ലഖ്നൗ: യുപിക്കാരായ മൂന്ന് യുവാക്കൾ. ഇതിലൊരാൾ പ്രണയിച്ചത് ഹിന്ദു യുവതിയേയും. ജനുവരി 10ന് കാമുകനൊപ്പം യുവതി വീടു വിട്ടു. ഇതോടെ പൊലീസിൽ പരാതിയായി. ഇതിന്റെ കൈമാക്‌സിന് വേദിയായത് ഉത്തർപ്രദേശിലെ ഭാഗ്പത് ജില്ലയിലെ കോടതി പരിസരവും. ലൗ ജിഹാദ് ആരോപിച്ച് ക്രൂരമർദ്ദനമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

ഉത്തർപ്രദേശിലെ ഭാഗ്പത് ജില്ലയിൽ പൊലീസിന്റെ കൺമുന്നിൽ വച്ചാണ് വി.എച്ച്.പി പ്രവർത്തകർ ഇവരെ മർദ്ദിച്ചത്. പഞ്ചാബ് സ്വദേശിനിയാണ് യുവതി. കാലിം, നദീം, മുദാസർ എന്നീ സഹോദരന്മാർക്കായിരുന്നു മർദ്ദനം ഏറ്റത്. കാലിമായിരുന്നു യുവതിയെ വിവാഹം കഴിക്കാനാഗ്രഹിച്ചത്. 2016ലായിരുന്നു യുപിയിൽ ജോലിക്കായി പഞ്ചാബിലെത്തിയ കാലിം യുവതിയെ കണ്ടതും പരിചയപ്പെട്ടതും. വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടേയുമുള്ള പരിചയം പുതുക്കൽ പ്രണയമായി. ഇതിനെ വീട്ടുകാർ എതിർത്തു. അങ്ങനെയാണ് നാടുവിട്ടത്. വിവാഹം കഴിക്കാൻ ആദ്യം എത്തിയത് ഡൽഹിയിലായിരുന്നു. എന്നാൽ അവിടെ കാലതാമസമുണ്ടാകുമെന്നതിനാൽ യുപിയിലും എത്തി.

ഇവർ നിയമപരമായി വിവാഹിതരാകുന്നതിനാണ് തെഹ്സിൽ കോടതിയിൽ എത്തിയത്. അഭിഭാഷകന്റെ ചേംബറിൽ വിശ്രമിക്കുകയായിരുന്ന ദമ്പതികൾക്കടുത്തേക്ക് അതിക്രമിച്ച് എത്തിയ വി.എച്ച്.പി പ്രവർത്തകർ അവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തെഹ്സിൽ എത്തിയത് എന്തിനാണെന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. തുടർന്ന് ദമ്പതികൾ വ്യത്യസ്ത മതക്കാരാണെന്ന് വ്യക്തമായതോടെ ലൗവ് ജിഹാദ് ആരോപിച്ചും മർദ്ദിച്ചു. പൊലീസ് എത്തിയെങ്കിലും അവരുടെ കൺമുന്നിൽ വച്ചായിരുന്നു മർദ്ദനം.

വി.എച്ച്.പി പ്രവർത്തകർക്ക് പിന്തുണയുമായി ഹിന്ദു യുവ വാഹിനി പ്രവർത്തകരും പിന്നാലെയെത്തി. ദമ്പതികളെ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതോടെ യുവ വാഹിനി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവരെ കാണാനില്ലെന്ന പരാതിയിൽ മൂന്ന് ദിവസമായി പൊലീസ് അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു.