മസ്‌കറ്റ്: ആഗോലതലത്തിൽ എണ്ണ വിലയിടിവ് തുടരുന്നത് ഒമാനിലെ തൊഴിൽ മേഖലയേയും പ്രതിസന്ധിയിലാക്കി. എണ്ണവിലയിടിവ് ഈ വർഷം രാജ്യത്തെ പൊതു,സ്വകാര്യ മേഖലകൾ തൊഴിലവസരം കുറച്ചു. ഇതേ സ്ഥിതി തന്നെ 2016 ലും തുടരുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ തൊഴിലന്വേഷകർക്ക് തിരിച്ചടിയാകുന്ന വാർത്തയാണിത്.

സർക്കാർ മേഖലയിൽ മാത്രമല്ല സ്വകാര്യ കമ്പനികളും റിക്രൂട്ടിങ്ങ് നിർത്തിവച്ചിരിക്കുന്നതിനാൽ തൊഴിലന്വേഷകർക്ക് തിരിച്ചടിയാകും. എണ്ണവില ഇടിഞ്ഞതോടെ രാജ്യത്തെ സാമ്പത്തിക രംഗം താറുമാറായതിനാൽ തൊഴിലാളികൾക്ക് വേതനം നൽകാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദ്യാഭ്യാസം,ആരോഗ്യം എന്നീ അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് ജോലിക്കാരെ എടുത്തത്. വിവിധ മേഖലകളിലായി 80,000 ഒമാനികളാണ് തൊഴിൽ തേടിയലയുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പരാധീനത കാരണം വമ്പൻ പ്രൊജക്ടുകളും സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. ഇതും തൊഴിലവസരം കുറയാൻ കാരണമായി. മുസാന്തമിൽ നിന്ന് ദോഫാറിലേക് റെയിൽ നെറ്റുവർക്ക് സ്ഥാപിക്കുന്നതായി ഒമാൻ റെയിൽവേ കമ്പനി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ധാരാളം പേർക്ക് തൊഴിലവസരവും ഉണ്ടാകുമായിരുന്നു. എന്നാൽ ഈ പദ്ധതിയും എണ്ണവില ഇടിഞ്ഞതോടെ നിർത്തിവച്ചിരിക്കുകയാണ്.