ നിലപാട്. എല്ലാം കിരൺ ബേദിയുടെ നേതൃത്വത്തിന് വന്ന വീഴ്ചയാണെന്നാണ് വിശദീകരണം. ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് പിഴച്ചെന്ന് തന്നെയാണ് വാദം.

മുൻ പൊലീസ് ഓഫീസർ കൂടിയായിരുന്ന കിരൺബേദി ബിജെപിയിൽ എത്തിയത് കഴിഞ്ഞ മാസം മാത്രമാണ്. ഉടൻ തന്നെ ഇവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കുന്നതിനുള്ള തീരുമാനം പാർട്ടിക്കുള്ളിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. മെയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായെങ്കിലും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനോട് എതിരിടാൻ കഴിയുന്ന ഒരു മികച്ച നേതാവിനെ ഉയർത്തിക്കാട്ടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. കിരൺ ബേദിയെ മുന്നിൽ നിറുത്തിയതോടെ ബിജെപിയിൽ ഉൾപോരും രൂക്ഷമായി. ഇതും പരാജയത്തിന് കാരണമായെന്നാണ് ബിജെപിയുടെ കണ്ടെത്തൽ.

എങ്കിലും ഡൽഹി തെരഞ്ഞെടുപ്പിൽ 34 സീറ്റുകൾ നേടുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. അതിനിടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത് 36 ഡൽഹി ഫലപ്രഖ്യാപനം ചൊവ്വാഴ്ച പുറത്തുവരാനിരിക്കെ ഫലം എന്തായാലും അതിന്റെ ഉത്തരാദിത്വം താൻ ഏറ്റെടുക്കുമെന്ന് കിരൺബേദിയും വ്യക്തമാക്കി. എക്‌സിറ്റ് പോളുകൾ ആംആദ്മിക്ക് സുനിശ്ചിത വിജയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫലം പ്രഖ്യാപിക്കുന്നത് വരെ കാണാമെന്നാണ് ബേദിയുടെ നിലപാട്. ബേദിയുടെ എതിരാളി അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാകുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകുന്ന സൂചന.

ആംആദ്മിപാർട്ടി 41 സീറ്റുകൾ എങ്കിലും നേടുമെന്നാണ് പ്രവചനം. ബിജെപി 27 സീറ്റും കോൺഗ്രസ് മൂന്ന് സീറ്റുകളും നേടും. അതേസമയം ബിജെപി തന്നെ മുന്നിലെത്തുമെന്ന് കിരൺബേദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. റെക്കോഡ് പോളിങ് നടന്ന ഡൽഹിയിൽ ശനിയാഴ്ച പോൾ ചെയ്തത് 67.1 ശതമാനം വോട്ടുകളായിരുന്നു.വോട്ടെടുപ്പ് ദിവസത്തെ മൂന്നു മണി വരെയുള്ള വോട്ടിങ് അടിസ്ഥാനമാക്കിയുള്ള ഫലങ്ങളാണ് പുറത്തുവന്നതെന്നും അതിനു ശേഷമുള്ള മൂന്ന് മണിക്കൂറുകളിലെ വോട്ട് ശതമാനം കൂടി കണക്കിലെടുക്കുമ്പോൾ പാർട്ടിക്ക് വിജയം ഉറപ്പാണെന്നും ബിജെപി പറയുന്നു.

ഇന്നലെ രാവിലെ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് വൈകിട്ട് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരും സംസ്ഥാന ഘടകം നേതാക്കളും മുഴുവൻ സ്ഥാനാർത്ഥികളും അടങ്ങുന്ന യോഗവും ചേർന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഈ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനന്ത്കുമാർ മാത്രമാണ് വിജയം ഉറപ്പാണെന്ന് വ്യക്തമാക്കിയത്. കേഡർ മികച്ച രീതിയിൽ പ്രവർത്തിച്ചതായും ഫല പ്രഖ്യാപനം വരെ കാത്തിരിക്കാൻ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.