തിരുവനന്തപുരം: ആധാറുമായി ബന്ധപ്പെടുത്തുമ്പോൾ ഗ്യാസ് സബ്‌സിഡി ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചവർ നിരവധിയാണ്. കാശുമുടക്കി ഗ്യാസ് വാങ്ങിയ ശേഷം ബാങ്കിൽ പണം വരുമെന്ന് പ്രതീക്ഷിച്ചിരുന്ന് നിരാശരായവരാണ് നിരവധി പേർ. എന്നാൽ, ഇങ്ങനെ നിരാശപ്പെടും മുമ്പ് ഗ്യാസ് ബുക്ക് ചെയ്തപ്പോൾ നേരാംവഴിയാണോ കാര്യങ്ങൾ ചെയ്തതെന്ന് പരിശോധിക്കുക. പുതിയ സംവിധാനങ്ങൾ പ്രകാരം സാങ്കേതിക വിദ്യാ ഉപയോഗിക്കുന്ന ഘട്ടത്തിൽ അറിവില്ലായ്മയെ ചൂഷണം ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കയാണ് പെട്രോളിയം കമ്പനികൾ.

പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഐവിആർഎസ് സംവിധാനം ഉപയോഗിക്കുന്നവർക്ക് പൂജ്യം അമർത്തിയാൽ പണി കിട്ടുന്ന അവസ്ഥയാണ്. മൊബൈൽ ഫോണിലൂടെയുള്ള നിർദേശങ്ങൾക്കു കൃത്യമായി ചെവികൊടുക്കാതിരുന്നാൽ നിങ്ങളുടെ ഗ്യാസ് സബ്‌സിഡി നഷ്ടമായേക്കാമെന്നാണ് കുരുക്ക്. ഗ്യാസ് ബുക്കിങ്ങിനുള്ള പ്രത്യേക സംവിധാനത്തിൽ മാറ്റം വരുത്തിയതാണ് ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.

പുതിയ മാറ്റമനുസരിച്ച് ഐ.വി.ആർ.എസ്. വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ആദ്യം കേൾക്കുന്നത് സീറോ അമർത്താനാണ്. സീറോയിൽ അമർത്തിയാൽ നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന സബ്‌സിഡി ലഭിക്കില്ല. പ്രധാനമന്ത്രിയുടെ 'ഗിവ് ഇറ്റ് അപ്പ്' പദ്ധതിയനുസരിച്ച് സബ്‌സിഡി ആവശ്യമില്ലാത്തവർ
'സീറോ' അമർത്തണമെന്നാണ് ഇപ്പോൾ ഐ.വി.ആർ.എസ്. സംവിധാനത്തിൽ തുടക്കത്തിൽ ലഭിക്കുന്ന അറിയിപ്പ് ക്രമീകരിച്ചിട്ടുള്ളത്.

ഇതിനു മുൻപു വരെ ഒന്ന് അമർത്താനായിരുന്നു നിർേദശം. ഒന്ന് അമർത്തിയാൽ ഗ്യാസ് റീഫിൽ ബുക്ക് ചെയ്യും. തുടർന്നുള്ള നമ്പരുകളിൽ അമർത്തിയാൽ മറ്റ് സേവനങ്ങൾ ലഭിക്കും. ഇതറിയാതെ സീറോ അമർത്തുന്നവരാണ് കെണിയിൽ പെടുന്നത്. അബദ്ധത്തിൽ സീറോ അമർത്തിയതിനാൽ പോലും അത് സബ്‌സിഡി വേണ്ടെന്ന അറിയാപ്പായി കണക്കാക്കി ഉപഭോക്താവിനെ പിഴിയുകയാണ് ഉടമകൾ. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഈ മാറ്റം വരുത്തിയത്. അങ്ങനെ കെണിയിൽപ്പെട്ടവർ നിരവധിയാണ്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സബ്‌സിഡി നഷ്ടമായവർ ഒട്ടേറെയാണെന്ന് ഗ്യാസ് ഏജൻസി ഉടമകൾ പറയുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് സബ്‌സിഡി വേണ്ടെന്ന് വെക്കുന്നവരാണ് ഇതെന്ന് പറയുന്നുണ്ടെങ്കിലും അതല്ല വാസ്തവം. ശരിക്കും പറഞ്ഞാൽ ഉപഭോക്താവിനെ നഗ്നമായി കൊള്ളയടിക്കുകയാണ് പെട്രാളിയം കമ്പനികൾ ചെയ്യുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ സംബ്‌സിഡി ഉപേക്ഷിക്കാൻ തയ്യാറായി ഒട്ടേറെയാളുകൾ വന്നപ്പോൾ കേരളത്തിൽ ആ നിലയ്ക്കുള്ള പ്രതികരണം ഇല്ലാതെ പോയതാണ് കുറുക്കുവഴി കണ്ടെത്താൻ കേരളത്തിലെ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചതെന്ന ആക്ഷേപവും ശക്തമാണ്. ഗിവ് ഇറ്റ് അപ്പ് പദ്ധതിയിൽ സംസ്ഥാനത്തെ പെട്രോളിയം കമ്പനികൾക്ക് നിശ്ചയിച്ച് നൽകിയിട്ടുള്ള ടാർഗറ്റ് മൂന്ന് മാസത്തോളം കഴിഞ്ഞിട്ടും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഐ.വി.ആർ.എസ്. സംവിധാനം ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ ഏറെയുള്ളത് കേരളത്തിലാണ്. സാങ്കേതികവിദ്യയെ കൂടുതൽ ഉപയോഗപ്പെടുത്തുകയാണ് മലയാളികൾ എന്നിരിക്കേ ഇതിലെ അറിവില്ലാത്തവരെ ചൂഷണ ചെയ്യുകയാണ് പെട്രോളിയം കമ്പനിക്കാർ. സാധാരണക്കാരായ ഉപഭോക്താക്കൾ വരെ ഐ.വി.ആർ.എസ്. സംവിധാനം ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന നാടാണ് കേരളം.

നേരത്തെ സബ്‌സിഡിയുടെ ആനുകൂല്യം ഉപഭോക്താവിന് തന്നെ ലഭ്യമാക്കാനായാണ് ആധാറുമായി ബന്ധിപ്പിച്ചത്. സബ്‌സിഡി നിരക്കായ തുക കഴിഞ്ഞുള്ള ബാക്കി തുക നേരിട്ടു ബാങ്ക് അക്കൗണ്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പലർക്കും സബ്‌സിഡി ലഭിച്ചില്ലെന്ന ആക്ഷേപവും അടുത്തിടെ ഉയർന്നിരുന്നു. അതിനിടെ ഉപഭോക്താവിനെ കൊള്ളയടിക്കുന്ന പെട്രോളിയം കമ്പനികൾക്കെതിരെ ജനകീയ പ്രതിഷേധവും ശക്തമായി വരുന്നു.