ഇരിങ്ങാലക്കുട: പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് വെളിപ്പെടുത്തലിൽ മുസ്ലിം സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ സംസ്ഥാനത്ത് ലൗ ജിഹാദും ലഹരി ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്.

ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതൽ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു. പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് പ്രസ്താവന വലിയ വിവാദമാകുകയും ചർച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതൽ രൂപതകൾ രംഗത്ത് എത്തിയത്. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതൽ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടൻ വ്യക്തമാക്കി.

അതേസമയം പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് വരികയാണ് മുസ്ലിം സംഘടനകൾ. പ്രസ്താവന വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ടെന്നാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ആരോപണം. ബിജെപി സർക്കാരിന്റെ ആനുകൂല്യങ്ങളിൽ കണ്ണുവച്ചാണ് ബിഷപ്പിന്റെ നീക്കം. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

മുസ്ലിം തീവ്രവാദസംഘടനകൾ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയതോടെ പ്രതിരോധവുമായി കെസിവൈഎം ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പിന്നിൽ ക്രൈസ്തവ സംഘടനകൾ ഒന്നടങ്കം അണിനിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ബിഷപ്പിന്റെ ഗുരുതരമായ ആരോപണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായം വ്യക്തമാക്കണെന്നും പി.കെ. കൃഷ്ണദാസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ലൗ ജിഹാദിന് പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്.

പ്രണയമല്ല സംഭവിക്കുന്നത്. പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിന്റെയും ഭൂരിപക്ഷ സമുദായങ്ങളുടെയും ഈ ആശങ്ക സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്.

സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. നാർക്കോടിക് ജിഹാദ് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പാലാ ബിഷപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി ടി തോമസും രംഗത്തെത്തി. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും സഭ തകർക്കരുത്.

ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്ക് എടുക്കരുത്. ഏതെങ്കിലും സമുദായത്തിനു മേൽ കുറ്റം ചാർത്തുന്നത് അക്ഷന്തവ്യമായ തെറ്റാണ്. മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ പരാമർശം അത്ഭുതപ്പെടുത്തുന്നുവെന്നും മതസൗഹാർദ്ദത്തെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് സംശയമുണ്ടെന്നുമായിരുന്നു പി ടി തോമസിന്റെ പ്രതികരണം. അതേസമയം അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം ബിഷപ്പിന്റെ പ്രതികരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.