ചവറ: 'ജീവിക്കുകയാണെങ്കിൽ ഒരാളുടെ മനസ്സിൽ ജീവിക്കണം, അത് ഞാൻ സ്‌നേഹിക്കുന്ന പെണ്ണിന്റെ മനസ്സിൽ തന്നെ ജീവിക്കണം ആരൊക്കെ എതിർത്താലും'. വ്യാഴാഴ്ച കൊല്ലം ചവറയിൽ ആത്മഹത്യ ചെയ്ത അനന്ദു ദാസിന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്ന വാക്കുകളാണിത്. അനന്ദുവിന്റെ പോസ്റ്റ് അർത്ഥവത്താക്കുന്ന വാർത്തയായിരുന്നു പോസ്റ്റ് ഇട്ട ദിവസം രാവിലെ നാടറിഞ്ഞത്. 'ഒരു ദിവസം ഞാൻ ഈ ലോകത്ത് നിന്ന്

വിടവാങ്ങും
പിന്നെ ഒരിക്കലും തിരികെ വരില്ലാ
നിങ്ങൾ എന്നെ ഓർക്കുമൊ എന്ന് അറിയില്ല...
മറക്കില്ലാ എന്ന് കരുതുന്നു.
നിങ്ങൾ ഒരിക്കലും എന്റെ ചിരിയൊ ശബ്ദമൊ കേൾക്കില്ല..
അന്ന് നിങ്ങളെ ശല്യപ്പെടുത്താൻ
ഞാൻ വരില്ല..
നിങ്ങളെ ഒന്ന് ചിരിപ്പിക്കാൻ
എനിക്കാവില്ല..
വർഷങ്ങൾ കഴിയും തോറും നമ്മൾ അകലുകയാണ്'.

ഹാസ്യ നൃത്തകലാകാരനായ അനന്ദുതന്റെ ഫെയ്‌സ് ബുക്കിൽ ഈ വാക്കുകൾ കുറിച്ചിട്ടിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. ജാതിയും മതവും മറന്നുള്ള പ്രണയം തകർന്നതാണ് ജീവിതം വേണ്ട എന്ന തീരുമാനത്തിലേക്ക് എത്താൻ യുവാവിനെ പ്രേരിപ്പിച്ചത്.

നാട്ടിലേറെ പ്രയപ്പെട്ടവനായിരുന്നു അനന്ദു. പ്ലസ്ടുവിന് പഠിക്കുന്ന കാലം മുതലേ ഡാൻസ് ചെയ്യുമായിരുന്നു. കൂടാതെ പെയ്ന്റിങ്, കംപ്യൂട്ടർ തുടങ്ങീ വിവിധ മേഖലയിൽ ഏറെ പരിജ്ഞാനമുണ്ടായിരുന്നു. ഇതിനിടയിലാണ് ചവറ കൊട്ടുകാടിന് സമീപമുള്ള മുസ്ലിം പെൺകുട്ടിയുമായി അടുപ്പത്തിലാവുന്നത്. കൂട്ടുകാരുടെ ഇടയിലും അനന്ദുവിന്റെ വീട്ടിലും ഈ ബന്ധം അറിയാമായിരുന്നു. മകന്റെ ആഗ്രഹത്തിന് ഒരിക്കലും എതിരു നിന്നിട്ടില്ലാത്ത മാതാപിതാക്കൾ ബന്ധത്തിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. പെൺകുട്ടിയുടെ ജന്മദിനം പോലും അനന്ദുവിന്റെ വീട്ടിൽ ആഘോഷിച്ചിട്ടുണ്ട്. അത്രയേറെ അടുപ്പത്തിലായിരുന്നു ഇരുവരും.

ബി.എഡിന് ചവറയിലെ സ്വകാര്യകോളേജിൽ പഠിക്കുകയായിരുന്ന പെൺകുട്ടിക്ക് ഇതിനിടയ്ക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി. ഇതോടെ രണ്ടു പേരും പ്രതിസന്ധിയിലായി. പെൺവീട്ടുകാർ അനുവദിക്കാതെ വന്നപ്പോൾ ഒരുമിച്ച് ജീവിക്കാൻ ഒളിച്ചോടാനാണ് ഇവർ തീരുമാനിച്ചു. ഇതിനിടയിൽ പെൺകുട്ടിയും അനന്ദുവും തമ്മിലുള്ള ബന്ധം പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയുകയും പെൺകുട്ടിയെ നിർബ്ബന്ധിപ്പിച്ച് മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. ഇതോടെ എത്രയും വേഗം ഇരുവരും നാടുവിടാൻ തീരുമാനിച്ചിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല എന്നാണ് അനന്ദുവിന്റെ അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞത്.

അനന്ദു ഫെയ്‌സ് ബുക്കിൽ പോസ്റ്റുകൾ ഇട്ടിരിക്കുന്നത് വ്യാഴാഴ്ച പുലർച്ചെ 1.30 ന് ശേഷമാണ് ബുധനാഴ്ച രാത്രിയിൽ ഒരു പക്ഷേ ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചതാവും. പെൺകുട്ടി എത്താത്തതിൽ മനം നൊന്താവും അനന്ദു ഇത് ചെയ്തത്. അനന്ദുവിന്റെ വേർപാട് ഇനിയും വിശ്വസിക്കാനാവാതെ പകച്ചു നിൽക്കുകയാണ് സുഹൃത്തുക്കൾ. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും നല്ല സഹകരണമായിരുന്നു. നാട്ടിലെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു. പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ സമയം അനന്ദു നാട്ടിലേക്ക് വരാതെ എറണാകുളത്ത് താമസിക്കുകയായിരുന്നു. നാട്ടിലെത്തിയിട്ട് ദിവസങ്ങൾ ആകുന്നതിന് മുൻപാണ് നാടിനെ ഞെട്ടിച്ചു കൊണ്ടുള്ള ആത്മഹത്യ വാർത്ത പുറത്ത് വന്നത്.

സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ യുവ കലാകാരനായിരുന്നു അനന്ദുദാസ്. ഹാസ്യപരിപാടികളിലും മെഗാ ഷോകളിലും ഡാൻസിലും സജീവസാന്നിധ്യമായിരുന്നു മുടി നീട്ടിവളർത്തിയ കലാകാരൻ. സിനിമയിലും കോറിയോഗ്രാഫി ചെയ്തു. നിറഞ്ഞ പുഞ്ചിരിയുമായി സ്റ്റേജുകളെ കൈയിലെടുത്ത പ്രതിഭ. ഈ പ്രതിഭയെ എല്ലാം തന്റെ പ്രണയത്തിന് വേണ്ടി ത്യജിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്.

കേരളത്തിലെ നിരവധി സ്റ്റേജ് ഷോകളിൽ പ്രമുഖരോടൊപ്പം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എവിടെച്ചെന്നാലും മുടിയുടെ പ്രത്യേകതയും സൗമ്യമായ പെരുമാറ്റവുംകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാൻ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിൽ കൊറിയോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്മിയാണ് അനന്ദുവിന്റെ സഹോദരി കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കെടുക്കാനായി പതിവ് തെറ്റിക്കാതെ എത്തുന്ന കലാകാരനമായിരുന്നു. ആന്റിവൈറസ് ചലച്ചിത്രത്തിനുവേണ്ടിയാണ് അനന്ദ കൊറിയോഗ്രാഫി ചെയ്തത്. 18 വർഷം തുടർച്ചയായി വിളക്കെടുക്കുന്ന അനന്ദുദാസ് കൊറ്റൻകുളങ്ങരയ്ക്കും പ്രിയപ്പെട്ടവനായിരുന്നു.