തിരുവനന്തപുരം : സംസ്ഥാനത്ത് ഇസ്ലാമിലേക്കു നടക്കുന്ന മതപരിവർത്തനങ്ങളിൽ 61% പ്രണയത്തിന്റെ പേരിലാണെങ്കിലും ഇതിനെ ലൗ ജിഹാദുമായി ബന്ധപ്പെടുത്താനാവില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ അനൗദ്യോഗിക റിപ്പോർട്ട്. ലൗ ജിഹാദ് നടക്കുന്നതിനു തെളിവില്ലെന്നാണു റിപ്പോർട്ട് നൽകുന്ന സൂചന. 

പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കുന്നതിനായി തീവ്രവാദ സംഘടനകൾ ലൗ ജിഹാദിന് രൂപം നൽകിയെന്ന മുൻ ഡിജിപി ടിപി സെൻകുമാറിന്റെ നിലപാട് ശരിയല്ലെന്ന സൂചനയാണ് പുറത്തുവരുന്നതെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ പെൺകുട്ടികളെ മതംമാറ്റാനായി സംഘടിതരീതിയിൽ പ്രണയക്കെണിയിൽപ്പെടുത്തുന്നതിന് (ലൗ ജിഹാദ്) തെളിവില്ലെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അന്വേഷണരേഖ. വ്യക്തികളുടെ സ്വാധീനത്തിലും പ്രണയവിവാഹങ്ങൾ വഴിയും ഒട്ടേറെ പെൺകുട്ടികൾ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് നടത്തിയ രഹസ്യപഠനത്തിൽ പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തെക്കുറിച്ച് പഠനം നടത്തിയത്.

മതപരിവർത്തനം വ്യക്തിപരമാണെന്നു പറയുന്നുണ്ടെങ്കിലും എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ സ്വാധീനത്തിലുള്ള മതപരിവർത്തനം വർധിക്കുന്നതായി ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സംഘടനകൾ സ്വന്തം മതം, പണം, നിയമം എന്നിവയിലൂടെയാണു പരിവർത്തനത്തിനു പിന്തുണ നൽകുന്നത്. കേരളത്തിൽ ശരാശരി ഒരു വർഷം 1216 പേർ ഇസ്ലാമിലേക്കു മാറുന്നുണ്ട്. ഇതിൽ കൂടുതലും യുവജനങ്ങളാണ്. ഇസ്ലാം മതം സ്വീകരിച്ചവരിൽ 72 ശതമാനത്തിനു രാഷ്ട്രീയമില്ല. എന്നാൽ, രാഷ്ട്രീയബന്ധമുള്ളവരിൽ 17% സിപിഎം. ഉൾപ്പെടെയുള്ള ഇടതു ചിന്താഗതിക്കാരാണെന്ന വിവരവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. സിപിഎം. പാർട്ടി സമ്മേളനങ്ങളിൽ ഇതു ചർച്ചചെയ്യപ്പെടും.

കേന്ദ്ര ഏജൻസികളുടെയും പൊലീസിന്റെയും സഹായത്തോടെ രഹസ്യമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകളാണ് ആഭ്യന്തര വകുപ്പ് ശേഖരിച്ചത്. മതപരിവർത്തനം വ്യക്തിപരമായ കാര്യമാണെങ്കിലും ഇതു സാമൂഹികമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും വിവിധ മതവിഭാഗങ്ങളെ ബന്ധപ്പെടുത്തി ചർച്ച നടത്തി ഇതിനു പരിഹാരം കാണണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ മതംമാറ്റം നടക്കുന്നത്. ഇസ്ലാമിലേക്കു മാറുന്നവരിൽ 82 ശതമാനവും ഹിന്ദുക്കളാണ്. ക്രിസ്ത്യാനികൾ 17.9%. സമ്പന്നരിൽ ആരുംതന്നെ മതംമാറ്റത്തിനു മുതിരുന്നില്ല. മാറുന്നവരിൽ ഏറിയപങ്കും ബിരുദത്തിനു താഴെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്.

ഇതിൽതന്നെ ഭൂരിപക്ഷവും സ്‌കൂൾ വിദ്യാഭ്യാസംമാത്രം നേടിയവരാണ്. മുസ്ലിം രാഷ്ട്രീയസംഘടനകൾ മതംമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽപ്പെട്ടവർ ഇസ്ലാമിലേക്കു കൂട്ടത്തോടെ പരിവർത്തനം നടത്തുന്നതായി കണ്ടിട്ടില്ല. 72 ശതമാനത്തിനും രാഷ്ട്രീയമില്ല. പാർട്ടി അടിസ്ഥാനത്തിൽ നോക്കിയാൽ 17% പേർ സിപിഎമ്മിൽനിന്നുള്ളവരാണ്. എട്ടു ശതമാനം പേർ ദാരിദ്ര്യവും രണ്ടു ശതമാനം പേർ സമൂഹമാധ്യമങ്ങളുടെ ഇടപെടൽ മുഖേനയും മതംമാറിയിട്ടുണ്ട്. വ്യക്തിപ്രഭാവത്തിലാണ് പ്രധാനമായും മതപരിവർത്തനം നടക്കുന്നത്. കേരളത്തിൽ ഇസ്ലാമിലേക്കുള്ള മാറ്റത്തിനു സഹായിക്കുന്ന സംഘടനകൾ മൗനത്തുൽ ഇസ്ലാം സഭ പൊന്നാനി, തെർബിത്തുയൽ ഇസ്ലാം സഭ കോഴിക്കോട് എന്നിവയാണ്. ഇവയ്ക്ക് അംഗീകാരമുണ്ട്. മഞ്ചേരിയിലെ സത്യസരണി വഴിയും മതംമാറ്റമുണ്ട്.

മലബാറിൽ മതപരിവർത്തനത്തിനു വിധേയരായ 568 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലെ കണക്കുകൾ ഇങ്ങനെയാണ്. മതപരിവർത്തനം സംബന്ധിച്ചു കേരളത്തിൽ കൃത്യമായ കണക്കുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായ കണക്കില്ലാത്തതാണ് മതപരിവർത്തനം കേരളത്തിൽ കൂടി നിൽക്കുന്നതായി തോന്നാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മലബാറിൽ കൂടുതൽ മതപരിവർത്തനം നടക്കുന്ന ജില്ല തൃശൂരാണ്. 568 പേരിൽ 135. പാലക്കാടിനാണ് രണ്ടാം സ്ഥാനം-106. 2011 മുതൽ 2016 വരെ ഔദ്യോഗികമായി 7299 പേർ കേരളത്തിൽ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇടതുസർക്കാർ വന്നശേഷം മതംമാറ്റത്തിൽ കുറവു വന്നിട്ടുണ്ട്.

രാഷ്ട്രീയബന്ധം: സിപിഎം- 17%, കോൺഗ്രസ്-8, ബിജെപി.- 2, സിപിഐ.- 0.8.
ജാതി വിവരം: പിന്നാക്കം 64.6%, നായർ-10, നമ്പൂതിരി- 0.7, കത്തോലിക്കരും ഇതര ക്രിസ്ത്യാനികളും-17.4, പട്ടികജാതി/വർഗം- 7.3.
പ്രായം: 18-25: 39%, 25-35: 35, 35-45: 19, 45നു മുകളിൽ 7.
മതംമാറ്റത്തിന്റെ കാരണങ്ങൾ: പ്രണയം- 61%, ദാരിദ്ര്യം- 8, മാനസിക ബുദ്ധിമുട്ടുകൾ- 7, സമൂഹമാധ്യമങ്ങളുടെ സ്വാധീനം- 2, മറ്റു കാരണങ്ങൾ- 22
കുടുംബസ്വഭാവം: അണുകുടുംബങ്ങൾ- 65%, കൂട്ടുകുടുംബം-32, മറ്റുള്ളവർ-3.
വിദ്യാഭ്യാസ യോഗ്യത: ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർ- 34.6, പൂർത്തിയാക്കിയവർ- 44.7, ബിരുദം- 10.7, ബിരുദാനന്തര ബിരുദധാരികൾ- 4.

മതംമാറ്റം ആറുവർഷത്തിനിടെ
2011-1075
2012-1097
2013-1137
2014-1256
2015-1410
2016-1324

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുൻ പൊലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയുമായിരുന്ന ടി.പി. സെൻകുമാറിന്റെ വെളിപ്പെടുത്തലിന് വിരുദ്ധമാണ് പഠനറിപ്പോർട്ട്. ലൗ ജിഹാദ് വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം രണ്ടുകേസുകളിൽ അന്വേഷണം നടത്തിയിരുന്നതായി സെൻകുമാർ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെൺകുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഫലത്തിൽ ഇത് തള്ളുന്നതാണ് പുതിയ റിപ്പോർട്ട്.

മതംമാറ്റത്തിനുപിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രധാനമായും പരിശോധിക്കുന്നതെന്ന് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറഞ്ഞു. 2016-ൽ കേരളത്തിൽനിന്നു ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായ 21 പേരിൽ അഞ്ചുപേർ മതംമാറിയവരാണ്. കാണാതായവർക്ക് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. പണവും പ്രലോഭനവും ഈ മതംമാറ്റങ്ങൾക്ക് പിന്നിലുണ്ടെന്ന് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.