- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം; കാസർകോട്ട് ഏറ്റവും വലിയ ഒറ്റകക്ഷി; കഴിഞ്ഞതവണത്തെ ഏഴ് ജില്ലകൾ എൽഡിഎഫ് 11ലേക്ക് ഉയർത്തുന്നു; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ജില്ലാപഞ്ചായത്തിലെ ഇടത് തരംഗം ഒരു സൂചകമോ ; ഭരണത്തുടർച്ചാ സ്വപ്നങ്ങളുമായി പിണറായി സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ഇടമാണ് ജില്ലാ പഞ്ചായത്ത് വോട്ടുകൾ. പഞ്ചായത്തിലേക്കും കോർപ്പറേഷനിലേക്കുമൊക്കെ ജനം പലപ്പോഴും വ്യക്തികളെ നോക്കിയും, പ്രാദേശിക പ്രശ്നങ്ങളെ മുൻ നിർത്തിയും വോട്ട് ചെയ്യുമ്പോൾ ജില്ലാപഞ്ചായത്തിലേക്ക് ലഭിക്കുന്നത് കൃത്യമായ പൊളിറ്റിക്കൽ വോട്ടുകളാണ് എന്നാണ് വിലയിരുത്തൽ. പണ്ടൊക്കെ 2 ജില്ലാപഞ്ചായത്ത് ഡിവിഷൻ എന്നാൽ ഒരു അസംബ്ലിമണ്ഡലം എന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികളുടെ അടുത്ത് കണക്കുകളും ഉണ്ടായിരുന്നു. മാത്രമല്ല നിയമസഭാ തെരഞ്ഞെുടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനൽ ആയിട്ടാണ് ജില്ലാ പഞ്ചായത്ത് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ഇടതുമുന്നണി ഇത്തവണ ഭരണത്തുടർച്ചാ പ്രതീക്ഷയിലാണ്. കാരണം 14 ജില്ലകളിൽ 11 ഇപ്പോൾ എൽഡിഎഫിന്റെ കൈയിലാണ്.
തിരുനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലെ ജില്ലാ പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈയുള്ളപ്പോൾ കാസർകോട് അവർ മുന്നിലാണ്. കാസർകോട് എൽഡിഎഫ് 7, യുഡിഎഫ്7, എൻഡിഎ 2 എന്നിങ്ങനെയാണ് കക്ഷിനില. എന്നാൽ ചെങ്കള ഡിവിഷനിൽ നിന്ന് ജയിച്ച ഷാനവാസ് പാദൂർ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനാണ്.എന്നാൽ ഇദ്ദേഹത്തെ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ സ്വതന്ത്രൻ എന്നാണ് കാണിച്ചിരിക്കുന്നത്. ഈ വോട്ടുകൂടി ചേരുന്നതോടെ എൽഡിഎഫിന്റെ സീറ്റുകൾ 8 ആയി ഉയരും. 17 അംഗ ജില്ലാ പഞ്ചായത്തിൽ 2 സീറ്റുകൾ കിട്ടിയ ബിജെപി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടു നിൽക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ കാസർകോട് ജില്ലാ പഞ്ചായത്തും തങ്ങൾ ഭരിക്കുമെന്നാണ് എൽഡിഎഫ് നേതാക്കൾ ഉറപ്പിച്ച് പറയുന്നത്.
കഴിഞ്ഞതവണ വെറും 7 ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. ഇത്തവണ അത് 11ലേക്ക് ഉയർത്താൻ അവർക്കായി. എന്നാൽ യുഡിഎഫ് ആകട്ടെ വെറും 3 ജില്ലാപഞ്ചായത്തിലേക്ക് വീഴുകയാണ്. മലപ്പുറം, എറണാകുളം, വയനാട് എന്നീ ജില്ലാപഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് ജയിക്കാൻ അയത്. പല ജില്ലകളിലും യുഡിഎഫ് തുടച്ചു നീക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. പാലക്കാട് മുപ്പതിൽ വെറും 3 സീറ്റും, തൃശൂരിൽ 29ൽ 5 സീറ്റും, ആലപ്പുഴയിൽ 23ൽ വെറും രണ്ടു സീറ്റും, കൊല്ലത്ത് ഇരുപത്തിയാറിൽ വെറും 3 സീറ്റുമാണ് യുഡിഎഫിന് കിട്ടിയത്.
വയനാട് യുഡിഎഫ് 9 എൽഡിഎഫ്-7 എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ കക്ഷിനില. തങ്ങളുടെ കോട്ടയായ വയനാട്ടിൽ ഏറെ വെള്ളം കുടിച്ചാണ് യുഡിഎഫ് മുന്നോട്ട് വന്നത്. കണ്ണൂർ യുഡിഎഫ്-7 എൽഡിഎഫ്- 16, കോഴിക്കോട് യുഡിഎഫ്-9, എൽഡിഫ്- 18, മലപ്പുറം യുഡിഎഫ്-27, എൽഡിഎഫ്-5 , പാലക്കാട് യുഡിഎഫ്-3 എൽഡിഎഫ്- 27, തൃശൂർ- എൽഡിഎഫ് -24 യുഡിഎഫ്- 5 ,എറണാംകുളം- യുഡിഎഫ്-15 എൽഡിഎഫ്- 8 ,ഇടുക്കി എൽഡിഫ്-10 യുഡിഎഫ്- 6, കോട്ടയം എൽഡിഎഫ്- 14 യുഡിഎഫ്-7, ആലപ്പുഴ എൽഡിഎഫ്- 21 യുഡിഎഫ് 2, പത്തനംതിട്ട എൽഡിഎഫ് -12, യുഡിഎഫ് 4, കൊല്ലം എൽഡിഎഫ് -23 യുഡിഎഫ് 3, തിരുവനന്തപുരം എൽഡിഎഫ് 20 യുഡിഎഫ് -6 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കക്ഷിനില. ഇതിൽ ഇടുക്കിയിലും, കോട്ടയത്തും, പത്തനംതിട്ടയിലുമുള്ള ഇടതുമുന്നേറ്റം യുഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം തന്നെയാണ് ഇവിടെ ഗുണം ചെയ്തത്. ഇത് ഒരു പൊളിറ്റിക്കൽ ഇൻഡിക്കേറ്റർ ആണെങ്കിൽ പിണറായി സർക്കാറിന് തുടർഭരണം ഉറപ്പാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നത്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ