മലപ്പുറം: ഒതായിയിലെ യൂത്ത്‌ലീഗ് പ്രവർത്തകൻ മനാഫിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയ സംഭവം കാൽനൂറ്റാണ്ടിനു ശേഷവും എടവണ്ണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിധി നിർണയിച്ചു. പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രൻ മനാഫ് വധക്കേസിലെ രണ്ടാം പ്രതിയായ മാലങ്ങാടൻ സിയാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചത് വിവാദമായിരുന്നു.

ഇതേ തുടർന്നുണ്ടായ അടിയൊഴുക്കുകളാണ് കാൽനൂറ്റാണ്ടായി കുത്തകയാക്കിയ പഞ്ചായത്ത് ഭരണം തന്നെ യു.ഡി.എഫിന് നഷ്ടമാക്കിയത്. 10നെതിരെ 12 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി പി.കെ ബഷീർ എംഎ‍ൽഎയുടെ തട്ടകമായ എടവണ്ണ പഞ്ചായത്ത് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 7 സീറ്റുകൾ നേടിയിരുന്ന കോൺഗ്രസിന് സിയാദിന്റേത് ഉൾപ്പെടെ 4 സിറ്റിങ് സീറ്റുകളും നഷ്ടമായി. അതേസമയം മുസ്ലിം ലീഗിന് കഴിഞ്ഞ തവണ ലഭിച്ച 9 സീറ്റ് ഇത്തവണ 7 ആയി കുറഞ്ഞു. കഴിഞ്ഞ തവണ എടവണ്ണയിൽ 16 സീറ്റ് യു.ഡി.എഫിനും 6 സീറ്റ് ഇടതുമുന്നണിക്കുമായിരുന്നു.

1995 ഏപ്രിൽ 13നാണ് പി.വി അൻവർ എംഎ‍ൽഎയുടെ വീട്ടിനു മുന്നിലെ റോഡിൽ വെച്ച് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ പട്ടാപ്പകൽ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.മനാഫ് വധം നടന്ന 1995ൽ എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി.വി അൻവർ എംഎ‍ൽഎയുടെ പിതാവ് പി.വി ഷൗക്കത്തലിയായിരുന്നു. കേസിൽ രണ്ടാം പ്രതി മാലങ്ങാടൻ സിയാദും നാലാം പ്രതി പി.വി അൻവറുമായിരുന്നു. ഷൗക്കത്തലിയടക്കം 21 പ്രതികളാണുണ്ടായിരുന്നത്. മനാഫ് വധത്തിനു ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി എടവണ്ണ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചത്.

ഒന്നാം സാക്ഷി കൂറുമാറിയതോടെ പി.വി അൻവറടക്കം 21 പ്രതികളെ വിചാരണക്കോടതി വെറുതെവിടുകയായിരുന്നു. ഇതിനെതിരെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.മനാഫ്വ് വധത്തിനു ശേഷം 25 വർഷത്തിനു ശേഷം കേസിലെ രണ്ടാം പ്രതിയായിരുന്ന മാലങ്ങാടൻ സിയാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതോടെയാണ് മനാഫ് വധം എടവണ്ണയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമായത്.

കഴിഞ്ഞ തവണ കോൺഗ്രസ് 190 വോട്ടിന് വിജയിച്ച കോൺഗ്രസ് ഒരിക്കലും പരാജയപ്പെടാത്ത വാർഡായ മുണ്ടേങ്ങരയിലാണ് സിയാദിന് സീറ്റു നൽകിയത്.മനാഫ് വധക്കേസിൽ സിയാദിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തിൽ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് മനാഫിന്റെ കുടുംബവും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്് പരാതിനൽകിയിരുന്നു. എന്നാൽ ഇതുപരിഗണിക്കാതെയാണ് കോൺഗ്രസ് നേതൃത്വം സിയാദിന് സീറ്റ് നൽകിയത്. ഇവിടെ സിയാദ് 109 വോട്ടിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അതേസമയം മുണ്ടേങ്ങരയിൽ കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിക്ക് 206 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.

ഒതായി മേഖലയിൽ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന 3 സീറ്റുകളടക്കം 4 സീറ്റുകളാണ് ഇത്തവണ നഷ്ടമായത്.മനാഫ് വധക്കേസിൽ ഗൾഫിൽ ഒളിവിൽ സുഖജീവിതം നയിച്ചിരുന്ന സിയാദിന്റെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളെ മനാഫിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ 25 വർഷത്തിനു ശേഷമാണ് പിടിയിലായത്. ഇവരുടെ വിചാരണ നടപടികൾ മഞ്ചേരി അഡീഷണൽ 2 ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചിരിക്കുകയാണ്.

മനാഫ് വധക്കേസിൽ കുടുംബത്തിനു വേണ്ടിയുള്ള നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന മനാഫിന്റെ പിതൃസഹോദരൻ പള്ളിപ്പറമ്പൻ അബൂബക്കർ കഴിഞ്ഞ തവണ കിഴക്കേ ചാത്തല്ലൂരിലെ കോൺഗ്രസ് പഞ്ചായത്തംഗമായിരുന്നു. അബൂബക്കർ 80 വോട്ടിന് വിജയിച്ച വാർഡിൽ 150 വോട്ടിനാണ് ഇത്തവണ കോൺഗ്രസ് പരാജയപ്പെട്ടത്. ഇതിനു പുറമെ മുണ്ടേങ്ങര, കൊളപ്പാട് വാർഡുകളാണ് ഒതായി മേഖലയിൽ കോൺഗ്രസിനെ കൈവിട്ടത്. രാഷ്ട്രീയേതരമായ ക്രിമിനൽ കേസുകളിൽ പെട്ടവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കരുതെന്ന കെപിസിസി മാർഗനിർദ്ദേശം ലംഘിച്ച് മനാഫ് വധക്കേസിൽ പ്രതിയായിരുന്ന പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന് സീറ്റ് നൽകിയത് ഇനി കോൺഗ്രസിൽ കലാപക്കൊടി ഉയർത്തും.