ബർലിൻ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുകയും അത് രാജ്യത്തെ എനർജി ചെലവു ചുരുക്കുയും ചെയ്ത സാഹചര്യത്തിൽ നാണ്യപ്പെരുപ്പം അപകടകരമായ നിലയിലേക്ക് കുറഞ്ഞു. രാജ്യം നാണ്യച്ചുരുക്കത്തിൽ എത്തിയെന്ന് വിശേഷിപ്പിക്കാൻ സാമ്പത്തിക വിദഗ്ദ്ധർ തയാറായിട്ടില്ലെങ്കിലും നാണ്യച്ചുരുക്കത്തിന്റെ പടിവാതിൽക്കലെത്തിയെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

ജനുവരിയിൽ നാണ്യപ്പെരുപ്പം നെഗറ്റീവ് 0.3 ശതമാനത്തിലെത്തിയെന്നാണ് റിപ്പോർട്ട്. 2009നു ശേഷം നാണ്യപ്പെരുപ്പം നെഗറ്റീവിലേക്ക് പോകുന്നത് ഇതാദ്യമായാണ്. 2014 ഡിസംബറിൽ നാണ്യപ്പെരുപ്പം 0.2 ശതമാനമായിരുന്നത് 0.1 ശതമാനമായി ജനുവരി മാസം കുറയുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. മുമ്പ് നാണ്യപ്പെരുപ്പം പൂജ്യത്തിനു താഴെയെത്തിയിരുന്നത് 2009-ൽ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തായിരുന്നു. അന്ന് നെഗറ്റീവ് 0.5 ശതമാനത്തിലേക്കാണ് നാണ്യപ്പെരുപ്പം കൂപ്പുകുത്തിയത്. പിന്നീട് സമ്പദ് രംഗം മെല്ലെ കരകയറുകയായിരുന്നു.

എണ്ണ വിലയിലുണ്ടായ ഇടിവാണ് നാണ്യപ്പെരുപ്പം കുറയാൻ കാരണമായി എടുത്തുപറയുന്നത്. സാധാരണ വീട് ഹീറ്റിംഗിനും പെട്രോളിനുമായി ഉപയോക്താക്കൾ നൽകിയിരുന്നതിലും ഒമ്പതു ശതമാനം കുറച്ചുമാത്രമേ നിലവിൽ ഉപയോക്താക്കൾക്ക് ചെലവു വരുന്നൂള്ളൂ. ഇതാണ് നാണ്യച്ചുരുക്കത്തിലേക്ക്  കാര്യങ്ങൾ കൊണ്ടെത്തിച്ചത്. 2014 മധ്യത്തിനു ശേഷം ക്രൂഡ് ഓയിൽ വില പകുതിയിലേറെ കുറഞ്ഞ സ്ഥിതിക്ക് ഇതിന്റെ ലാഭം ഉപയോക്താക്കൾക്കു തന്നെ അനുഭവപ്പെടുകയായിരുന്നു.

പലവ്യഞ്ജനങ്ങളുടെ വിലയിലും ഒരു വർഷത്തിനുള്ളിൽ 1.3 ശതമാനം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. എനർജി വിലയും ആഹാരപദാർഥങ്ങളുടെ വിലയും മാറ്റി നിർത്തിയാൽ ജനുവരിയിൽ മൊത്തം നാണ്യപ്പെരുപ്പം 1.1 ശതമാനം വർധിച്ചതായാണ് സാമ്പത്തികവിദഗ്ദ്ധർ വിലയിരുത്തുന്നത്.