- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് കേസുകളിൽ പ്രതിയാകുന്നവരും അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുടുങ്ങുന്നവരും രക്ഷപ്പെടുന്നത് ലോട്ടറിമറയുടെ സഹായത്തിൽ; ലോട്ടറി സമ്മാനത്തുക സമ്മാനാർഹർക്ക് നൽകി ലോട്ടറി കൈക്കലാക്കുന്ന സംഘം സംസ്ഥാനത്ത് സജീവം; പത്തുവർഷത്തെ സമ്മാനാർഹരുടെ പട്ടിക ലോട്ടറി വകുപ്പിനോട് ചോദിച്ചത് വിശദ അന്വേഷണത്തിന്; ഭാഗ്യക്കുറിയിലും ഇഡി കണ്ണുകൾ
കൊച്ചി: സംസ്ഥാനത്ത് ധനകാര്യവകുപ്പിന്റെ മേൽനോട്ടത്തിലുള്ള ലോട്ടറി ഡിപ്പാർട്ടുമെന്റിലെ കള്ളപ്പണം വെളുപ്പിക്കലും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുവെന്ന് റിപ്പോർട്ട്. കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡിന് പിന്നാലെ അതും നിരീക്ഷണത്തിലാണ്. ഇതിനൊപ്പമാണ് കള്ളപ്പണം വെളിപ്പിൽ അന്വേഷണത്തിൽ ലോട്ടറിയും വരുന്നത്.
പത്തുവർഷത്തെ സമ്മാനാർഹരുടെ പട്ടിക കേരള ലോട്ടറി വകുപ്പിനോട് ഇ ഡി ചോദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൻ ലോട്ടറിത്തട്ടിപ്പിടപാടും അതിന് നേതൃത്വം നൽകുന്നവരെയും കണ്ടെത്താനാണ് എൻഫോഴ്സ്മെന്റ് ശ്രമമെന്നാണ് റിപ്പോർട്ട്. വിജിലൻസ് ഡിപ്പാർട്ട്മെന്റ്, ലോട്ടറി ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ, ചില വൻകിട ലോട്ടറി ഏജന്റുമാർ, ചില അഭിഭാഷകർ തുടങ്ങിയവർ ചേർന്ന വൻ റാക്കറ്റ് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ഉണ്ടെന്നാണ് വിവരം.
ലോട്ടറി സമ്മാനത്തുക സമ്മാനാർഹർക്ക് നൽകി ലോട്ടറി കൈക്കലാക്കുന്ന സംഘത്തെക്കുറിച്ച് പലപ്പോഴും സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്നത് അതിനേക്കാൾ ഗൗരവമായ സാമ്പത്തിക ക്രമക്കേടുകളാണെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. വിജിലൻസ് കേസുകളിൽ പ്രതിയാകുന്നവരും അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുടുങ്ങുന്നവരും രക്ഷപ്പെടുന്നത് ലോട്ടറിമറയുടെ സഹായത്തിലാണെന്ന സൂചനകൾ അന്വേഷണ ഏജൻസിക്ക് കിട്ടിയിട്ടുണ്ട്.
അനധികൃത സ്വത്തല്ല, അത് ലോട്ടറി കിട്ടിയതാണെന്ന് കോടതിയിൽ ബോധ്യപ്പെടുത്തിയാണ് പല കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നത്. പഴയ വിജിലൻസ് കേസുകളിലെ വിധികളുടെ പുനരവലോകനം പോലും പരിഗണനയിലാണെന്ന് ജന്മഭൂമി പറയുന്നു. ഇടത്തരം സർക്കാർ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുടെ തലവന്മാരും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരുമാണ് ഈ ലോട്ടറി സംവിധാനം വഴി കള്ളപ്പണം വെളുപ്പിക്കുന്നത്.
മുൻകാലങ്ങളിലേതടക്കം മൂന്ന് ധനമന്ത്രിമാരുടെയെങ്കിലും കാലത്ത് അവരുടെ ഓഫീസിന് ഇടപാടുകളിൽ പങ്കുണ്ടെന്നാണ് കരുതുന്നതെന്നും ജന്മഭൂമി പറയുന്നു. ഇതേടെ കേരളത്തിൽ ധനവകുപ്പിന് കീഴിലെ കൂടുതൽ സ്ഥാപനങ്ങളിലേക്ക് ഇഡി അന്വേഷണം നീളുന്നതായാണ് സൂചന. കിഫ്ബിയിലേക്ക് വിശദ പരിശോധനയ്ക്കായി പ്രത്യേക സംഘത്തേയും ഇഡി നിയോഗിക്കും.
ശിവശങ്കറിനേയും സിഎം രവീന്ദ്രനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് ഇഡിയുടെ കണക്കു കൂട്ടൽ. ലോട്ടറി അടക്കമുള്ള വകുപ്പുകളിലെ ക്രമക്കേടുകളിലും ചോദ്യങ്ങൾ ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ