- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരസേന വന്നതുകൊണ്ട് മാത്രമല്ല ഈ രക്ഷാദൗത്യം വിജയിച്ചത്; ബാബുവിനെ രക്ഷിക്കാനായത് കൂട്ടായ പരിശ്രമത്തിലൂടെ; ഇന്ത്യൻ ആർമിക്ക് കിട്ടിയ പിന്തുണ വലുതായിരുന്നു'; എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാൻ ആർക്കും സാധിക്കുമെന്ന് ലഫ്. കേണൽ ഹേമന്ത് രാജ്
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിക്കാൻ സാധിച്ചത് കരസേനയുടെ മാത്രം വിജയമല്ല എന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജ്. ടീമിൽ പൊലീസുകാരും നാട്ടുകാരും എൻ.ഡി.ആർ.എഫ് അംഗങ്ങളും ഉണ്ടായിരുന്നുവെന്നും കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാബുവിനെ രക്ഷിക്കാനായതെന്നും ഹേമന്ത് പറഞ്ഞു. ഒരു ന്യൂസ് ചാനലിലെ ചർച്ചയിലായിരുന്നു ഹേമന്ത് രാജിന്റെ പ്രതികരണം.
രക്ഷാപ്രവർത്തനത്തിന് ഏറ്റവും തടസം ഭൂപ്രകൃതിയായിരുന്നു. മലയുടെ മുകളിൽനിന്ന് 410 മീറ്റർ താഴ്ചയിലാണ് ബാബു കുടുങ്ങിയത്. മലകയറ്റം തുടങ്ങിയ സേനാംഗങ്ങൾക്ക് 200 മീറ്റർ പിന്നിടാൻ നാലു മണിക്കൂർ സമയം വേണ്ടി വന്നു. പ്രതിസന്ധിഘട്ടത്തിൽ പിടിച്ചുനിന്ന ബാബുവിന്റെ മാനസിക ധൈര്യം പ്രശംസനീയമാണെന്നും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും ഹേമന്ത് രാജ് പറഞ്ഞു.
ബാബുവിനെ മരണത്തിന്റെ വക്കിൽനിന്ന് കോരിയെടുത്ത സൈനിക സംഘത്തിന്റെ തലവനായ ഹേമന്ത് രാജ് പ്രളയസമയത്തും കേരളത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ് ഹേമന്ദ് രാജ്.
'സേനയെ നേരത്തെ അറിയിച്ചിരുന്നെങ്കിൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായങ്ങളുയരുന്നുണ്ട്. സേനയെ അറിയിച്ചപ്പോൾ കാര്യങ്ങൾ വൈകിപ്പോയി എന്ന് താങ്കൾക്ക് തോന്നിയോ' എന്ന ചോദ്യത്തിനാണ് കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാബുവിനെ രക്ഷിക്കാനായതെന്ന് ഹേമന്ദ് രാജ് പറഞ്ഞത്. കരസേന മാത്രമായിട്ട് നടത്തിയ ഓപ്പറേഷനല്ലെന്നും പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും കിട്ടിയ പിന്തുണ വലുതായിരുന്നു എന്നും പറഞ്ഞു.
'ടീമിൽ എന്റെ കൂടെ എൻ.ഡി.ആർ.എഫിലെ എട്ട് പേരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ നാല് പേരും പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ആറ് പേരും നാട്ടുകാരായ നാല് പേരുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ എന്നെ സ്വീകരിച്ചത് പാലക്കാട് ജില്ലാ കലക്ടറും എസ്‌പിയുമായിരുന്നു. അവിടെയൊരു ഫുൾ സപ്പോർട്ടുണ്ടായിരുന്നു, എല്ലാ രീതിയിലും, എല്ലാ ഭാഗത്തുനിന്നും. ഇത് ഒറ്റയ്ക്ക് ചെയ്തൊരു ഓപ്പറേഷനല്ല. ഞങ്ങൾ ആകെ ഒറ്റക്ക് ചെയ്തത് ആ സ്പെസിഫിക് സ്‌കിൽഡ് ആക്ഷൻസ് മാത്രമായിരിക്കും.
കാരണം ഇത് ഞങ്ങൾക്ക് മാത്രമുള്ളൊരു സ്പെഷ്യാലിറ്റിയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു നോർമൽ ഡെയ്ലി ആക്റ്റിവിറ്റിയാണ്. വേറെ ഒരു ഡിപ്പാർട്ട്മെന്റിനും അത് അവരുടെ ചാർട്ടർ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്ന കാര്യങ്ങളല്ല.
അതുകൊണ്ട് കരസേന വന്നതുകൊണ്ട് മാത്രം ഈ രക്ഷാദൗത്യം വിജയിച്ചു എന്ന് പറയുന്നത് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. കാരണം എനിക്ക് കിട്ടിയ പിന്തുണ, ഇന്ത്യൻ ആർമിക്ക് കിട്ടിയ പിന്തുണ വലുതായിരുന്നു,' ഹേമന്ത് പറഞ്ഞു.
'നിങ്ങൾ വിഷ്വൽസിൽ കണ്ടുകാണും, ഡ്രോൺ ഉപയോഗിച്ചിട്ടാണ് ഞങ്ങളുടെ ക്ലൈംബേഴ്സിനെ ഞങ്ങൾ ലെഫ്റ്റ് റൈറ്റ് മൂവ്മെന്റ് നടത്തിക്കൊണ്ടിരുന്നത്.
ഞങ്ങളുടെ ഡ്രോൺ ബാറ്ററി തീർന്ന ശേഷം പറത്തിയ ഡ്രോണുകളെല്ലാം നാട്ടുകാരുടേതായിരുന്നു. അതുകൊണ്ട് ഇതൊരു ജോയിന്റ് റെസ്‌ക്യൂ ഓപ്പറേഷൻസ് ആയിരുന്നു. ആ സ്പെഷ്യലൈസ്ഡ് സ്‌കിൽസ്സ് ആദ്യമായിട്ട് കാണുന്നതുകൊണ്ടാണ് ഇത് കരസേനയുടെ മാത്രം വിജയമായിട്ട് നിങ്ങൾ പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ആ ഭൂപ്രദേശം ഒരു വലിയ വെല്ലുവിളിയായിരുന്നു. പാറകൾ നിറഞ്ഞ പ്രതലമായിരുന്നു. ഞങ്ങൾ വരുന്നതിന് മുൻപ് അവിടെ എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല, അതിൽ എനിക്ക് കമന്റ് പറയാനും പറ്റില്ല.
അവിടെ നടന്നതിനെ പറ്റി എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാൻ ആർക്കും സാധിക്കും. ആ ഓപ്പറേഷനിൽ പങ്കെടുത്തവർക്കേ അതിനെ പറ്റി പറയാനാവൂ. വെല്ലുവിളികളിൽ പെട്ടെന്ന് തീരുമാനമെടുത്ത് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ചെയ്തു,' അദ്ദേഹം കൂട്ടിച്ചേർത്തു. ബാബുവിനെ രക്ഷിച്ചത് ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 2018 ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനും ഹേമന്ത് മുന്നിലുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ച് 15 മിനിട്ടിനുള്ളിൽ തന്നെ ഊട്ടി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റിലുള്ള സൈനികർ രക്ഷാദൗത്യത്തിനായി ഹേമന്തിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു പുറപ്പെടാൻ തയാറായി. ബെംഗളൂരിലെ പാരാ റജിമെന്റൽ സെന്ററിലുള്ള കമാൻഡോകളും ഇതോടൊപ്പം കേരളത്തിലേക്കു പുറപ്പെട്ടു. ഗതാഗതതടസ്സം ഒഴിവാക്കാൻ വാളയാർ മുതൽ ജില്ലാ ഭരണകൂടം നൽകിയ സഹായങ്ങൾ ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിച്ചതായും ഹേമന്ത് രാജ് പറഞ്ഞു.
മലമ്പുഴയിലെത്തി കലക്ടറുമായും എസ്‌പിയുമായ ചർച്ച നടത്തിയപ്പോൾ അവർ ഡ്രോണുകൾ ഉപയോഗിച്ച് പകൽ ചിത്രീകരിച്ച മലയുടെ ദൃശ്യങ്ങൾ കാണിച്ചു. ഗൂഗൂൾ മാപ്പും എർത്തും ഉപയോഗിച്ച് സ്ഥലത്തെക്കുറിച്ച് പഠിച്ചു. മലയിലേക്കു കയറേണ്ട വഴികൾ അടയാളപ്പെടുത്തി ഓപ്പറേഷൻ പ്ലാൻ തയാറാക്കി. ബാബുവിന്റെ ജീവൻ അപകടത്തിലായതിനാൽ രാത്രി 10.30ന് തന്നെ മലകയറ്റം തുടങ്ങി. പാരാകമാൻഡോകളും ഒപ്പമുണ്ടായിരുന്നു.
രണ്ടു രീതിയിലാണ് ഓപ്പറേഷനെ സമീപിച്ചത്. ഏതു സംഘമാണോ ആദ്യം എത്തുന്നത് അവർക്ക് ഓപ്പറേഷൻ ചെയ്യാം. ഡ്രോൺ ദൃശ്യങ്ങളിൽ കണ്ടതുപോലെയായിരുന്നില്ല നേരിട്ടുള്ള അനുഭവം. കുത്തനെയുള്ള പാറക്കെട്ടായതിനാൽ വളരെ സമയമെടുത്താണ് സംഘത്തിനു മുകളിലേക്കു കയറാനായത്. രാത്രി രണ്ടു തവണ സൈന്യം ബാബു കുടുങ്ങി കിടക്കുന്നതിന്റെ 200 മീറ്ററോളം അടുത്തെത്തി സംസാരിച്ചു.
സൈന്യം എത്തിയിട്ടുണ്ടെന്നും പേടിക്കേണ്ടതില്ലെന്നും ഉച്ചത്തിൽ പറഞ്ഞ് ബാബുവിന് ധൈര്യം പകർന്നു. മലയുടെ മുകളിൽനിന്ന് 410 മീറ്റർ താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്. താഴേക്കിറക്കുന്നതായിരുന്നു എളുപ്പം. പക്ഷെ, മലയുടെ ഘടന അതിനു അനുയോജ്യമായിരുന്നില്ല. അതിനാൽ മുകളിലേക്കു വലിച്ചു കയറ്റാൻ തീരുമാനിച്ചു.
മലകയറ്റത്തിൽ വിദഗ്ധനായ ബാലയെന്ന സൈനികൻ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് റോപ്പിൽ താഴേക്ക് ഇറങ്ങി. ഡ്രോൺ ദൃശ്യങ്ങൾ നിരീക്ഷിച്ച് മലയുടെ മുകളിലുള്ള സംഘം റേഡിയോ സെറ്റിലൂടെ നിർദേശങ്ങൾ നൽകി. ''താഴേക്കു വന്ന സൈനികനെ മാത്രമേ നിങ്ങൾ കണ്ടിട്ടുണ്ടാകൂ. നിരവധി സൈനികരുടെ പിന്തുണയിലും സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് ആ സൈനികൻ ബാബുവിന്റെ അടുത്തെത്തിയത്. ത്രിതല സുരക്ഷ ഒരുക്കിയാണ് സൈനികനെ താഴേക്ക് ഇറക്കിയത്.'' രക്ഷാപ്രവർത്തനത്തിനു പിന്നിലെ നടപടികൾ ഹേമന്ത് രാജ് വിവരിച്ചു. 40 മിനിട്ട് നീണ്ട ദൗത്യത്തിനൊടുവിൽ സൈനികൻ ബാബുവിനെ തന്റെ ശരീരത്തോട് ചേർത്ത് ബന്ധിച്ച് മുകളിലേക്കെത്തിയപ്പോൾ സൈന്യത്തിന് ജയ് വിളികൾ ഉയർന്നു.
ഹൈ ആൾട്ടിറ്റിയൂഡ് വാർഫെയർ പാഠങ്ങൾ
സൈന്യത്തിൽ ഇത്തരം രക്ഷാദൗത്യങ്ങൾ പതിവാണെന്നും ഇത് ജോലിയുടെ ഭാഗം മാത്രമാണെന്നും ഹേമന്ത് രാജ് പറയുന്നു. സൈന്യത്തിൽ എല്ലാവരും മലകയറ്റത്തിൽ പരിശീലനം നേടിയിരിക്കും. സൈനിക ജീവിതത്തിൽ കശ്മീർപോലുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നതിനാൽ ഈ പരിശീലനം നിർബന്ധമാണ്. ഇതുകൂടാതെ മലകയറ്റത്തിൽ പ്രത്യേക പരിശീലനം ലഭിച്ച നിരവധി ആളുകൾ കരസേനയുടെ ഭാഗമാണ്.
ഹൈ ആൾട്ടിറ്റിയൂഡ് വാർഫെയർ സ്‌കൂൾ എന്ന പ്രത്യേക വിഭാഗം തന്നെ പരിശീലനത്തിനായുണ്ട്. മലമ്പുഴയിലെത്തിയ മദ്രാസ് റജിമെന്റിലെ സൈനികരെല്ലാം അവിടെ പരിശീലനം നേടിയവരാണ്. ആധുനിക ഉപകരണങ്ങളുമായാണ് സംഘം എത്തിയത്. എവറസ്റ്റ് കീഴടക്കിയ ആളുകളും സിയാച്ചിൻ ബാറ്റിൽ സ്‌കൂളിലെ ആളും സ്വിറ്റ്‌സർലൻഡിൽ പോയി മലകയറ്റത്തിൽ പരിശീലനം നേടിയ ആളും ഈ സംഘത്തിൽ ഉണ്ടായിരുന്നതായി ഹേമന്ത് രാജ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ