ൽഹിയിൽ താമരയ്ക്ക് യൗവ്വനം കൈവരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർഎസ്എസ് ഡൽഹിക്കു വേണ്ടി വ്യക്തമായ തന്ത്രം മെനഞ്ഞു കഴിഞ്ഞു. ബിജെപിക്കു വേണ്ടിയുള്ള ഈ പുറപ്പാട് യുവാക്കളെ രംഗത്തിറക്കി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണിപ്പോൾ. മൊത്തം 70 സീറ്റുകളിൽ 35-ലും യുവ കേസരികളെ മത്സര രംഗത്തിറക്കാനാണു പദ്ധതി. ഇവരെ എ ബി വി പിയിൽ നിന്നും കണ്ടെത്തും. ഭാരതീയ മൂല്യങ്ങളുടെ പ്രചാരണത്തിന് യുവജനങ്ങളെയാണ് സംഘ പരിവാർ മുന്നിൽ നിർത്തുന്നത്. ഇവരുടെ ബലത്തിലായിരിക്കും മോദിയുടെ ഡൽഹി ദൗത്യം നടക്കുക. ആം ആദ്മി പാർട്ടിയുടെ കുതന്ത്രങ്ങളേയും തെക്കും വടക്കുമില്ലാതെ അലയുന്ന കോൺഗ്രസിനെയും നേരിടാൻ യുവ ശക്തിയെ സൂക്ഷ്മമായ കൃത്യതയോടെയാണ് ബിജെപി രംഗത്തെത്തിക്കുന്നത്. അവഗണിക്കാനാവാത്ത ശക്തിയായ യുവ വോട്ടർമാരെ പാട്ടിലാക്കി ബിജെപിയെ ഡൽഹിയിൽ അധികാരത്തിലെത്തിക്കുക എന്നതു മാത്രമാണ് ലക്ഷ്യം.

'ഡൽഹി ജനസംഖ്യയുടെ 40 ശതമാനവും യുവജനങ്ങളാണ്. ഈ വിഭവമാണ് ചൂഷണം ചെയ്യേണ്ടത്. ഇത്തവണ ഞങ്ങൾക്ക് പാർലമെന്റിൽ യുവ അംഗങ്ങളുണ്ട്. ഡൽഹിയിൽ 70-ൽ 35-ലും യുവാക്കൾക്കായി നീക്കിവയ്ക്കാനാണ് തീരുമാനം,' ആർഎസ്എസ് ദേശീയ എക്‌സിക്യൂട്ടിവായ നന്ദകിഷോർ ഗാർഗ് പറയുന്നു. എ ബി വി പിയും പങ്കുവയ്ക്കുന്നത് സമാന കാഴ്ചപ്പാടാണ്. 'എല്ലാ തെരഞ്ഞെടുപ്പുകളിലും ഞങ്ങൾ അക്ഷീണം പ്രയത്‌നിക്കുന്നുണ്ട്. ഇത്തവണ ഒരു മാറ്റം കാണിച്ചു കൊടുക്കാൻ യുവ നേതാക്കൾക്ക് അവസരം ലഭിക്കണം,' എബിവിപി ദേശീയ സെക്രട്ടറി രോഹിത് ഛഹൽ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ യുവ നോതവ് പ്രവേശ് വർമ്മ വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് ജയിച്ചത് ഇതിലേക്കുള്ള സൂചനയായി നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ഇന്നത്തെ പല ബിജെപി നേതാക്കളും എബിവിപിയിലൂടെ വളർന്നു വന്നവരാണ്. 'ആർഎസ്എസ്-ബിജെപി യുവജന വിഭാഗവും എബിവിപിയും കഴിവുറ്റ രാഷ്ട്രീയക്കാരെ വാർത്തെടുത്തു കൊണ്ടിരിക്കുന്നു. അരുൺ ജെറ്റ്‌ലി, സതീഷ് ഉപാധ്യയ തുടങ്ങി പ്രമുഖരെല്ലാം ഈ പാതയിലൂടെ വന്നവരാണ്,' ഗാർഗ് പറയുന്നു.

ഡൽഹി യൂണിവേഴ്‌സിറ്റിൽ എൻഎസ്‌യുഐയെ പിന്നിലാക്കി അടുത്ത കാലത്തായി എബിവിപി മിക്ച്ച മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ സ്റ്റുഡന്റ്‌സ് യൂണിയൻ ഭരണവും എബിവിപിക്കാണ്. അതേസമയം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ തിരിച്ചടി നേരിടുകയും ചെയ്തിട്ടുണ്ട്. മികച്ച തന്ത്രങ്ങളൊരുക്കിയ സംഘ പരിവാർ യുവാക്കളോട് സന്ദേശ പ്രചരണവുമായി രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.