മലപ്പുറം: 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും എൽ.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ലഭിച്ചത് 41സീറ്റുകൾ മാത്രം, ഇപ്പോൾ യു.ഡി.എഫുമായി നീക്കുപോക്ക് നടത്തിയപ്പോൾ ലഭിച്ചത് 65സീറ്റുകൾ. തങ്ങളുടെ സാന്നിധ്യത്തെ കുറിച്ചു യു.ഡി.എഫിൽ പോര് നടക്കുമ്പോഴും കിട്ടിയത് ലാഭംവെച്ച് വെൽഫെയർപാർട്ടി. ഇത്തവണ യു.ഡി.എഫുമായി വെൽഫെയർപാർട്ടിയുണ്ടാക്കിയ നീക്കുപോക്കിൽ ഗുണമുണ്ടായത് ലീഗിനും വെൽഫെയർപാർട്ടിക്കുമാണ്്.

മലപ്പുറത്തും കോഴിക്കോടും ഈനീക്കുപോക്കിൽ കാര്യമായ ഗുണം ഇരുകൂട്ടർക്കും ലഭിച്ചെങ്കിലും മറ്റുചിലയിടങ്ങളിൽ യു.ഡി.എഫിന് തിരിച്ചടി നേരിട്ടതായും പാർട്ടി വിലയിരുത്തി. കേരളത്തിലെ 70ഓളം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് യു.ഡി.എഫുമായി വെൽഫെയർപാർട്ടി നീക്കുപോക്കുണ്ടായിരുന്നത്. ഈ നീക്കുപോക്കിലൂടെ വെൽഫെയർപാർട്ടിക്കു ഇത്തവണ 65സീറ്റുകൾ നേടാൻ സാധിച്ചു. ആദ്യമായാണ് വെൽഫെയർപാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്രയധികം സീറ്റുകൾ നേടുന്നത്. 200ലധികം സീറ്റുകളിൽ മത്സരിച്ചാണ് വെൽഫെയർപാർട്ടി ഈനേട്ടം കരസ്ഥമാക്കിയത്.

കഴിഞ്ഞ തവണ 41സീറ്റുകളാണ് നേടിയിരുന്നത്. അന്ന് ചില പഞ്ചായത്തുകളിൽ സിപിഎമ്മുമായും സഖ്യമുണ്ടായിരുന്നു. മലപ്പുറത്ത് 25സീറ്റുകളിലാണ് വെൽഫെയർപാർട്ടി വിജയിച്ചത്. ഇതിൽ 21സീറ്റിൽ യു.ഡി.എഫുമായി ധാരണയുണ്ടാക്കി മത്സരിച്ചപ്പോൾ മറ്റു നാലുസീറ്റുകളിൽ സ്വന്തമായാണ് മത്സരിച്ചെന്ന് നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് വിജയിച്ച 11സീറ്റിലും യു.ഡി.എഫുമായി ധാരണയുണ്ടായിരുന്നു. ഇതിന് പുറമെ തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, ആലപ്പുഴ-ഒന്ന്, കോട്ടയം-2, എറണാകുളം-ആറ്, തൃശൂർ-ഒന്ന്, പാലക്കാട്-ഏഴ്, വയനാട്-ഒന്ന്, കണ്ണൂർ-നാല് എന്നിങ്ങനെയാണ് വെൽഫെയർപാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം.

യു.ഡി.എഫുമായുണ്ടാക്കിയ ധാരണ പ്രകാരം പിന്തുണ നൽകിയ പഞ്ചായത്തുകളിൽ അവർക്കും കൃത്യമായ ഗുണമുണ്ടായിട്ടുണ്ടെന്നും വെൽഫെയർപാർട്ടി ഭാരവാഹികൾ പറയുന്നു. കേരളാമാകെ എൽ.ഡി.എഫ് തരംഗമുണ്ടായപ്പോൾ മലപ്പുറത്ത് മുസ്ലിംലീഗിന്റെ കോട്ടകളിൽ വിള്ളലുണ്ടാകാതെ വോട്ടുകൾ ഏകോപിപ്പിക്കാൻ വെൽഫെയർപാർട്ടിയുമായുള്ള നീക്കുപോക്ക് ഗുണംചെയ്തതാണ് ഭാരവാഹികൾ പറയുന്നത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മുസ്ലിംലീഗ് നേതൃത്വം തെയ്യാറായിട്ടില്ല. വെൽഫെയർപാർട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിനുള്ളിൽനിന്നുതന്നെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വിവാദങ്ങൾക്ക് അവസരം നൽകാതിരിക്കാൻ നേതൃത്വം മൗനംഅവലംഭിക്കുന്നത്.