ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി നയൻതാര. തമിഴിലെ സൂപ്പർ താരമായ നയൻസിന്റെ സാന്നിധ്യം കൊണ്ട് തന്നെ ആദ്യം മുതൽ ശ്രദ്ധ നേടുകയാണ് ധ്യാനിന്റെ ചിത്രം ലവ് ആക്ഷൻ ഡ്രാമ.നിവിൻ പോളി നായകനായ ചിത്രത്തിൽ അഭിനയിക്കാൻ നയൻസ് സമ്മതം മൂളിയ കഥ നിർമ്മാതാവ് വിശാഖ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

നടി കഥ കേൾക്കാൻ നല്കുന്നത് മുപ്പതു മിനിട്ട് സമയം ആണ്. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ നോ പറയും. പക്ഷേ കഥ പറഞ്ഞു തുടങ്ങിയ ആദ്യ 10 മിനിട്ട് ഗൗരവത്തിൽ കേട്ടിരുന്ന ലേഡി സൂപ്പർസ്റ്റാർ അടുത്ത 20 മിനിട്ട് നിറുത്താതെ ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ സിനിമയിലേക്ക് നയൻതാര എത്തിയതെന്ന് നിർമ്മാതാവ് വിശാഖ് പറയുന്നു.

നായിക ചിരിച്ചതോടെ അതുവരെയുണ്ടായിരുന്ന വലിയ ടെൻഷനാണ് ഒഴിവായതെന്നും വിശാഖ് ഒരഭിമുഖത്തിൽ വ്യക്തമാക്കി. നായിക ഒഴിച്ച് ബാക്കി എല്ലാവരെയും കാസ്റ്റ് ചെയ്തു. നായികയായി നയൻസ് മതിയെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഒരു സംശയം മാത്രനടക്കുമോ നയൻതാര ഓകെ പറയുമോ ഒടുവിൽ രണ്ടും കൽപിച്ച് ധ്യാൻ നയൻതാരയെ വിളിക്കുകയായിരുന്നുവെന്നും വിശാഖ് പറയുന്നു.

വിശാഖ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും ചേർന്നു നിർമ്മിക്കുന്ന ആദ്യസിനിമ കൂടിയാണിത്.ശ്രീനിവാസനും പാർവതിയും അഭിനയിച്ച വടക്കുനോക്കി യന്ത്രം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.