കണ്ണൂർ: ഉച്ചക്ക് രണ്ടരമണിയായപ്പോഴേക്കും 80 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിക്കഴിയുന്ന ഒരു പ്രദേശം. എതിരാളികളില്ലാത്ത സിപിഎം ജയിച്ചിരുന്നു ഇപ്പോഴും പാർട്ടി കോട്ടയായി അറിയപ്പെടുന്ന തളിപ്പറമ്പിലെ ആന്തൂരിലാണ് പോളിങ്ങ് റെക്കോർഡ് ഇടുന്നത്. ഇവിടെ പോളിങ് ശതമാനം ഈ രീതിയിൽ ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി പറയുമ്പോൾ, രാവിലെ തന്നെ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണം എന്ന പാർട്ടിയുടെ അഭ്യർത്ഥനയുടെ ഫലമാണ് ഇതെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്.

അതി രാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് ആന്തൂരിൽ എല്ലാ ബൂത്തിന് മുന്നിലും ഉണ്ടായിരുന്നു. ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിങ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിങ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്ക് ഉണ്ട്. 22 ഡിവിഷനിലാണ് വോട്ടിങ് നടക്കുന്നത്. ആകെ ഡിവിഷനിൽ ആറിടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാർത്ഥി മത്സര രംഗത്ത് ഉണ്ട്. 15 സീറ്റിൽ ബിജെപി മത്സരിക്കുന്നുണ്ട്. 2015 ലാണ് ആന്തൂർ നഗരസഭ രൂപമെടുക്കുന്നത്. 28 ൽ 28 ഡിവിഷനും സ്വന്തമാക്കിയാണ് ഇടത് മുന്നണി ഭരണം. ഏറ്റവും അധികം പാര്ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്. വ്യവസായി സാജന്റെ ആത്മഹത്യ അടക്കം വിവാദങ്ങൾ നിലനിൽക്കുന്ന നഗരസഭയാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ .

എന്നാൽ ആന്തൂർ നഗരസഭയിൽ പോളിങ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി ആരോപിച്ചു. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാൻ പോലും സി പി എമ്മുകാർ സമ്മതിക്കുന്നില്ല. കണ്ണൂർ കോർപറേഷനിൽ 35 സീറ്റുകൾ നേടും. കണ്ണൂരിൽ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതിയുള്ളതിനാൽ ഉച്ചക്ക്ശേഷം പോളിങ്ങ് ബൂത്തിലെത്താൻ വോട്ടർമാർ മടിക്കുമെന്നതിനാൽ രാവിലെ തന്നെ തങ്ങളുടെ വോട്ടുകൾ ചെയ്യണമെന്ന് അഭ്യർത്ഥിച്ചത് എന്നാണ് സിപിഎം പറയുന്നത്.