ന്യൂഡൽഹി: വൈക്കം സ്വദേശിനി ഹാദിയയെന്ന അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട എൻ.ഐ.എയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൂർത്തിയായി. സത്യസാരണിക്കും പോപ്പുലർ ഫ്രണ്ടിനും എതിരായ പരാമർശങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.

ഹാദിയയ്ക്ക് സമാനമായ 36 കേസുകൾക്കൂടി എൻ.ഐ.എ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുള്ളതായി വിവരമുണ്ട്. സമാനമായ ധാരാളം കേസുള്ളതിനാൽ അന്വേഷണത്തിന് എൻ.ഐ.എ കൂടുതൽ സമയം കോടതിയിൽ ആവശ്യപ്പെട്ടേക്കും. കേസ് ഇന്ന് സുപ്രീം കോടതി ഉച്ചയ്ക്ക് മുമ്പായി പരിഗണിച്ചേക്കും. പ്രാഥമിക റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന വിവരം. പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് നൽകാൻ കാലതാമസമുള്ളതിനാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എൻ.ഐ.എ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് റിട്ടയേർഡ് ജസ്റ്റിസ്സ് പിന്മാറിയ സാഹചര്യത്തിൽ മറ്റൊരു റിട്ടയേർഡ് ജസ്റ്റിസ്സിനെ സുപ്രീം കോടതി ഇന്ന് ചുമതലപ്പെടുത്തുമെന്നും സൂചനയുണ്ട്. അതേസമയം കേസിൽ കക്ഷി ചേരുമെന്ന് തിരുവനന്തപുരത്ത് നിന്ന് കാണാതായ ഫാത്തിമയെന്ന നിമിഷയുടെ മാതാവ് ബിന്ദു മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഉടനെ അപേക്ഷ നൽകും. തന്റെ മകൾക്ക് വന്ന ഗതി ഇനിയൊരമ്മയ്ക്കും വരരുതെന്നും, അതിന് വേണ്ടിയാണ് താൻ കക്ഷി ചേരുന്നതെന്നും ബിന്ദു അറിയിച്ചു.

എൻ.ഐ.എ അന്വേഷണം ചോദ്യം ചെയ്ത് ഷഫീൻ ജഹാൻ സമർപ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. ഹാദിയ ഇപ്പോളും വീ്ട്ടുതടങ്കലിലാണ്. ഡിജിപിയെ ചുമതലപ്പെടുത്തി ഹാദിയയെ കോടതി കേൾക്കണമെന്നും ഷഫീന്റെ ഹരജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ്സ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. ഹാദിയയുടെ പിതാവ് അശോകന് വേണ്ടി മുതിർന്ന അഭിഭാഷകൻ മാധവി ദിവാൻ ഹാജരാകും.