തിരുവനന്തപുരം: ആർക്കും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളുള്ള ഭരണഘടനാ സ്ഥാപനമാണ് പഞ്ചായത്തുകളിലെ ഗ്രാമസഭകൾ. ഗ്രാമങ്ങളുടെ പാർലമെന്റുകളായ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും അവകാശങ്ങൾ അൽപം പോലും അനുഭവിക്കാൻ ഇന്നും ഗ്രാമവാസികൾക്കായിട്ടില്ല. പഞ്ചായത്തീരാജ് നൽകുന്ന അധികാരങ്ങൾ പൗരന്മാർക്ക് പൂർണ്ണമായും കൈമാറുന്നതിനുള്ള നടപടികൽ നടപ്പിലാക്കുമെന്ന് വെൽഫെയർ പാർട്ടി പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

എല്ലാവർക്കും ഭൂമിയും വീടും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക അഴിമതി മുക്തവും ജനകീയവുമായ ഗ്രാമപഞ്ചായത്താണ് ലക്ഷ്യം വെക്കുന്നത്. കൃഷിയും പരിസ്ഥിതി പരിപാലനവും പ്രഥമ പരിഗണനാ വിഷയങ്ങളാണ്. ഒപ്പം വർഗീയ മുക്തമായ സൗഹൃദ തദ്ദേശ സ്വയംഭരണസ്ഥാപനമെന്ന ആശയവും മുന്നോട്ടു വെക്കുന്നു.

ജനകീയ ഗ്രാമസഭകളിലൂടെ ജനകീയ പഞ്ചായത്താക്കി മാറ്റുവാൻ ജനകീയ ഓഡിറ്റിങ് കമ്മിറ്റി, വാർഷിക റിപ്പോർട്ട് അവതരണങ്ങൾ, ഗുണഭോക്തൃ കമ്മിറ്റികളിലൂടെയുള്ള പ്രവർത്തനങ്ങൾ, സേവാഗ്രാം പദ്ധതി തുടങ്ങിയവയാണ് മുന്നോട്ട് വെക്കുന്നത്. ജൈവകൃഷി, പ്ലാസ്റ്റിക്ക് മുക്ത പഞ്ചായത്ത് പദ്ധതി, നീർത്തട സംരക്ഷണം, ജനകീയ പേപ്പർ ക്യാരി ബാഗ് നിർമ്മാണം തുടങ്ങിയ പദ്ധതികളും സുതാര്യ പഞ്ചായത്താക്കുവാൻ വിവരങ്ങൾ മുഴുവൻ കൈമാറുന്ന പദ്ധതിയും വിവരാവകാശ പ്രവർത്തക പരിശീലനങ്ങളും ഇ-ടെൻഡറിംഗും മുന്നോട്ട് വെക്കുന്നു.

ഉറവിട മാലിന്യ സംസ്‌കരണം ഓരോ വീട്ടിലും നടപ്പാക്കുന്നതോടൊപ്പം ആവശ്യമെങ്കിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ യൂണിറ്റുകളും സ്ഥാപിക്കും. മികച്ച പൊതു ശൗച്യാലയങ്ങളും വൃത്തിയുള്ള മത്സ്യ-മാംസ മാർക്കറ്റുകളും അറവുശാലകളും സജ്ജീകരിക്കും. ലഹരിക്കെതിരെ തീരുമാനമെടുക്കാനുള്ള പഞ്ചായത്തുകളുടെ അധികാരം ഉപയോഗപ്പെടുത്തി മാദ്യഷാപ്പുകൾ അടച്ചു പൂട്ടും. വാറ്റിനും മയക്കുമരുന്നിനുമെതിരെ ജാഗ്രതാസമിതികളുണ്ടാക്കും. ലഹരിയിലേക്ക് നയിക്കുന്ന എല്ലാ ഉൽപന്നങ്ങളും നിരോധിക്കും.

കർഷക സമിതി രൂപീകരണം, തരിശ്ഭൂമിരഹിത പഞ്ചായത്ത്, കൃഷി ഭവനുകൾ ജനകീയമാക്കൽ, കൂട്ടുകൃഷി, ഗ്രാമചന്തകൾ, മൃഗ-പക്ഷി വളർത്തലിന് സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ, മത്സ്യ കൃഷി തുടങ്ങി അനേകം പദ്ധതികളിലൂടെ കൃഷി വികസിപ്പിക്കും.