തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകളും നിയമസഭയിലേക്കുള്ള വോട്ടിങ്ങ് പാറ്റേണും തീർത്തും വ്യത്യസ്തമാണെങ്കിലും കിട്ടിയവോട്ടിന്റെ ശതമാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്ക് മാറ്റി അവതരിപ്പിക്കാൻ ദൃശ്യമാധ്യമങ്ങൾ അടക്കം എപ്പോളും ശ്രമിക്കാറുണ്ട്. ഇത്തവണ അന്തിമ വോട്ടിങ്ങ് ശതമാനം ലഭ്യമായിട്ടില്ലെങ്കിലും ലഭിക്കുന്ന സൂചനകൾവെച്ച് കെയുള്ള 140 ൽ 90 നിയമസഭ സീറ്റുകളിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ടെന്നാണ്. അതായത് ഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം എൽഡിഎഫിന് നേടാൻ കഴിഞ്ഞുവെന്നാണ് കണക്കകൂട്ടൽ.ആകെയുള്ള 140 സീറ്റുകളിൽ 50 മുതൽ 53 വരെ സീറ്റുകളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബിജെപിയാകട്ടെ ഒറ്റ മണ്ഡലത്തിൽ മാത്രമാണ് മുന്നിൽ. സിറ്റിങ് സീറ്റായ നേമത്ത് ഒന്നാമതാണ് ബിജെപി.

ആകെയുള്ള 14 ജില്ലകളിൽ മലപ്പുറം, എറണാകളും, വയനാട് എന്നീ മുന്ന് ജില്ലകൾ ഒഴിച്ച് നിർത്തിയാൽ ബാക്കി 11 ജില്ലകളിലും മുന്നിലെത്തിയത് എൽഡിഎഫാണ്. 11 ജില്ലാപഞ്ചായത്ത് ഉറപ്പിച്ച ഇടതുമുന്നണി, 500ലേറെ ഗ്രാമ പഞ്ചായത്തുകളും നൂറിലേറെ ബ്ലോക്ക് പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ആറ് കോർപ്പറേഷനിൽ അഞ്ചിടത്തും മുന്നിട്ട് നിൽക്കുന്നത് ഇടതുമുന്നണിയാണ്.

തൃശ്ശൂർ ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ്. ഏക യുഡിഎഫ് മണ്ഡലമായ വടക്കാഞ്ചേരിയടക്കം എൽഡിഎഫാണ് മുന്നിലുള്ളത്. ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശ്ശൂരും കൊടുങ്ങല്ലൂരും എൽഡിഎഫാണ് മുന്നിൽ.യുഡിഎഫിന്റെ കോട്ടയായിരുന്ന കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും എൽഡിഎഫിനെ കൈപിടിച്ചുയർത്തുന്ന കാഴ്ചയാണ് കണ്ടത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തു.

കൊല്ലത്ത് ചവറ മണ്ഡലം മാത്രമാണ് യുഡിഎഫിന് മുന്നിലെത്താൻ കഴിഞ്ഞത്. വടക്കൻ കേരളത്തിൽ മലപ്പുറവും, മധ്യകേരളത്തിൽ എറണാകുളവും മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാവുന്ന കണക്കുകളുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഇടതുമുന്നണിക്ക് വൻവിജയം നൽകിയിരിക്കുകയാണ് വോട്ടർമാർ.