തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായവർ ഡിസംബർ 21ന് അധികാരമേൽക്കും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് ജനപ്രതിനിധികൾ അധികാരമേൽക്കേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.

ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 1,299 ജനപ്രതിനിധികളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 637 പേർ എൽ.ഡി.എഫ്. പ്രതിനിധികളും 402 പേർ യു.ഡി.എഫ്. പ്രതിനിധികളും 194 പേർ എൻ.ഡി.എയിൽനിന്നുള്ളവരുമാണ്. മറ്റുള്ളവർ 66 പേരുണ്ട്.

ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 155 ഡിവിഷനുകളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളായി മത്സരിച്ച 117 പേർ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാർത്ഥികളായി മത്സരിച്ച 30 പേരും എൻ.ഡി.എ. സ്ഥാനാർത്ഥികളായി മത്സരിച്ച ആറു പേരും മറ്റുള്ളവരിൽ രണ്ടു പേരും വിജയിച്ചു.

ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചവരിൽ 20 ഡിവിഷനുകളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ വിജയിച്ചു. ആറ് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളും തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളിലായി 147 ഡിവിഷനുകളാണുള്ളത്. ഇതിൽ 75 ഡിവിഷനുകളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ വിജയിച്ചു. 38 ഇടത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥികളും 31 ഇടത്ത് എൻ.ഡി.എ. സ്ഥാനാർത്ഥികളും മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ ആകെയുള്ള 100 ഡിവിഷനുകളിൽ 51 എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ വിജയിച്ചു. 10 ഡിവിഷനുകളിൽ യു.ഡി.എഫും 34 ഡിവിഷനുകളിൽ എൻ.ഡി.എയും അഞ്ചിടത്ത് മറ്റുള്ളവരും വിജയിച്ചു.

എൽ.ഡി.എഫ്. വിജയിച്ച പഞ്ചായത്തുകൾ

ആനാട്, അഞ്ചുതെങ്ങ്, അണ്ടൂർക്കോണം, അരുവിക്കര, ആര്യനാട്, ആര്യങ്കോട്, അഴൂർ, ബാലരാമപുരം, ചെമ്മരുതി, ചിറയിൻകീഴ്, ഇടവ, ഇലകമൺ, കടയ്ക്കാവൂർ, കഠിനംകുളം, കല്ലറ, കരകുളം, കരിംകുളം, കാട്ടാക്കട, കിഴുവിലം, കൊല്ലയിൽ, കോട്ടുകാൽ, കുന്നത്തുകാൽ, കുറ്റിച്ചൽ, മടവൂർ, മലയിൻകീഴ്, മണമ്പൂർ, മംഗലപുരം, മാണിക്കൽ, മറനല്ലൂർ, നഗരൂർ, നാവായിക്കുളം, ഒറ്റൂർ, പള്ളിച്ചൽ, പള്ളിക്കൽ, പനവൂർ, പാങ്ങോട്, പാറശാല, പഴയകുന്നുമ്മേൽ, പെരുങ്കടവിള, പൂവച്ചൽ, പൂവാർ, പോത്തൻകോട്, പുല്ലമ്പാറ, തൊളിക്കോട്, ഉഴമലയ്ക്കൽ, വാമനപുരം, വെമ്പായം, വെങ്ങാനൂർ, വെട്ടൂർ, വിളപ്പിൽ, വിതുര

യു.ഡി.എഫ് നേടിയ പഞ്ചായത്തുകൾ

അമ്പൂരി, അതിയന്നൂർ, ചെങ്കൽ, ചെറുന്നിയൂർ, കാഞ്ഞിരംകുളം, കാരോട്, കിളിമാനൂർ, കുളത്തൂർ, നന്ദിയോട്, നെല്ലനാട്, ഒറ്റശേഖരമംഗലം, പെരിങ്ങമ്മല, പുളിമാത്ത്, തിരുപുറം, വക്കം, വെള്ളനാട്, വെള്ളറട, വിളവൂർക്കൽ.

എൻ.ഡി.എ. നേടിയ പഞ്ചായത്തുകൾ

കള്ളിക്കാട്, കല്ലിയൂർ, കരവാരം, മുദാക്കൽ

എൽ.ഡി.എഫ്. നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ

അതിയന്നൂർ, ചിറയിൻകീഴ്, കിളിമാനൂർ, നെടുമങ്ങാട്, നേമം, പാറശാല, പെരുങ്കവിള, പോത്തൻകോട്, വാമനപുരം, വർക്കല

യു.ഡി.എഫ്. നേടിയ ബ്ലോക്ക് പഞ്ചായത്ത്

വെള്ളനാട്

എൽ.ഡി.എഫ്. നേടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ

ചെമ്മരുതി, നാവായിക്കുളം, കല്ലറ, വെഞ്ഞാറമ്മൂട്, ആനാട്, ആര്യനാട്, പൂവച്ചൽ, കുന്നത്തുകാൽ, പാറശാല, മരിയപുരം, വെങ്ങാനൂർ, പള്ളിച്ചൽ, മലയിൻകീഴ്, കരകുളം, മുദാക്കൽ, കണിയാപുരം, മുരുക്കുംപുഴ, കിഴുവിലം, ചിറയിൻകീഴ്, മണമ്പൂർ.

യു.ഡി.എഫ്. നേടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ

കിളിമാനൂർ, പാലോട്, വെള്ളനാട്, വെള്ളറട, കാഞ്ഞിരംകുളം, ബാലരാമപുരം.

സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് വരണാധികാരികൾ

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുന്നത് വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമ്മിഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളും കോർപ്പറേഷനുകളിൽ ജില്ലാ കളക്ടറും സത്യപ്രതിജ്ഞയുടെ ചുമതല വഹിക്കും.

ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരിക്കു മുൻപാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞയെടുക്കണം. ഇദ്ദേഹമായിരിക്കും തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.

ത്രിതല പഞ്ചായത്തുകളിൽ രാവിലെ പത്തിനും കോർപ്പറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കുക. ഗ്രാമ പഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണറും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തിൽ കളക്ടറും സത്യപ്രതിജ്ഞയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കും.

ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം, ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും.

മുനിസിപ്പാലിറ്റികളിൽ സത്യപ്രതിജ്ഞയ്ക്കുള്ള വരണാധികാരികൾ

നെയ്യാറ്റിൻകര - അസിസ്റ്റന്റ് ഡയറക്ടർ, സർവെ ആൻഡ് ലാൻഡ് റെക്കോഡ്സ് (റീസർവെ) നെയ്യാറ്റിൻകര, നെടുമങ്ങാട് - ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്, തിരുവനന്തപുരം, ആറ്റിങ്ങൽ - ജനറൽ മാനേജർ, ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് സെന്റർ, തിരുവനന്തപുരം, വർക്കല - ഡെപ്യൂട്ടി കളക്ടർ(ആർ.ആർ) കളക്ടറേറ്റ്, തിരുവനന്തപുരം

അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും

ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനിലെയും അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28നു രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചയ്ക്ക് രണ്ടിനും നടക്കും.

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30നു രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകലിലെ തെരഞ്ഞെടുപ്പ് അതതു വരണാധികാരികളും കോർപ്പറേഷനിൽ ജില്ലാ കളക്ടറും മുനിസിപ്പാലിറ്റികളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുന്നത്.