എടപ്പാൾ: കമിതാക്കളെ പഴനിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണിക്യപ്പാലം ഇളയങ്കാവിൽ ബാലകൃഷ്ണന്റെ മകളും എടപ്പാൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഫാർമസിസ്റ്റുമായ ഭാഗ്യത (31), ഗുരുവായൂർ മറ്റം നമ്പഴിക്കാട് സ്വദേശി വടുതല വീട്ടിൽ ബാലകൃഷ്ണന്റെ മകനും വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്ലാർക്കുമായ നിഖിൽ (30) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പഴനിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു.

ഭാഗ്യത വിവാഹിതയും നിഖിൽ അവിവാഹിതനുമാണ്. ജിതീഷാണ് ഭാഗ്യതയുടെ ഭർത്താവ്. എട്ടുവർഷംമുൻപാണ് ഇവർ വിവാഹിതരായത്. നേരത്തെ ഗൾഫിലായിരുന്നു ജിതീഷ്. ഇവർക്ക് കുട്ടികളില്ല. തിങ്കളാഴ്ചയാണ് രണ്ടുപേരും പഴനി അടിവാരത്തിലെ സ്വകാര്യലോഡ്ജിൽ ഉച്ചയ്ക്ക് 2.30ന് മുറിയെടുത്തത്. ചൊവ്വാഴ്ച കാലത്ത് തൊഴുതുവന്നശേഷം ഉച്ചതിരിഞ്ഞിട്ടും മുറി തുറക്കാത്തതിൽ സംശയംതോന്നി ലോഡ്ജ് ജീവനക്കാർ ജനൽ തുറന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മുറിയിൽനിന്ന് വിവാഹത്തിന് ചാർത്തുന്ന മാലകളും താലിമാലയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഭാഗ്യതയെ കാണാനില്ലെന്ന് ഭർത്താവ് ജിതീഷ് പൊന്നാനി പൊലീസ്സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭാഗ്യത രാത്രിയായിട്ടും തിരിച്ചെത്താതെവന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് മരിച്ചതായി വിവരം ലഭിച്ചത്. പഴനി എസ്‌ഐ നാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ടോടെ നാട്ടിലെത്തിക്കും. വിവരമറിഞ്ഞ് പൊന്നാനി, ഗുരുവായൂർ പെ!ാലീസും ഇരുവരുടെയും ബന്ധുക്കളും പഴനിയിലേക്ക് തിരിച്ചിട്ടുണ്ട്.