തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപക്ഷേ, നിർണായകമാകുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയ ചില മണ്ഡലങ്ങളാകും. വെറും ആയിരത്തിൽത്താഴെ ഭൂരിപക്ഷവുമായി സ്ഥാനാർത്ഥികൾ ജയിച്ച ഇത്തരം മണ്ഡലങ്ങളിൽ ഇത്തവണയും പോരാട്ടം കടുക്കുമെന്നുറപ്പാണ്.

ഏഴു മണ്ഡലങ്ങളിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ മത്സരിച്ചത്. നെഞ്ചിടിപ്പോടെയാണ് ഇരുമുന്നണികളും ഇവിടെ അങ്കത്തിനിറങ്ങുന്നത്.

നാലു മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യു.ഡി.എഫിന് ആയിരത്തിൽത്താഴെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്. എൽ.ഡി.എഫിനിത് മൂന്നു മണ്ഡലങ്ങളാണ്.

പിറവത്ത് ടി എം ജേക്കബായിരുന്നു ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ജയിച്ചത്. വെറും 157 വോട്ടായിരുന്നു ഭൂരിപക്ഷം. പക്ഷേ ജേക്കബിന്റെ മരണത്തെതുടർന്ന് 2012 മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം 12070 ആയിരുന്നു. രണ്ടുതവണയും സിപിഎമ്മിലെ എം.ജെ. ജേക്കബായിരുന്നു എതിരാളി.

ഇത്തവണയും പിറവത്ത് അനൂപ് ജേക്കബ് തന്നെയാകും സ്ഥാനാർത്ഥി. എം ജെ ജേക്കബിനെയും ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക്‌സെക്രട്ടറി ഡോ.അജേഷ് മനോഹറിനെയുമാണ് ഇടതുപക്ഷം പരിഗണിക്കുന്നത് എന്നാണു സൂചന.

2011ൽ കുന്നംകുളത്ത് സിപിഎമ്മിലെ ബാബു.എം.പാലിശ്ശേരിയും മണലൂരിൽ കോൺഗ്രസിന്റെ പി.എ.മാധവനും ജയിച്ചുകയറിയത് 481 വോട്ടുകൾക്കാണ്. ഭൂമിവിവാദവുമായി ബന്ധപ്പെട്ട് ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തപ്പെട്ട പാലിശ്ശേരിക്ക് ഇത്തവണ സീറ്റ് നൽകാനിടയില്ല. ഏരിയാ സെക്രട്ടറി ടി.കെ.വാസു, നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ, മണലൂർ എംഎ‍ൽഎയായിരുന്ന എൻ.ആർ.ബാലൻ എന്നിവരെയാണ് സിപിഐ(എം) കുന്നംകുളത്തേക്ക് പരിഗണിക്കുന്നത്.

കഴിഞ്ഞതവണ പാലിശ്ശേരിയോട് 481വോട്ടിന് തോറ്റ സി.പി.ജോൺ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. മണലൂരിൽ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ മത്സരിച്ചേക്കുമെന്നാണ് സൂചന. അവിടെ സുധീരനായി ചുവരെഴുത്ത് തുടങ്ങിക്കഴിഞ്ഞു. സിപിഎമ്മിലെ ബേബിജോൺ ഇടത് സ്ഥാനാർത്ഥിയുടെ സാദ്ധ്യതാ ലിസ്‌ററിലുണ്ട്.

സിപിഎമ്മിലെ പ്രകാശൻ മാസ്?റ്റർ ലീഗ് സ്ഥാനാർത്ഥി കെ.എം. ഷാജിയോട് 493 വോട്ടിന് പരാജയപ്പെട്ട അഴീക്കോടാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. കെ.എം.ഷാജി തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി. എം വിരാഘവന്റെ മകനും മാദ്ധ്യമപ്രവർത്തകനുമായ എം വിനികേഷ് കുമാറാവും ഷാജിയെ എതിരിടാനെത്തുമെന്ന വാർത്തകളും പരക്കുന്നുണ്ട്. പാറശ്ശാലയിൽ കോൺഗ്രസിന്റെ എ.ടി. ജോർജ്, സിപിഎമ്മിലെ ആനാവൂർ നാഗപ്പനെ തോൽപ്പിച്ചത് 505 വോട്ടിനാണ്. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് അൻസജിതാ റസൽ, കെപിസിസി സെക്രട്ടറി ആർ.വൽസലൻ എന്നിവരും എ.ടി.ജോർജ്ജിനു പുറമേ സാദ്ധ്യതാപട്ടികയിലുണ്ട്. ഡിവൈഎഫ്ഐ നേതാവ് അഡ്വ. ബെൻ ഡാർവിൻ, ഷീലാ രമണി എന്നിവരുടെ പേരുകളും ആനാവൂർ നാഗപ്പനൊപ്പം സിപിഎമ്മിന്റെ പരിഗണനയിലുണ്ട്.

പന്തളം സുധാകരൻ 607 വോട്ടിന് പരാജയപ്പെട്ട അടൂരാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. സുധാകരനെ വീഴ്‌ത്തിയ സിപിഐയിലെ ചിറ്റയം ഗോപകുമാർ വീണ്ടും മത്സരിച്ചേക്കും. യു.ഡി.എഫ് സ്ഥാനാർത്ഥികളായി പന്തളം സുധാകരനോ സഹോദരൻ പന്തളം പ്രതാപനോ മത്സരരംഗത്തിറങ്ങും. ഗൗരിയമ്മയോടും രാജൻബാബുവിനോടും പിണങ്ങിയിറങ്ങിയ കെ.കെ.ഷാജുവും പരിഗണനയിലുണ്ട്.
കോട്ടയത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞതവണ സിപിഎമ്മിലെ വി.എൻ വാസവനെ തോല്പിച്ചത് 711 വോട്ടിനാണ്. ഇത്തവണ തിരുവഞ്ചൂരിനെ എതിരിടാൻ സുരേഷ്‌കുറുപ്പിനെ സിപിഐ(എം) രംഗത്തിറക്കിയേക്കും. വി.എൻ.വാസവനെ ഏറ്റുമാനൂരിലേക്ക് മാറ്റാനു സിപിഐ(എം) ആലോചിക്കുന്നുണ്ട്.

ജനതാദളിലെ സി.കെ.നാണു സോഷ്യലിസ്റ്റ് ജനതയിലെ എം.കെ. പ്രേംനാഥിനെ 847 വോട്ടിന് തോൽപ്പിച്ച വടകരയിലും ഇത്തവണ പോര് രൂക്ഷമാകും. ജെ.ഡി.യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്‌കരൻ, യുവജനവിഭാഗം നേതാവ് സലിംമടവൂർ എന്നിവരാണ് ജെ.ഡി.യു പട്ടികയിലുള്ളത്. ആർ.എംപി സ്ഥാനാർത്ഥിയെ പിന്താങ്ങുന്ന കാര്യവും യു.ഡി.എഫ് പരിഗണനയിലുണ്ട്.