ആലപ്പുഴ: കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ എതിർ സ്ഥാനാർത്ഥികളുടെ പത്രിക സൂഷ്മ പരിശോധനയിൽ തള്ളിപ്പോയതോടെ സിപിഎം സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച കെ.എ. പ്രമോദ് ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്റെയും ബിജെപി സ്ഥാനാർത്ഥിയുടെയും പത്രികകളാണ് തള്ളിയത്.

കണ്ണൂർ ജില്ലയിലും പതിനഞ്ചോളം സീറ്റിൽ സിപിഎം പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആന്തൂർ നഗരസഭയിലെ ആറു ഡിവിഷനുകളിൽ സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും സിപിഎം പ്രതിനിധികൾ മാത്രമാണ് നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. തളിപ്പറമ്പ്, കയ്യൂർ- ചീമേനി തുടങ്ങിയിടത്തും എതില്ലാ ജയം സിപിഎം നേടിയിരുന്നു. കണ്ണൂരിൽ സ്വതന്ത്രവും നിർഭയവുമായി തെരഞ്ഞെടുപ്പ് നടത്താൻ സിപിഎം അനുവദിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ആന്തൂരിലും മലപ്പട്ടത്തും സമാനമായ അവസ്ഥയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.കോൺഗ്രസിന് വ്യക്തമായി സ്വാധീനമുള്ള പഞ്ചായത്തുകളാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ കെ സുധാകരന് ആന്തൂർ മുൻസിപ്പാലിറ്റിയിൽ 4967 വോട്ടാണ് ലഭിച്ചത്. ജനാധിപത്യ സംവിധാനത്തിൽ ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെയാണ് സിപിഎം തകർക്കുന്നത്. ഫാസിസ്റ്റ് നടപടിയാണിതെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.