പിറവം: കനകംമൂലം... കാമിനിമൂലം കലഹം.. എന്ന കവിവാ്ക്യം അർത്ഥവത്തായി മാറിയിരിക്കുകയാണ് പിറവത്ത് കഴിഞ്ഞ കുറച്ചുദിവസമായി പുകയുന്ന രാഷ്ട്രീയ സംഘർഷത്തിലൂടെ. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടായ അക്രമങ്ങൾക്ക് വഴിവച്ചത് രണ്ടു യുവാക്കൾക്ക് പതിനേഴുകാരിയായ പെൺകുട്ടിയോട് തോന്നിയ പ്രണയമാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരും പെൺകുട്ടി തന്റേതാണെന്ന് സ്ഥാപിക്കാൻ പരസ്പരം പോരടിച്ചപ്പോൾ അതിന് താമസിയാതെ രാഷ്ട്രീയ നിറം കൈവരുകയായിരുന്നു.

പ്ലസ്സ്ടു വിദ്യാർത്ഥിനിയെ പ്രണയിക്കാൻ യുവാക്കൾ തമ്മിൽ നിലനിന്നിരുന്ന മത്സരം അക്രമത്തിൽ കലാശിക്കുകയും പ്രമുഖ രാഷ്ട്രീയ കക്ഷിനേതാക്കളെ തെറ്റിദ്ധരിപ്പിച്ച് ഇവർ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയും ആയിരുന്നെന്നുമാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന സൂചന.

നാട്ടുകാരെ ബുദ്ധിമുട്ടിച്ച ഹർത്താലിനും കഷ്ട നഷ്ടങ്ങൾക്കും വഴിതെളിച്ച സംഭവത്തിന്റെ പിന്നാമ്പുറം ഏതാണ്ടിങ്ങനെ. പിറവത്തുള്ള ഒരു +2 വിദ്യാർത്ഥിയെ മുളക്കുളം സ്വദേശിയും പിറവം സ്വദേശീയുമായ യുവാക്കൾ വശത്താക്കാൻ ശ്രമം തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. കാമുകന്മാർക്ക് ഇരുവർക്കും 20 വയസ്സാണ്. പെൺകുട്ടിക്ക് 17 വയസ്സും. പിറവത്ത് സ്വകാര്യ ബസ് സ്റ്റാന്റിൽ വച്ചാണ് ഇരുവരും പെൺകുട്ടിയെ കണ്ടിരുന്നത്.

ഇരുവരുമായയും പെൺകുട്ടി സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു. നല്ല അർത്ഥത്തിലാണ് പെൺകുട്ടി ഇവരുടെ സൗഹൃദത്തെ കണ്ടിരുന്നതെന്നും എന്നാൽ യുവാക്കൾ പെൺകുട്ടിയുടെ അടുപ്പം പ്രണയമെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള വിവരം.

പെൺകുട്ടി താമസിയാതെ തങ്ങളുടെ പ്രണയക്കുരുക്കിൽ വീഴുമെന്ന വിശ്വാസത്തിലായിരുന്നു യുവാക്കൾ ദിനങ്ങൾ തള്ളി നീക്കിയിരുന്നത് .ഇരുവരും തമ്മിൽ പരിചയമില്ലായിരുന്നെങ്കിലും ഒടുവിൽ ഇവർ പരസ്പരം സംഭവം മനസിലാക്കി. പെൺകുട്ടിയെ ചൊല്ലിയുള്ള ഇവരുടെ തർക്കം പിറവം ബസ് സ്റ്റാന്റിൽ ചെറിയൊരു ഏറ്റുമുട്ടലിലാണ് കലാശിച്ചത്.

അതോടെ പ്രശ്‌നം കൈവിട്ടുപോയി. ഒരു കാമുകൻ പഠിക്കുന്ന മണീട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലും ഏറ്റുമുട്ടൽ നടക്കുകയും, പൊലീസ് കേസാവുകയും ചെയ്തു. പെൺകുട്ടിയെ പ്രണയിക്കുന്ന മുളക്കുളം സ്വദേശിയായ വിദ്യാർത്ഥിയെ ഏതിരാളി മർദിക്കുകയായിരുന്നു. മർദ്ദനമേറ്റ മുളക്കുളം സ്വദേശിയുടെ കൂട്ടുകാരനായ പിറവത്തുകാരൻ ആർഎസ്എസ് അനുഭാവമുള്ളയാളായിരുന്നു. ഇയാളെ മർദിച്ച യുവാവാകട്ടെ എസ്എഫ്‌ഐ പ്രവർത്തകനുമാണ്.

ഏഴക്കരനാട് നടന്ന മർദ്ദന സംഭവത്തിൽ രാമമംഗലം പൊലീസിൽ കേസെത്തിയപ്പോൾ പ്രശ്‌നത്തിലിടപെട്ടത് സിപിഎമ്മിന്റേയും, ആർഎസ്എസിന്റേയും പ്രമുഖ നേതാക്കൾ. ഇതിന് ശേഷം എസ്എഫ്‌ഐക്കാരനെ സ്വന്തം നാടായ ഓണക്കൂറിൽ വച്ച് എതിർ വിഭാഗം മർദിച്ചു. ഇതിന്റെ പകരം ചോദിക്കാനായി നടന്ന അക്രമത്തിലാണ് ഏഴക്കാരനാട് പ്രശ്‌നത്തിൽ ഇടപെട്ട ആർഎസ്എസ് നേതാവിന്റെ കയ്യുംകാലും തല്ലിയൊടിച്ചതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

ആർ എസ് എസ് പ്രവർത്തകനെ ആക്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്നുള്ള സംശയം വ്യാപകമാണ്. തന്നെ ആക്രമിച്ച പ്രതികളെ തിരിച്ചറിയാമെന്ന് ആർഎസ്എസ് നേതാവ് മൊഴി നൽകിയെങ്കിലും ഇതുവരെ ആർക്കെതിരേയും പൊലീസ് കേസെടുത്തിട്ടില്ല. പ്രതികളെക്കുറിച്ച് യാതൊരുസൂചനകളും ഇല്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

പ്രശ്‌നം വഷളാവുന്നുണ്ടെന്നറിഞ്ഞ് ഏഴക്കരനാട് സംഭവത്തിന് ശേഷം പിറവം സിഐ ഇരു പാർട്ടി നേതാക്കളേയും വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിരുന്നതായും അറിയുന്നു. കഴിഞ്ഞ ഒമ്പതിനാണ് പിറവം നഗരസഭയിൽ ആർഎസ്എസ് നേതാവിന്റെ കയ്യുംകാലും തല്ലിയൊടിച്ചതിന്റേ പേരിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആക്രമണം നടത്തിയ സിപിഐ(എം) പ്രവർത്തകരെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി ഹർത്താൽ. ഇത്തരത്തിൽ ഒരു പെൺകുട്ടിയുമായുള്ള പ്രേമക്കാര്യത്തിൽപോലും രാഷ്ട്രീയംകലരുന്നതും അത് നാടിനെ വിറപ്പിക്കുന്ന സംഘർഷത്തിലേക്കു നീങ്ങിയതും ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്.