ന്യൂഡൽഹി: ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയിൽ നിന്ന് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. ജസ്റ്റീസ് ചന്ദ്രചൂഡാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പത്ര റിപ്പോർട്ടുകൾ മാത്രം പോരെന്നും ലഭ്യമായ എല്ലാ രേഖകളും പരിശോധിക്കണമെന്നും കോടതി പ്രസ്താവിച്ചു.

മറ്റേതെങ്കിലും കോടതികളിൽ ഇത് സംബന്ധിച്ച കേസുകൾ നിലവിലുണ്ടെങ്കിൽ അത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു ഹൈക്കോടതിയും കേസ് പരിഗണക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് വളരെ ഗൗരവമേറിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്്. അതേസമയം മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിലപാടാണ് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നാഗ്പൂർ കോടതിയിലേയും മുംബൈയിലേയും ഹർജികളാണ് ഇപ്പോൾ സുപ്രീംകോടതിയിലേക്ക് മാറ്റിയത്.

സെറാബുദ്ദിൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ദേശീയ തലത്തിൽ തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരിന് വേ്ണ്ടി ഇന്ന് ഹാജരായ ഹരീഷ് സാൽവേ അതേസമയം കേസിൽ ദുരൂഹതയില്ലെന്നും ജസ്റ്റിസ് ലോയയുടെ മരണം ഹൃദയസ്തംഭനം മൂലമാണ് മരണമെന്നും കോടതിയിൽ വ്യക്തമാക്കി.

കേസ് അടുത്തമാസം രണ്ടിന് പരിഗണിക്കും. ഹരീഷ് സാൽവെ വ്യാജ ഏറ്റുമുട്ടൽ കേസിൽ ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് വേണ്ടി ഹാജരായി എന്നകാര്യവും കോടതിയിൽ ചൂണ്ടിക്കാട്ടപ്പെട്ടു. പത്രങ്ങളിൽ വരുന്ന വാർത്തകൾ മാത്രം അടിസ്ഥാനപ്പെടുത്തി കേസിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും എല്ലാ മെഡിക്കൽ രേഖകളും കോടതി പരിഗണിക്കുമെന്നും എന്നിട്ട് അന്തിമ തീരുമാനത്തിലെത്തുമെന്നും ഇന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.