കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസവും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനോടൊപ്പവും വാർത്തകൾ ഇടം നേടിയ രണ്ട് ബിജെപി സ്ഥാനാർത്ഥികളുണ്ടായിരുന്നു. ഒന്ന് മലപ്പുറം ജില്ലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തിൽ മത്സരിച്ച എം സുൽഫത്തും കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 19ാം വാർഡ് ബിജെപി സ്ഥാനാർത്ഥി വാസുകുഞ്ഞിയും. ഇരുവരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല ഇരുവർക്കും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മലപ്പുറം ജില്ലയിൽ മുസ്ലിം കുടുംബത്തിൽ നിന്നും ഒരു വനിത സ്ഥാനാർത്ഥിയെ ലഭിച്ചു എന്നതായിരുന്നു വണ്ടൂരിൽ സുൽഫത്തിന്റെ സ്ഥാനാർത്ഥിത്വം ഇത്രയേറെ ശ്രദ്ധേയമാക്കിയത്. വണ്ടൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലാണ് സുൽഫത്ത് മത്സരിച്ചിരുന്നത്. ദേശീയ മാധ്യമങ്ങളടക്കം സുൽഫത്തിന്റെ സ്ഥാനാർത്ഥിത്വം വാർത്തയാക്കി. താൻ കടുത്ത മോദി ആരാധികയാണെന്നും മുത്തലാഖ് വിഷയത്തിലടക്കം മോദിയെടുത്ത നിലപാടുകളിൽ ആകൃഷ്ടയായാണ് താൻ ബിജെപിയിൽ ചേർന്നതെന്നും സുൽഫത്ത് നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ സുൽഫത്തിന് തെരഞ്ഞെടുപ്പിൽ ലഭിച്ചതാകട്ടെ കേവലം 56 വോട്ടുകളാണ്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി സീനത്താണ് വിജയിച്ചത്. സീനത്തിന് 961 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥി എൽഡിഎഫിലെ അൻസ് രാജൻ 650 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. വണ്ടൂർ പഞ്ചായത്തിൽ ആകെയുള്ള 15 വാർഡുകളിൽ എട്ട് സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫിന് 7 സീറ്റുകൾ ലഭിച്ചു.

തെരഞ്ഞെടുപ്പ് ദിവസം വാർത്തകളിൽ ഇടം നേടിയ ബിജെപി സ്ഥാനാർത്ഥിയാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്ത് 19ാം വാർഡിലെ വാസുകുഞ്ഞ്. തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റതോടെയാണ് വാസുകുഞ്ഞ് വാർത്തകളിൽ ഇടം പിടിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ബൈക്കിൽ ബൂത്തിലേക്ക് വരവെയാണ് വാസുകുഞ്ഞിനെ കാട്ടുപന്നി ആക്രമിച്ചത്. ഇതോടെ വാസുകുഞ്ഞ് തെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്തകളിൽ നിറഞ്ഞു. എന്നാൽ കേവലം 39 വോട്ടുകൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ വാസുകുഞ്ഞിന് ലഭിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി അലക്സ് തോമസാണ് വിജയിച്ചത്. അലക്സ് തോമസിന് 684 വോട്ടുകൾ ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി സുനിൽ 340 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.