- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് നഗരസഭയിൽ തകർന്നടിഞ്ഞ് സിപിഎം; കഴിഞ്ഞ തവണത്തെ ഒമ്പത് സീറ്റ് ഇത്തവണ ആറ് ആയി കുറഞ്ഞു; 13 സീറ്റ് നേടിയ യുഡിഎഫും 12 ലേക്ക് കുറഞ്ഞു; 24 ൽനിന്ന് 28ലേക്ക് കയറിയ ബിജെപിക്ക് ഭരണത്തുടർച്ച; പാലക്കാട് നഗരസഭയിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫും എൽഡിഎഫും
പാലക്കാട്: നഗരസഭയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ഭരണത്തുടർച്ച. 52 സീറ്റുകളുള്ള നഗരസഭയിൽ 28 സീറ്റുകളിൽ ബിജെപി വെന്നിക്കൊടി പാറിച്ചു. 52 വാർഡുകളിൽ 50 വാർഡുകളിൽ മാത്രമാണ് ബിജെപി മത്സരിച്ചത്. 12 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ ആറു സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്. . വെൽഫെയർ പാർട്ടി അടക്കമുള്ള മറ്റുള്ളവർ 6 സീറ്റ് നേടിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സംസ്ഥാനരാഷ്ട്രീയത്തിലും പുറത്തും ചർച്ചയായ പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം ഇത്തവണ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ യുഡിഎഫിന് പക്ഷേ തിരിച്ചടിയാണ് നേരിട്ടത്.കഴിഞ്ഞതവണ 24 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഭരണം മുന്നോട്ടുകൊണ്ടുപോകാൻ പലപ്പോഴും പ്രയാസപ്പെട്ടെങ്കിലും അവിശ്വാസപ്രമേയത്തെ ഉൾപ്പെടെ അവർ മറികടന്നു. വികസനപ്രവർത്തനങ്ങളിലും മുന്നേറി. കഴിഞ്ഞതവണ 13 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ 12 സീറ്റിലേക്കും 9 സീറ്റുകളുണ്ടായിരുന്ന സിപിഎം ഇത്തവണ 6ലേക്ക് ചുരുങ്ങി. പാലക്കാട് നഗരസഭയിൽ ഉണ്ടായ തിരിച്ചടി ഇരുമുന്നണികളും പരിശോധിക്കുമെന്ന് നേതൃത്വങ്ങൾ അറിയിച്ചു.
32 സീറ്റുവരെ പിടിച്ച് ശക്തമായ തിരിച്ചുവരാനുള്ള ആസൂത്രണത്തോടെയായിരുന്നു ബിജെപി ഇത്തവണ ഒരുങ്ങിയത്. ആർഎസ്എസ് നേതൃത്വം മുൻപില്ലാത്തവിധം രംഗത്തിറങ്ങി. ഏകോപനത്തിന് രണ്ടു നേതാക്കളെ പ്രത്യേകം നിയമിച്ചു. സീറ്റ് വിഭജനത്തെചൊല്ലി ബിജെപിക്കുള്ളിലുണ്ടായ മുറുമുറുപ്പും ഗ്രൂപ്പു പ്രശ്നങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു യുഡിഎഫിന്റെ അവസാനംവരെയള്ള കണക്കുകൂട്ടൽ. അതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് 28 സീറ്റ് ലഭിക്കുമെന്നും അവകാശപ്പെട്ടു.
എന്നാൽ പുതിയ വാർഡുകൾ പിടിച്ചെടുത്തും ഭരണത്തിലുള്ളവ ഏറെക്കുറെ നിലനിലനിർത്തുയും ബിജെപി നഗരസഭ നേടി. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് അവസാന മണിക്കൂറിൽ സ്ഥാനാർത്ഥിയായ പാർട്ടി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് കടുത്തമത്സരം നേരിട്ടെങ്കിലും വിജയിച്ചു. സീറ്റ് വിഭജനചർച്ച കോൺഗ്രസിൽ പലരുടെയും സസ്പെൻഷനിലാണ് കലാശിച്ചത്. നഗരസഭയിൽ പാർട്ടിയുടെ ശക്തമായ സാന്നിധ്യമായിരുന്ന കെ.ഭവദാസിന് പുതിയ വ്യവസ്ഥയനുസരിച്ച് സീറ്റ് നൽകാത്തത് അദ്ദേഹം വിമതസ്ഥാനാർത്ഥിയാകാൻ വഴിയൊരുക്കി.ഭവദാസ് വിജയിക്കുകയും പ്രവർത്തകരുടെ മനസ് വായിക്കാതെ സ്ഥാനാർത്ഥിയായ യുഡിഎഫ് ജില്ലാചെയർമാൻ പി.ബാലഗോപാലൻ തോൽക്കുകയും ചെയ്തതിന് പാർട്ടിനേതൃത്വത്തിന് മറുപടി പറയേണ്ടിവരും. ഭവദാസിനെ പാർട്ടിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് പിന്നീട് സസ്പെൻഡ് ചെയ്തു. കോൺഗ്രസ് വിമതസ്ഥാനാർത്ഥിയാണ് യുഡിഎഫ് ചെയർമാനെ തോൽപ്പിച്ചത്.
സിപിഎമ്മിന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേഡർമാരുള്ള പാലക്കാട് ജില്ലയുടെ ആസ്ഥാനത്ത് സിപിഎമ്മിന് സീറ്റ് നഷ്ടമായത് പാർട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയും നേതൃത്വത്തിന്റെ താൽപര്യക്കുറവുമായി പ്രവർത്തകർക്കിടയിൽ വിമർശനമുയർന്നുകഴിഞ്ഞു. 12 മുതൽ 13 വാർഡുകൾവരെ നേടുമെന്നായിരുന്നു സിപിഎം അവകാശപ്പെട്ടതെങ്കിലും അതിനുവേണ്ട പ്രവർത്തനം നടത്താത്തത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. എന്നാൽ പാലക്കട്ടെ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫ് തരംഗമാണ് ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ