ഡൽഹി: ഞായറാഴ്ച രാവിലെ വോട്ടർമാർ പോളിഭ് ബൂത്തുകളിലേക്ക് എത്തി തുടങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: ത്രിപുരയിലെ സഹോദരന്മാരെ, സഹോദരിമാരെ നിങ്ങൾ പോളിങ് ബൂത്തുകളിലേക്ക് ഒഴുകി റെക്കോഡ് സൃഷ്ടിക്കണം. മുഖ്യമന്ത്രി മാണിക് സർ്ക്കാരായിരുന്നു ഇടതുപ്രചാരണത്തിന്റെ മുഖം.ആദിവാസികൾക്കായി സംവരണം ചെയ്ത 20 മണ്ഡലങ്ങളിൽ 19 ലും സിപിഎമ്മാണ് ജയിച്ചുകയറിയത് എന്നും ഓർക്കണം.

നരേന്ദ്ര മോദിയാണ് ബിജെപിയുടെ പ്രചാരണം നയിച്ചത്. അമിത്് ഷായ്‌ക്കൊപ്പം മറ്റുപ്രമുഖരും എത്തി. കഴിഞ്ഞ തവണ 10 സീറ്റിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ ഒറ്റയ്ക്കാണ്. രാഹുൽ ഗാന്ധിയാണ് പാർട്ടിയുടെ പട നയിച്ചത്. ഏതായാലും തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം വന്നപ്പോൾ പലർക്കും അമ്പരപ്പായി.

സിപിഎമ്മും ബിജെപി.യും നേർക്കുനേർ പോരാട്ടം നടത്തുന്ന തിരഞ്ഞെടുപ്പിൽ 76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ 91.82 ശതമാനം പോളിങ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

60 അംഗ സഭയിലേക്കുള്ള 59 സീറ്റുകളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. സിപിഎം. സ്ഥാനാർത്ഥി രാമേന്ദ്ര നാരായൺ ദേബ് ബർമ കഴിഞ്ഞയാഴ്ച മരിച്ചതിനെത്തുടർന്ന് ചാരിലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാർച്ച് 12-ലേക്ക് മാറ്റി. മാർച്ച് മൂന്നിനാണ് വോട്ടെണ്ണൽ.

25 വർഷമായി അധികാരത്തിലിരിക്കുന്ന സിപിഎമ്മിനെ തുടർച്ചയായ അഞ്ചാംവട്ടവും മുഖ്യമന്ത്രി മാണിക് സർക്കാരാണ് നയിക്കുന്നത്. 57 സീറ്റുകളിൽ സിപിഎം. ജനവിധി തേടുമ്പോൾ, സഖ്യകക്ഷികളായ സിപിഐ., ഫോർവേഡ് ബ്ലോക്ക്, ആർ.എസ്‌പി. എന്നിവയാണ് ശേഷിക്കുന്ന മൂന്നുസീറ്റുകളിൽ മത്സരിക്കുന്നത്.

ബിജെപി. 51 സീറ്റുകളിൽ മത്സരിക്കുമ്പോൾ സഖ്യകക്ഷിയും ഗോത്രവർഗപാർട്ടിയുമായ ഇൻഡിജീനസ് പീപ്പിൾസ് ഫ്രന്റ് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി.)യാണ് ബാക്കിയുള്ള ഒമ്പതു സീറ്റുകളിൽ ജനവിധി തേടുന്നത്. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് 59 സീറ്റുകളിലാണ് മത്സരിക്കുന്നത്. കാക്രബോൺ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.

ശക്തമായ സിപിഎം വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നുവെന്ന് അവകാശപ്പെട്ട ബിജെപി പോളിങ് ശതമാനം കുറഞ്ഞതിന്റെ കാരണങ്ങൾ പരിശോധിച്ചുവരികയാണ്. ശക്തമായ പ്രചാരണം നയിച്ചിട്ടും പോളിങ് ശതമാനം ഉയരാത്തതാണ് പാർട്ടിയെ ചിന്തിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങൾ സിപിഎമ്മിനെ താഴെയിറക്കാൻ ഉറച്ചിരിക്കുകയാണെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യം ആലോചിച്ചാൽ മതിയെന്നുമായിരുന്നു ബിജെപി നിലപാട്. ഈ നിലപാട് തിരിച്ചടിച്ചോയെന്ന് മാർച്ച് മൂന്നിന് അറിയാം.

കാര്യമായ എതിരാളികളില്ലാതെ 25 വർഷമായി അധികാരത്തിലിരിക്കുന്ന മാണിക് സർക്കാറിന് ഇത്തവണ കനത്ത വെല്ലുവിളി ഉയർത്തുന്നത് ഇത്രനാൾ പ്രതിപക്ഷത്തിരുന്ന കോൺഗ്രസല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ സംസ്ഥാനത്ത് ഒന്നുമല്ലാതിരുന്ന ബിജെപി.യാണെന്ന് കാര്യം എല്ലാവർക്കും അറിയാം. പാർട്ടി വോട്ടുകൾ മുഴുവൻ വോട്ടിങ് യന്ത്രത്തിൽ വീണോയെന്നതിനേക്കാൾ പോളിങ് ശതമാനം കുറഞ്ഞത് അലട്ടുന്നില്ലെന്ന എന്നാണ് സിപിഎം പറയുന്നത്.

.പോളിങ് ശതമാനം കുറഞ്ഞത് പാർട്ടിക്ക് അനുകൂലമാകുമെന്നാണ് നേതാക്കൾ പറയുന്നത്.അതേസമയം, ഇത്രയും നാൾ പോളിങ് ശതമാനം ഉയർന്നുനിന്നത് കള്ളവോട്ടിലൂടെയാണോയെന്ന് എതിരാളികൾ ചോദിക്കുന്നത്. പോളിങ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി നേതാക്കളും അവകാശപ്പെടുന്നു.

ഗ്രാമപ്രദേശങ്ങളിൽ വോട്ടിങ് ശതമാനം കുറയുകയും, നഗരങ്ങളിൽ വോട്ടിങ് ശതമാനം കൂടുകയും ചെയ്തത് തിരഞ്ഞെടുപ്പിൽ നിർണായകമായേക്കും. തിരഞ്ഞെടുപ്പിൽ വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ച്ത് ചിലയിടത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഏതായാലും തിരഞ്ഞെടുപ്പിന് ശേഷം കൂട്ടികിഴിക്കലുകളുടെ തിരക്കിലാണ് എല്ലാ പാർട്ടികളും.