കാസർഗോഡ്: കാസർഗോഡു നിന്നും മറ്റൊരു മതം മാറ്റ കഥ കൂടി. പെരുന്തൽമണ്ണയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ ബേക്കൽ സ്വദേശി മീരയെയാണ് മതപഠന കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തിയത്. പാലക്കുന്നിലെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ആലുവയിലെ വസ്ത്ര വ്യാപാര ശാലയിൽ ജോലി ചെയ്തു വരികയായിരുന്നു 20 കാരിയായ മീര.

മൂന്ന് മാസം മുമ്പാണ് പെരിന്തൽമണ്ണയിലെ തുണിക്കടയിലെത്തിയിട്ട്. അതേ സ്ഥാപനത്തിലെ കോഴിക്കോട് മുക്കം സ്വദേശിയായ ഷിജിൽ എന്ന യുവാവുമായി മീര സൗഹൃദത്തിലാവുകയായിരുന്നു. അയാളുടെ പ്രേരണ പ്രകാരം ഇസ്ലാം മതപഠന കേന്ദ്രമായ പൊന്നാനി ഇസ്ലത്തുൽ ഇസ്ലാമിൽ എത്തുകയും ചെയ്തു. അവിടെ വെച്ച് മതപഠനം ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഈ മാസം 19 മുതൽ മീരയെ കാണാനില്ലാതിരുന്നു. നാട്ടിൽ വന്ന് അടുത്ത ബന്ധുവായ ഒരു ആൺകുട്ടിക്കൊപ്പം തൃക്കണ്ണാടി ത്രയംബകേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുകയും തുടർന്ന് കൂർബ ഭഗവതി ക്ഷേത്ര പരിസരത്തെത്തിയപ്പോൾ കുട്ടിയെ ഒഴിവാക്കുകയായിരുന്നു. വൈകീട്ടായിട്ടും മീര തിരിച്ചെത്താത്തതിനാൽ സഹോദരൻ ശിവകുമാറും പിതാവും ബേക്കൽ പൊലീസിൽ പരാതി നൽകി.

തുടർന്ന് വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും മീര പെരിന്തൽമണ്ണയിലെ യുവാവിനെ ഫോൺ വിളിച്ചതായി കണ്ടെത്തി. ആ നിലക്ക് പൊലീസ് അന്വേഷണം തുടർന്നപ്പോഴാണ് മീര പൊന്നാനിയിലെ മതപഠന കേന്ദ്രത്തിലുണ്ടെന്ന് വിവരം ലഭിച്ചത്. ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയ മീരയെ കോടതി വീട്ടുകാർക്കൊപ്പം അയക്കാൻ ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ ദിവസവും സമാനമായ മറ്റൊരു ഒളിച്ചോട്ടം കാസർഗോഡ് നടന്നിരുന്നു. ഭക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ചു പോയ അദ്ധ്യാപികയായ വീട്ടമ്മയേയും മലപ്പുറം പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ എല്ലാം ലൗ ജിഹാദാണിതെന്ന വാദം ശക്തമാകുകയാണ്. സംഭവത്തെ കുറിച്ച് എൻഐഎയും പരിശോധിക്കുമെന്നാണ് സൂചന. ഹാദിയയുടെ മതം മാറ്റത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം ഇതും പരിശോധിക്കും.

പത്ത് ദിവസം മുമ്പ് കാസർഗോഡ് നെല്ലിക്കുന്നിൽ നിന്നുമാണ് മേൽപ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ അദ്ധ്യാപികയായ ജയശ്രീയെ കാണാതായത്. മേൽപ്പറമ്പ് മരവയലിൽ വാടക വീട്ടിൽ ഭർത്താവിനും കുഞ്ഞുകളോടുമൊപ്പം കഴിഞ്ഞു വരികയായിരുന്നു ഇവർ. സ്‌ക്കൂളിലേക്ക് പതിവുപോലെ പോയതായിരുന്നു 32 കാരിയായ ജയശ്രീ. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഭർത്താവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും ജയശ്രിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അതേ തുടർന്ന് നിർമ്മാണ തൊഴിലാളിയായ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരോടൊപ്പം സഹദ് എന്ന യുവാവും അപ്രത്യക്ഷനായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ രണ്ടു പേരുടേയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

എന്നാൽ പെട്ടെന്ന് ഇന്നലെ രാവിലെ സഹദിന്റെ ഫോൺ ഓണാവുകയും അവർ പൊന്നാനിയിൽ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. അതേ തുടർന്ന് കാസർഗോഡ് പൊലീസ് പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ എത്തി ജയശ്രിയെ കണ്ടെത്തുകയായിരുന്നു. സഹദിനെ ഇനിയും കണ്ടെത്താനായിട്ടില്ല.