- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ മുസ്ലി യുവതി പ്രണയിച്ചു വിവാഹം കഴിച്ചത് ഹിന്ദു യുവാവിനെ; മിശ്രവിവാഹത്തെ എതിർത്ത വീട്ടുകാർ യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ ആക്രമിച്ചു; സ്വത്തുക്കൾ നൽകില്ലെന്ന് പറഞ്ഞ് ആക്രമിച്ചത് സഹോദരിയും ഭർത്താവും; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ വീട്ടുകാർ ആക്രമിച്ചതായി പരാതി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ വെട്ടിപരിക്കേൽപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ട കലഞ്ഞൂർ തിടിയിൽ സ്വദേശിയായ 24 വയസ്സുകാരിയെയാണ് ബന്ധുക്കൾ ആക്രമിച്ചത്.
പ്രണയവിവാഹിതയായ യുവതി മാതാവിനെ കാണാനായി സ്വന്തം വീട്ടിൽ എത്തിയപ്പോളായിരുന്നു സംഭവം. ആക്രമണത്തിൽ കൈപ്പത്തിക്ക് വെട്ടേറ്റ യുവതി കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കലഞ്ഞൂർ തിടിയിൽ സ്വദേശിയായ മുസ്ലിം യുവതിയും പ്രദേശവാസിയായ ഹിന്ദു യുവാവും തമ്മിൽ ഒരുമാസം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹത്തിന് കാര്യമായ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്നവിവരം. എന്നാൽ, സ്വത്തു നൽകില്ലെന്ന നിലപാട് യുവതിയുടെ വീട്ടുകാർ സ്വീകരിച്ചുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞദിവസം മാതാവിനെ കാണാനായി സ്വന്തം വീട്ടിലെത്തി. ഈ സമയം സഹോദരിയും സഹോദരീഭർത്താവും വീട്ടിലുണ്ടായിരുന്നു. മാതാവിനെ കണ്ട് തിരികെപോകുന്നതിനിടെയാണ് ഇരുവരും യുവതിയെ ആക്രമിച്ചത്.
സ്വത്ത് തരില്ലെന്ന് പറഞ്ഞ് മൂർച്ചയുള്ള ആയുധം കൊണ്ട് സഹോദരി ആക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെന്നും ഇതിനിടെയാണ് കൈയ്ക്ക് വെട്ടേറ്റതെന്നുമാണ് യുവതിയുടെ മൊഴി. കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ പരിക്ക് ഗുരുതരമല്ല. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും റൂറൽ പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ