കോഴിക്കോട്: ആദ്യം തോൽവി. പിന്നീട് വിജയം. രണ്ട് വികാരവും ഇന്നലെ ഒരുപോലെ അനുഭവിച്ചയാളാണ് യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായ ഡോ. പി.എൻ.അജിത. രാവിലെ തന്നെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ അജിത പരാജയപ്പെട്ടതായി ടിവി ചാനലിലെ ന്യൂസ് ഫ്ളാഷിലൂടെ കാണിച്ചു തുടങ്ങി. കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡോ അജിത തോറ്റുവെന്ന് പ്രമുഖ ചാനലുകളിൽ എല്ലാം ബ്രേക്കിങ് ന്യൂസ് നൽകുകയായിരുന്നു.

അതുകണ്ട സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഫോൺവിളികളും മെസേജുകളുമായി ആശ്വസിപ്പിക്കാൻ വിളിച്ചു. അതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. പലരും ആശ്വാസവാക്കുകളുമായി വീട്ടിലേക്ക് വന്നു തുടങ്ങി. ഇതിനിടെ എതിർ പാർട്ടി പ്രവർത്തകർ ആർപ്പുവിളികളും മുദ്രാവാക്യം വിളികളുമായി വീടിനു മുന്നിൽ തടിച്ചുകൂടി. അപ്പോഴാണ് മറ്റൊരു ചാനലിൽ തന്റെ വാർഡിലെ വോട്ടുകൾ എണ്ണാൻ ആരംഭിച്ചില്ലെന്നു കാണിച്ച് വീണ്ടും ഫ്ളാഷ് വന്നത്.

ആദ്യത്തെ വാർത്ത തെറ്റായി വന്നതാണെന്ന് ചാനൽ റിപ്പോർട്ടർമാർ തന്നെ അറിയിച്ചു. അതോടെ തിരിച്ച് വീണ്ടും കൗണ്ടിങ് സ്റ്റേഷനിലെത്തി. അവസാനം ഫലം വന്നപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ 27 വോട്ടുകൾക്ക് വിജയിച്ചു. ഔദ്യോഗികമായി അറിഞ്ഞതോടെയാണ് ആ വിജയവും വിശ്വസിച്ചത്. പരാജയം ആദ്യം ഉണ്ടായപ്പോൾ തകർന്നുപോയെന്നും താൻ കാരണം യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടെന്ന സങ്കടമായിരുന്നു മനസ്സിലുണ്ടായിരുന്നതെന്നും ഡോ. പി.എൻ.അജിത പറഞ്ഞു